Sridhar Vembu of Zoho 
Tech

നമ്മൾ പഠിക്കുന്നത് വരെ പിരിച്ചുവിടലുകൾ തുടരും: എ.ഐ തൊഴിൽ നഷ്ടങ്ങളെക്കുറിച്ച് ശ്രീധർ വെമ്പു

എഐ ഇൻഫ്രാസ്ട്രക്ചർ, അഡ്വാൻസ്ഡ് മെമ്മറി ചിപ്പുകൾ, സെർവറുകൾ തുടങ്ങിയവയില്‍ നിക്ഷേപം നടത്തുന്നത് മൂലം കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്

Dhanam News Desk

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മൂലം ടെക് മേഖലയില്‍ വലിയ തോതിലുളള പിരിച്ചുവിടലുകളാണ് നടക്കുന്നത്. ഇതിനെക്കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സോഹോ (Zoho) മേധാവി ശ്രീധർ വെമ്പു. "എഐ ഉപയോഗിക്കാൻ പഠിക്കുന്നത് വരെ പിരിച്ചുവിടലുകൾ തുടരും" എന്ന ഗൗരവകരമായ നിരീക്ഷണമാണ് അദ്ദേഹം പങ്കുവെക്കുന്നത്.

തൊഴില്‍ നഷ്ടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങൾ

നിര്‍മ്മിത ബുദ്ധി മൂലം ഉൽപ്പാദനക്ഷമത കൂടുമെന്ന ന്യായീകരണമാണ് പിരിച്ചുവിടലുകൾക്ക് അടിസ്ഥാനം. എന്നാല്‍ ഈ നിലപാടിനെ വെമ്പു ചോദ്യം ചെയ്യുന്നു. എഐയുടെ കടന്ന് വരവോടെ കമ്പനികളുടെ പ്രവർത്തന ചെലവ് വളരെയധികം ഉയർന്നിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. എഐ ഇൻഫ്രാസ്ട്രക്ചർ, അഡ്വാൻസ്ഡ് മെമ്മറി ചിപ്പുകൾ, സെർവറുകൾ തുടങ്ങിയവയില്‍ നിക്ഷേപം നടത്തുന്നത് മൂലം കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.

എഐ സിസ്റ്റങ്ങൾക്കും ജിപിയു (GPU) കൾക്കുമായി ഭാരിച്ച തുക ചെലവഴിക്കേണ്ടി വരുമ്പോൾ, കമ്പനികൾക്ക് എളുപ്പത്തില്‍ ഇടപെടാന്‍ സാധിക്കുന്ന ഒരേയൊരു മേഖല തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്നതാണെന്ന് വെമ്പു നിരീക്ഷിക്കുന്നു.

പ്രതിസന്ധികള്‍

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഡെവലപ്പർമാർക്ക് കൂടുതൽ കോഡുകൾ നിർമ്മിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും അത് മികച്ച ബിസിനസ് വിജയങ്ങളായി എന്ന് പറയാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് വെമ്പു ചൂണ്ടിക്കാട്ടുന്നു. മുമ്പ് എൻജിനീയർമാരുടെ കുറവ് വലിയ വെല്ലുവിളി ആയിരുന്നു. എന്നാല്‍ ഇന്ന് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ജോലികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ട്.

അതേസമയം ശരിയായ മുൻഗണനകൾ ഉറപ്പാക്കുന്നതിനും സാങ്കേതിക ഔട്ട്‌പുട്ടിനെ വരുമാനമാക്കി പരിവര്‍ത്തനം ചെയ്യുന്നതിനും കമ്പനികൾ വലിയ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുന്നുണ്ട്. മോശം ആശയങ്ങളെ പെട്ടെന്ന് തിരിച്ചറിഞ്ഞ് പല പ്രോജക്റ്റുകളിലും വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ എഐ ഉപകാരപ്രദമാണെന്നും അദ്ദേഹം പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യര്‍ ചെയ്തിരുന്ന ജോലികള്‍ ഏറ്റെടുക്കുന്നത് മാത്രമല്ല ഇപ്പോഴത്തെ തൊഴിൽ നഷ്ടങ്ങൾക്കുളള പ്രധാന കാരണം. എഐ ഇൻഫ്രാസ്ട്രക്ചറിനായുള്ള ഭാരിച്ച ചെലവുകളും പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ കമ്പനികളില്‍ നടക്കുന്ന പുനഃസംഘടനയും നിക്ഷേപകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സമ്മർദ്ദവുമാണ് നിലവിലെ തൊഴിൽ നഷ്ടങ്ങൾക്കുളള കാരണങ്ങളെന്നും വെമ്പു നിരീക്ഷിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT