canva
Tech

79 ശതമാനം പേര്‍ക്കും ഈ ഫോണ്‍ തന്നെ വേണം! സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങലില്‍ ട്രെന്‍ഡ് മാറ്റം

ഏറെക്കാലം ഈടുനില്‍ക്കുമെന്നത് കുറച്ചുകാലം മുമ്പ് വരെ പ്രീമിയം ഫീച്ചറായിരുന്നെങ്കില്‍ ഇപ്പോഴിത് എല്ലാ ഫോണിലും വേണ്ട അത്യാവശ്യ ഫീച്ചറായി മാറിയെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്

Dhanam News Desk

ഓരോ കാലത്തും സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പലതരം ട്രെന്‍ഡുകള്‍ വൈറലാകാറുണ്ട്. ബജറ്റ് ഫോണുകള്‍ക്കാണ് ഒരുകാലത്ത് ആവശ്യക്കാര്‍ കൂടുതലുണ്ടായിരുന്നത്. പിന്നീടത് പ്രീമിയം ബജറ്റ് ഫോണുകളിലേക്ക് മാറി. കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന ഫോണുകള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ ഡിമാന്‍ഡ്. രാജ്യത്തെ 79 ശതമാനം പേരും പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ അത് എത്ര കാലം വരെ ഉപയോഗിക്കാനാകുമെന്ന കാര്യം പരിഗണിക്കുമെന്നാണ് പുതിയ സര്‍വേ. ഫോണ്‍ കയ്യില്‍ നിന്ന് വീഴുകയോ ചെറിയ പോറലുണ്ടാവുകയോ ചെയ്താല്‍ പരിഭ്രാന്തരാകുമെന്ന് 95 ശതമാനം പേരും അഭിപ്രായപ്പെടുന്നതായും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ പറയുന്നു.

പുതിയ ഫോണ്‍ വാങ്ങുമ്പോള്‍

കൂടുതല്‍ സുരക്ഷയുള്ള സ്‌ക്രീന്‍, ഉറപ്പുള്ള ഫ്രെയിം, വാട്ടര്‍ റെസിസ്റ്റന്‍സ്, കൂടുതല്‍ ശേഷിയുള്ള ബാറ്ററി തുടങ്ങിയ ഘടകങ്ങളാണ് പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ ഭൂരിഭാരം പേരും പരിഗണിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിത്യജീവിതത്തിന്റെ ഭാഗമായതോടെ തൊഴിലിടങ്ങളിലും അപകടകരമായ സാഹചര്യങ്ങളിലും ഫോണ്‍ കയ്യില്‍ കരുതേണ്ടത് ചിലപ്പോള്‍ അത്യാവശ്യമായി വരും. എന്നാല്‍ ഫോണ്‍ കേടാകുമെന്ന് കരുതി 78 ശതമാനം പേരും വെള്ളം, അമിതമായ ചൂട് തുടങ്ങിയ സാഹചര്യങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയ്യില്‍ കരുതാറില്ല.

അമിതമായി ചൂടാവുക, ബാറ്ററി പ്രശ്‌നങ്ങള്‍ എന്നിവയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍. കേടായ ഫോണുകളുടെ അറ്റകുറ്റപ്പണി പലരെയും ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ്. സര്‍വേയില്‍ പങ്കെടുത്ത 10ല്‍ ഏഴ് പേരും സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയറിംഗിനായി 2,000 രൂപയെങ്കിലും ചെലവിടാറുണ്ട്. 5,000 രൂപയോളം ചെലവിടുന്നതായി സര്‍വേയില്‍ പങ്കെടുത്ത 29 ശതമാനം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കേടാകുമ്പോള്‍ ഫോണിലെ ഡാറ്റ നഷ്ടപ്പെടുമോയെന്ന് 89 ശതമാനം പേര്‍ക്കും ആശങ്കയുണ്ടെന്നും സര്‍വേ തുടരുന്നു.

നല്ലത് വേണം

ഇന്ത്യയിലെ ടിയര്‍ 1, 2 നഗരങ്ങളിലെ 4,564 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന ഫോണുകളുടെ (ഡ്യൂറബിള്‍) പ്രാധാന്യം മനസിലാക്കാന്‍ ഓപ്പോ ഇന്ത്യയുമായി സഹകരിച്ചാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് സര്‍വേ നടത്തിയത്. ഏറെക്കാലം ഈടുനില്‍ക്കുമെന്നത് കുറച്ചുകാലം മുമ്പ് വരെ പ്രീമിയം ഫീച്ചറായിരുന്നെങ്കില്‍ ഇപ്പോഴിത് എല്ലാ ഫോണിലും വേണ്ട അത്യാവശ്യ ഫീച്ചറായി മാറിയെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. സോഫ്റ്റ്‌വെയര്‍ രംഗത്തുണ്ടായ മാറ്റം ഹാര്‍ഡ്‌വെയറിലേക്കും വരേണ്ടതും അത്യാവശ്യമാണ്. മെച്ചപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ അനുഭവത്തിനായി കൂടുതല്‍ പണം മുടക്കാന്‍ ഉപയോക്താക്കള്‍ തയ്യാറാണെന്നും സര്‍വേ അടിവരയിടുന്നു.

A new report highlights growing consumer anxiety over smartphone damage, making durability and rugged design a top priority in mobile purchases.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT