Tech

ഫെയ്‌സ്ബുക്കിലെ പെണ്‍പുലി ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് പടിയിറങ്ങുന്നു; പ്രൊഫഷണലുകള്‍ക്ക് പഠിക്കാന്‍ ചില കാര്യങ്ങള്‍

14 വര്‍ഷത്തിനുശേഷത്തെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സ്ഥാനമാണ് ഷെറില്‍ ഉപേക്ഷിക്കുന്നത്.

Rakhi Parvathy

''The opportunity to help another young company to grow into a global leader is the opportunity of a lifetime,' 2008 ല്‍ ഫെയ്‌സ്ബുക്കില്‍ പ്രവേശിക്കുമ്പോള്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞ വാക്കുകളാണിവ. അന്ന് വളര്‍ന്നു വന്നു തുടങ്ങുന്ന ഒരു കൊച്ചു കമ്പനിയായിരു്‌നനു ഫെയ്‌സ്ബുക്ക്. കമ്പനിയിലേക്ക് ടെക് ലോകത്ത് പരിചയസമ്പന്നയായ ഷെറിലിനെ റിക്രൂട്ട് ചെയ്യുമ്പോള്‍ സക്കര്‍ബെര്‍ഗിന്റെ പ്രായം 23, ഷെറിലിന്റെ പ്രായം 38.

ഈ 52-ാം വയസില്‍ ഷെറില്‍ പടിയിറങ്ങുമ്പോള്‍ മെറ്റയായി ഫെയ്‌സ്ബുക്ക് കമ്പനി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ തലപ്പത്തെ സിഇഒ ആയി സക്കര്‍ബെര്‍ഗ് സോഷ്യല്‍മീഡിയ ലോകത്ത് തിളങ്ങുമ്പോള്‍ മികച്ച ഒരു പ്രൊഫഷണലായും സുഹൃത്തായും കൂടെ നിന്ന ഷെറിലിന്റെ സ്വാധീനം വളരെ വലുതാണ്.

ഫെയ്‌സ്ബുക്കിന്റെ ആദ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (COO) ഷെറില്‍ ചുമതലയേറ്റ് 14 വര്‍ഷത്തിനുശേഷം ഷെറില്‍ പടിയിറങ്ങുകയാണ്. ഒരിക്കല്‍ പുസ്തകമായി പുറത്തിറക്കി പിന്നീട് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള ലീന്‍ ഇന്‍ എന്ന ഫൗണ്ടേഷനാക്കി മാറ്റിയ സംരംഭത്തിലേക്കായിരിക്കും ഷെറില്‍ ശ്രദ്ധ പതിപ്പിക്കുക.

ഷെറില്‍ സാന്‍ഡ്‌ബെര്‍ഗിന്റെ പ്രൊഫഷണലുകള്‍ക്കായുള്ള ചില ഉപദേശങ്ങള്‍ ഇങ്ങനെ:

നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ 'നിങ്ങള്‍ നിങ്ങളെ തന്നെ മുഴുവനായും ചുമതലകളിലേക്ക് അര്‍പ്പിക്കുക'

ചെയ്യുന്ന തൊഴില്‍ 'ആധികാരികത പുലര്‍ത്തുക'.

മെന്റല്‍ ഹെല്‍ത്ത് അഥവാ മാനസിക ആരോഗ്യത്തിന് മൂല്യം കല്‍പ്പിക്കുക.

തൊഴിലിടത്തിലെ അസ്വസ്ഥതകള്‍ പരിഹരിക്കാതെ മികച്ച തൊഴിലിടം സാധ്യമല്ല, ടീം വര്‍ക്കിന് എപ്പോഴും പ്രധാന്യം നല്‍കുക.

സ്വന്തം കാര്യങ്ങള്‍ക്കായി എപ്പോഴും സമയം മാറ്റിവയ്ക്കുക.

പ്രതിസന്ധികളില്‍ തളരാതെ അതില്‍ നിന്നും പുതിയ വഴികള്‍ കണ്ടെത്തി മുന്നേറുക.

ഒരു ഹാര്‍വാര്‍ഡ് ബിരുദധാരിയില്‍ നിന്ന് ശക്തയായ ടെക് എക്‌സിക്യൂട്ടീവിലേക്കുള്ള ഷെറിലിന്റെ യാത്ര:

1995: ഹാര്‍വാര്‍ഡില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കി

1999: ബില്‍ ക്ലിന്റന്റെ ട്രഷറി സെക്രട്ടറിയായിരുന്ന ലാറി സമ്മറിന്റെ ചീഫ് സ്റ്റാഫ് ആയി.

2001: ബിസിനസ് യൂണിറ്റ് ജനറല്‍ മാനേജരായി ഗൂഗിളില്‍ ചേര്‍ന്നു. കമ്പനിയുടെ പരസ്യ പ്രോഗ്രാമുകളുടെ ചുമതലക്കാരിയായി. പിന്നീട് ഗ്ലോബല്‍ ഓണ്‍ലൈന്‍ സെയ്ല്‍സ് ആന്‍ഡ് ഓപ്പറേഷന്‍സിന്റെ വൈസ് പ്രസിഡന്റുമായി.

2004: ഗൂഗിളിന് കീഴിലുള്ള google.org യുടെ ഇന്‍-ചാര്‍ജ് ആയി.

2008: ഫെയ്‌സ്ബുക്കിന്റെ ആദ്യ സിഒഒ ആയി.

2013: 'ലീന്‍ ഇന്‍' എന്ന പുസ്തകം രചിച്ചു. അവരുടെ പ്രൊഫഷണല്‍ അനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം പിന്നീട് ബെസ്റ്റ് സെല്ലറുകളിലൊന്നായി മാറി

2015: ഭര്‍ത്താവ് ഡേവ് ഗോള്‍ഡ്‌ബെര്‍ഗിന്റെ അപ്രതീക്ഷിത മരണം

2016: രണ്ട് കാബിനറ്റ് സ്ഥാനങ്ങളില്‍ ഒന്നിലേക്കുള്ള ഹിലാരി ക്ലിന്റന്റെ ഷോര്‍ട്ട്ലിസ്റ്റില്‍ സാന്‍ഡ്ബെര്‍ഗ് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

2017: ഗോള്‍ഡ്ബെര്‍ഗിന്റെ മരണത്തെക്കുറിച്ച് ഓപ്ഷന്‍ ബി: ഫേസിംഗ് അഡ്വേഴ്സിറ്റി, ബില്‍ഡിംഗ് റെസിലിയന്‍സ്, ആന്‍ഡ് ഫൈന്‍ഡിംഗ് ജോയ്(Option B: Facing Adversity, Building Resilience, and Finding Joy.) എന്ന പുസ്തകം പുറത്തിറക്കി.

2018: കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍ ഷെറില്‍ ചര്‍ച്ചയായി. 2015ല്‍ തന്നെ ഫേസ്ബുക്കിന്റെ തെറ്റായ ഡാറ്റ ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അത് പരസ്യമാക്കിയിട്ടില്ലെന്ന് സാന്‍ഡ്‌ബെര്‍ഗ് സമ്മതിച്ചു.

2022: ഈ വര്‍ഷം അവസാനം സിഒഒ സ്ഥാനം ഒഴിയുമെന്ന് സാന്‍ഡ്‌ബെര്‍ഗ് പ്രഖ്യാപിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT