വരാനിരിക്കുന്ന ഉത്സവ സീസണില്‍ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ വലിയ വര്‍ധനയുണ്ടാകില്ലെന്ന് സൂചന. 2025ല്‍ നടക്കുമെന്ന് പ്രതീക്ഷിച്ച വില്‍പ്പന ലക്ഷ്യവും കൈവരിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിപണിയില്‍ സ്വാഭാവിക ഡിമാന്‍ഡിന്റെ അഭാവമുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, മുന്‍കൂട്ടി ഓഫറുകള്‍ പ്രഖ്യാപിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍.
ഇക്കൊല്ലം 15.1 കോടി സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന നടക്കുമെന്നായിരുന്നു ഈ രംഗത്തെ ഗവേഷണ സ്ഥാപനമായ ഐ.ഡി.സിയുടെ കണക്ക്. എന്നാല്‍ ജൂണ്‍ പാദത്തിലെ ഷിപ്പ്‌മെന്റുകള്‍ മികച്ച രീതിയിലായിരുന്നെങ്കിലും വാര്‍ഷിക വില്‍പ്പന ലക്ഷ്യം ഐ.ഡി.സി വെട്ടിക്കുറച്ചു. പുതിയ കണക്കുകൂട്ടല്‍ അനുസരിച്ച് 14.6-14.9 കോടി സ്മാര്‍ട്ട്‌ഫോണുകളേ ഇക്കൊല്ലം വിപണിയിലെത്തൂ. മറ്റൊരു ഗവേഷക സ്ഥാപനമായ കനാലിസിസ് മുന്‍വര്‍ഷത്തേക്കാള്‍ 1-2 ശതമാനം വരെ ഇക്കൊല്ലം വില്‍പ്പന വര്‍ധിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1 ശതമാനം കുറവായിരിക്കും ഇക്കുറി വില്‍പ്പനയെന്നാണ് കനാലിസിന്റെ നിലവിലെ കണക്കുകൂട്ടല്‍.
2025ന്റെ ആദ്യപാദത്തില്‍ ഷോറൂമുകളിലെ സ്‌റ്റോക്ക് കൂടുതലായിരുന്നു. ഇതിനൊപ്പം ഡിമാന്‍ഡും കുറഞ്ഞതോടെ പ്രതീക്ഷത്തിനൊത്ത് വില്‍പ്പന നടന്നില്ല. രണ്ടാം പാദത്തില്‍ പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്തതോടെ ചെറിയ മാറ്റമുണ്ടായെങ്കിലും ഡിമാന്‍ഡില്‍ സ്വാഭാവിക വര്‍ധന സാധ്യമായില്ല. ഇതോടെ ഉത്സവ സീസണിന് വേണ്ടി അധിക സ്‌റ്റോക്ക് സൂക്ഷിക്കാന്‍ ഡീലര്‍മാര്‍ തയ്യാറാകുന്നുമില്ല.
മികച്ച ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ഉത്സവ കാലം മികച്ച വില്‍പ്പന നടക്കുന്ന സമയം കൂടിയാണ്. എന്നാല്‍ ഇക്കുറി മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞ വില്‍പ്പനയേ നടക്കൂ എന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 22 മുതല്‍ നടപ്പിലാക്കുന്ന ജിഎസ്.ടി നിരക്കിളവ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയെ നേരിട്ട് ബാധിക്കുന്ന വിഷയമല്ല. നേരത്തെയുണ്ടായിരുന്ന 18 ശതമാനം ജി.എസ്.ടി നിരക്ക് നിലനിറുത്തിയതോടെയാണിത്. എന്നാല്‍ ഷോറൂമുകളിലേക്കുള്ള ഉപയോക്താക്കളുടെ വരവ് വര്‍ധിപ്പിക്കാന്‍ ജി.എസ്.ടി പരിഷ്‌ക്കാരത്തിന് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന മെച്ചപ്പെടില്ല. 2020ല്‍ 15 കോടിയും 2021ല്‍ 16.1 കോടിയും 2022ല്‍ 14.4 കോടിയും 2023ല്‍ 146 കോടിയും 2024ല്‍ 151 കോടി യൂണിറ്റുകളാണ് രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന.
കൂടുതല്‍ ലാഭം കിട്ടുന്ന ഷവോമി, റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകളുടെ വില്‍പ്പന കൂട്ടാനും ഓണ്‍ലൈനില്‍ മാത്രം കിട്ടുന്ന മോഡലുകള്‍ ഷോറൂമിലെത്തിക്കാനുമുള്ള ശ്രമങ്ങളും ഡീലര്‍മാര്‍ തുടങ്ങിയിട്ടുണ്ട്. കമ്പനികള്‍ക്ക് പുറമെ ഡീലര്‍മാരും പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. സാംസംഗിന്റെയും ആപ്പിളിന്റെയും പുതിയ മോഡലുകളുടെ പിന്‍ബലത്തില്‍ പ്രീമിയം സെഗ്‌മെന്റില്‍ കാര്യമായ വില്‍പ്പന നടക്കുന്നുണ്ട്. എന്നാല്‍ ബജറ്റ്, പ്രീമിയം ബജറ്റ് സെഗ്‌മെന്റിലാണ് വില്‍പ്പന കാര്യമായി നടക്കാത്തത്. പുതിയ മോഡലുകളുടെ ലോഞ്ചിനേക്കാള്‍ വിലക്കുറവിലാകും ഉപയോക്താക്കളുടെ ശ്രദ്ധയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Despite high expectations, smartphone sales may stay muted this festival season. Industry experts cite market saturation, cautious spending, and supply chain challenges.
Read DhanamOnline in English
Subscribe to Dhanam Magazine