Canva
Tech

അഞ്ച് മാസം, ഇന്ത്യയില്‍ നിന്ന് കടല്‍ കടന്നത് ഒരുലക്ഷം കോടി രൂപയുടെ സ്മാര്‍ട്ട്ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ മേഖലയില്‍ 50,000 കോടി രൂപയുടെ നിക്ഷേപ ഓഫറുണ്ടെന്ന് മന്ത്രി

Dhanam News Desk

യു.എസ് താരിഫ് ഭീഷണിക്കിടയിലും ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നതായി കണക്ക്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ അഞ്ച് മാസത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഒരുലക്ഷം കോടി രൂപ കടന്നു. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവില്‍ 64,500 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. ഇക്കുറി 55 ശതമാനം വര്‍ധന.

ആകെ കയറ്റുമതിയുടെ 75 ശതമാനവും ആപ്പിള്‍ ഐഫോണുകളുടെ രണ്ട് നിര്‍മാതാക്കളുടെ വകയാണെന്നതും ശ്രദ്ധേയമാണ്. ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് എന്നീ കമ്പനികള്‍ 75,000 കോടി രൂപയുടെ ഫോണുകളാണ് കയറ്റുമതി നടത്തിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കാലയളവിലെ ആദ്യ അഞ്ച് മാസത്തിലെ കയറ്റുമതി 25,600 കോടി രൂപയായിരുന്നു. അന്ന് 12 മാസത്തിനുള്ളില്‍ 90,000 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് കടല്‍ കടന്നത്.

കേന്ദ്രസര്‍ക്കാര്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് നടപ്പിലാക്കിയതാണ് മേഖലയില്‍ വലിയ മാറ്റത്തിന് കാരണമായത്. ഇതോടെ ഓരോ വര്‍ഷത്തെയും കയറ്റുമതി പടിപടിയായി വര്‍ധിച്ചതായും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക ഉത്പാദനം, നിക്ഷേപങ്ങള്‍, കയറ്റുമതി എന്നിവ വര്‍ധിപ്പിക്കാനായി കമ്പനികള്‍ക്ക് ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്.

50,000 കോടിയുടെ നിക്ഷേപം

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ സ്മാര്‍ട്ട്‌ഫോണ്‍ ഘടക (Component) നിര്‍മാണവും രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ 50,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറായി വിവിധ കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും പറയുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 2.6 മുതല്‍ 3 ലക്ഷം കോടി രൂപ വരെ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

India’s smartphone exports hit a record ₹1 trillion in just 5 months, driven by the government’s PLI scheme and global demand. Apple and other manufacturers play a key role in the surge.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT