Tech

സ്മാര്‍ട്ട്‌ഫോണുകള്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആകുമോ... ബ്രാന്‍ഡുകളുടെ ശ്രദ്ധ പാശ്ചാത്യ വിപണി

ബജറ്റ് ഫോണുകളുടെ ലഭ്യതയെ ആണ് ചിപ്പ് ക്ഷാമം കൂടുതല്‍ ബാധിക്കുന്നത്.

Dhanam News Desk

ആഗോള തലത്തില്‍ ഉണ്ടായ ചിപ്പ് ക്ഷാമം ഒരുവിധത്തില്‍ അതിജീവിച്ചാണ് ദീപാവലി സീസണില്‍ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിച്ചു നിന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഉത്സവ സീസണിന് ശേഷം പ്രമുഖ ബ്രാന്‍ഡുകളൊന്നും പുതിയ മോഡലുകള്‍ അവതരിപ്പിച്ചിട്ടില്ല. കൂടാതെ പല ഫോണുകളും ലഭ്യമല്ലതാനും.

ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ഷവോമി, സാംസങ്, റിയല്‍മി, ആപ്പിള്‍ തുടങ്ങിയ പ്രധാന ബ്രാന്‍ഡുകളുടെയെല്ലാം ഡിമാന്റും വിതരണവും തമ്മിലുള്ള വിടവ് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉത്സവ സീസണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ശ്രദ്ധ ഇപ്പോള്‍ പാശ്ചാത്യ വിപണിയാണ്. ക്രിസ്മസ് ന്യൂയര്‍ പാശ്ചാത്യ വിപണി മുന്നില്‍ കണ്ട് സ്‌റ്റോക്കുകള്‍ വഴിതിരിച്ചുവിടുകയാണ് ഫോണ്‍ നിര്‍മാതാക്കള്‍.

റിസര്‍ച്ച് സ്ഥാപനമായ ഐഡിസി ഇന്ത്യയുടെ കണക്ക് അനുസരിച്ച് രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റില്‍ 12 ശതമാനത്തിന്റെ ഇടിവാണ് ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ ഉണ്ടായത്. 33 ശതമാനം ഇടിവാണ് സാംസങിന്റെ ഷിപ്പ്‌മെന്റില്‍ രേഖപ്പെടുത്തിയത്. ഷവോമിയുടെ ഷിപ്പ്‌മെന്റ് 17 ശതമാനം കുറഞ്ഞു. ഷിപ്പ്‌മെന്റില്‍ ഇക്കാലയളവില്‍ ഓപ്പോയ്ക്ക് 16 ശതമാനവും വിവോയ്ക്ക് 13 ശതമാനവും റിയല്‍മിക്ക് 5 ശതമാനവും കുറവുണ്ടായി.

കമ്പനികള്‍ ഓണ്‍ലൈന്‍ വിപണിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ റീട്ടെയില്‍ ഷോപ്പുകളെയാണ് വിതരണത്തിലുള്ള കുറവ് കൂടുതല്‍ ബാധിക്കുക. അതുകൊണ്ട് തന്നെ പരസ്യങ്ങളില്‍ കാണുന്ന പല മോഡലുകളും കടകളില്‍ എത്തുന്നില്ല. കേരളത്തിലെ റീട്ടെയില്‍ ഷോപ്പുകളില്‍ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഒഴികെയുള്ള മോഡലുകളുടെ വിതരണത്തില്‍ കാര്യമായ തടസങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. 10000 രൂപയ്ക്ക് താഴെയുള്ള സാംസങിന്റെ ഒരു മോഡല്‍ മാത്രമാണ് ലഭിക്കുന്നതെന്ന് ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ് മൊബൈല്‍ ഡിവിഷന്‍ ഹെഡ് അറിയിച്ചു. എന്നാല്‍ കുറഞ്ഞ മോഡലുകളൊക്കെ ഓണ്‍ലൈനില്‍ ലഭ്യമാണ് താനും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT