canva
Tech

ആമസോണ്‍ ക്ലൗഡില്‍ അജ്ഞാത തകരാര്‍! ഇന്റര്‍നെറ്റില്‍ വീണ്ടും ആഗോള ഹര്‍ത്താല്‍, ബാങ്കുകളുടേത് അടക്കം ജനപ്രിയ ആപ്പുകള്‍ പണിമുടക്കി

ആമസോണിന്റെ നോര്‍ത്ത് വിര്‍ജീനിയയിലെ ഒരു ഡാറ്റ സെന്ററിലുണ്ടായ തകരാറാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. എന്നാല്‍ ലോകത്തിന്റെ എല്ലായിടത്തും ഇന്റര്‍നെറ്റ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Dhanam News Desk

സ്‌നാപ്ചാറ്റും, പെര്‍പ്ലെക്‌സിറ്റിയും, കാന്‍വയും അടങ്ങുന്ന ജനപ്രിയ ആപ്പുകള്‍ പണിമുടക്കിയതിന്റെ ഞെട്ടലിലാണ് ലോകം. ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസിലെ(എ.ഡബ്ല്യൂ.എസ്) തകരാറാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിലെ വലിയൊരു ശതമാനം ആപ്പുകളുടെയും ബാക്ക് എന്‍ഡ് കൈകാര്യം ചെയ്യുന്നത് ആമസോണ്‍ വെഹ് സര്‍വീസാണ്. അമേരിക്കയില്‍ മാത്രം ഇതിനോടകം ആറായിരത്തോളം സംഭവങ്ങള്‍ ഉണ്ടായെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍നെറ്റിലെ തടസങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റാണ് ഡൗണ്‍ ഡിറ്റക്ടര്‍.

എന്താണ് എ.ഡബ്ല്യൂ.എസ്

ലക്ഷക്കണക്കിന് കമ്പനികളുടെ വെബ്‌സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ഹോസ്റ്റ് ചെയ്യുന്ന ആമസോണിന്റെ ക്ലൗഡ് വിഭാഗമാണിത്. 2006ലാണ് തുടക്കം. നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളിലുള്ള പല ആപ്പുകളും എ.ഡബ്ല്യൂ.എസിന്റെ ഡാറ്റ സെന്ററുകളിലാണ് റണ്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 108 ബില്യന്‍ ഡോളറാണ് എ.ഡബ്ല്യൂ.എസിലൂടെ ആമസോണ്‍ നേടിയത്. ആമസോണിന്റെ നോര്‍ത്ത് വിര്‍ജീനിയയിലെ ഒരു ഡാറ്റ സെന്ററിലുണ്ടായ തകരാറാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. എന്നാല്‍ ലോകത്തിന്റെ എല്ലായിടത്തും ഇന്റര്‍നെറ്റ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആമസോണ്‍ തയ്യാറായിട്ടില്ല. തകരാര്‍ കണ്ടെത്താനും പരിഹരിക്കാന്‍ ആമസോണിലെ എഞ്ചിനീയര്‍മാര്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏകദേശം 14,000 ഉപയോക്താക്കളെങ്കിലും പരാതി അറിയിച്ചിട്ടുണ്ടെന്ന് ആമസോണ്‍ വെബ്‌സൈറ്റ് പറയുന്നു. മൊബൈല്‍ ആപ്പുകളെയാണ് കൂടുതലായും തകരാര്‍ ബാധിച്ചത്. ആപ്പുകളിലേക്ക് ലോഗ് ഇന്‍ ചെയ്യാന്‍ പോലും കഴിയില്ലെന്ന് പരാതിപ്പെടുന്നവരുമുണ്ട്. പല വെബ്‌സൈറ്റുകളുടെയും ഹോം പേജുകളും ഷോപ്പിംഗ് കാര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇംഗ്ലണ്ടില്‍ പല ബാങ്കുകളുടെയും ആപ്ലിക്കേഷനുകളിലും തടസം ബാധിച്ചതായി ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

തടസം നേരിടുന്ന പ്രധാന ആപ്പുകള്‍

ആമസോണ്‍.കോം, പ്രൈം വീഡിയോ, അലെക്‌സ, റോബിന്‍ഹുഡ്, സ്‌നാപ്പ്ചാറ്റ്, പെര്‍പ്ലെക്‌സിറ്റി എ.ഐ, വെന്‍മോ, കാന്‍വാസ് ബൈ ഇന്‍സ്ട്രക്ചര്‍, ക്രഞ്ചിറോള്‍, റോബ്ലോക്‌സ്, റെയിന്‍ബോ സിക്‌സ് സീജ്, കോയിന്‍ബേസ്, കാന്‍വ, ഡ്യൂവോലിംഗോ, ഗുഡ്‌റീഡ്‌സ്, റിംഗ്, ദി ന്യൂയോര്‍ക്ക് ടൈംസ്, ആപ്പിള്‍ ടി.വി, വെരിസോണ്‍, മക്‌ഡൊണാള്‍ഡ്‌സ് ആപ്പ്, വേര്‍ഡില്‍, പബ്ജി, സ്‌നാപ്ചാറ്റ്, ആമസോണ്‍, ആമസോണ്‍ മ്യൂസിക്ക്, ആമസോണ്‍ പ്രൈം തുടങ്ങിയ ജനപ്രിയ ആപ്പുകളാണ് പണിമുടക്കിയിരിക്കുന്നത്.

A massive Amazon Web Services outage took down major apps like Snapchat, Roblox, and several banking platforms, disrupting services for millions of users.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT