Tech

നിങ്ങള്‍ എത്ര സമയം സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിക്കുന്നുണ്ട്?

Dhanam News Desk

ശരാശരി ഇന്ത്യക്കാര്‍ തങ്ങളുടെ ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ മൂന്നിലൊന്ന് ഫോണില്‍ ചെലവഴിക്കുന്നു. ഇതനുസരിച്ച് വര്‍ഷത്തില്‍ ശരാരശരി ഇന്ത്യക്കാരന്‍ ഫോണില്‍ ചെലവഴിക്കുന്ന സമയം 1800 മണിക്കൂറുകളാണ്. സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ, സൈബര്‍മീഡിയ റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. ഉപയോക്താക്കളുടെ ജീവിതത്തിലും ബന്ധങ്ങളിലും സ്മാര്‍ട്ട്‌ഫോണിന്റെ സ്വാധീനം വളരെ വലുതാണെന്ന് സര്‍വേ പറയുന്നു.

സ്മാര്‍ട്ട്‌ഫോണും അവ മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന സ്വാധീനവും എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ 18-45 വയസിന് ഇടയിലുള്ള 2000 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ 64 ശതമാനം പേര്‍ പുരുഷന്മാരും 36 ശതമാനം പേര്‍ സ്ത്രീകളുമായിരുന്നു.

സര്‍വേയിലെ കണക്കനുസരിച്ച് ഒരാള്‍ ഫോണില്‍ ഒരുദിവസം അഞ്ച് മണിക്കൂറുകള്‍ ചെലവഴിക്കുന്നുണ്ട്. ഇത് ആരോഗ്യത്തെയും മാനസികനിലയെയും ബന്ധങ്ങളെയും ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഫോണ്‍ പരിശോധിക്കാതെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ അഞ്ച് മിനിറ്റ് പോലും സംസാരിക്കാന്‍ കഴിയില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ ഒരാള്‍ സമ്മതിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അത് തങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന് 73 ശതമാനം പേരും സമ്മതിച്ചു. അതുപോലെ തന്നെ മൊബീല്‍ ഫോണില്‍ നിന്ന് വേറിട്ടൊരു ജീവിതം ഉണ്ടാകേണ്ടത് പ്രധാനമാണെന്നും അത് തങ്ങളുടെ ജീവിതം സന്തോഷപ്രദമാക്കാന്‍ സഹായിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്ന് പേര്‍ അഭിപ്രായപ്പെട്ടു.

ഇതിലെ 75 ശതമാനം പേരും കൗമാരകാലം മുതലേ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. 41 ശതമാനം പേരാകട്ടെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കും മുമ്പേ ഫോണ്‍ ഉപയോഗിച്ചുതുടങ്ങുന്നവരാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT