ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്തെ അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങള്‍ ഇനി കൊച്ചിയിലും നിര്‍മിക്കും. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് നിര്‍മാണ സ്ഥാപനമായ എസ്എഫ്ഒ ടെക്നോളജീസും പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്മാര്‍ട്ട് ഐഒപിഎസും (Smart IOPS) തമ്മിലാണ് ഇതിനായി ധാരണയായത്.
സ്മാര്‍ട്ട് ഐഒപിഎസിന്റെ 'ട്രൂ റാന്റം' (TruRandom) സാങ്കേതികവിദ്യ ഉപയോഗിച്ച് എഐ അധിഷ്ഠിത സിസ്റ്റങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളാണ് (SSD) കൊച്ചിയിലെ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുക.
സാധാരണ ഇലക്ട്രോണിക്സ് ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ശൈലിയില്‍ നിന്ന് മാറി സങ്കീര്‍ണമായ എഐ ഹാര്‍ഡ്‌വെയറുകള്‍ നേരിട്ട് നിര്‍മിക്കുന്ന ഘട്ടത്തിലേക്ക് സംസ്ഥാനത്തെ ടെക് മേഖല വളരുന്നതിന്റെ സൂചനയാണിത്. ഉയര്‍ന്ന കൃത്യതയും പ്രത്യേക താപനിയന്ത്രണ സംവിധാനങ്ങളും ആവശ്യമായ ഇത്തരം ഉല്‍പാദനം കൊച്ചിയില്‍ നടക്കുന്നത് വ്യവസായ രംഗത്ത് വലിയൊരു മുന്നേറ്റമാകും.
കേന്ദ്ര സര്‍ക്കാരിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്' ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ പങ്കാളിത്തമെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍. ജഹാംഗീര്‍ പറഞ്ഞു. എഐ ഹാര്‍ഡ്‌വെയര്‍ ഉല്‍പാാദനത്തില്‍ ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകോത്തര നിലവാരമുള്ള എഐ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതിക തികവ് കൊച്ചിക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കൂട്ടുകെട്ടെന്ന് സ്മാര്‍ട്ട് ഐഒപിഎസ് സഹസ്ഥാപകന്‍ രാധാകൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine