Tech

അംബാനിയെ ലക്ഷ്യമിട്ട് മസ്‌ക്! സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ വൈകുന്നത് എന്തുകൊണ്ട്? ആന്‍ഡമാന്‍ ഗൗരവത്തിലെടുത്ത് സുരക്ഷാ ഏജന്‍സികള്‍

സ്പെക്ട്രം ലേലത്തിലൂടെ അനുവദിക്കണമെന്നാണ് ജിയോയുടെ നിലപാട്. എന്നാല്‍ ലേലം ഒഴിവാക്കി ഭരണപരമായ നടപടിയിലൂടെ അനുവദിക്കണമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ ആവശ്യം

Dhanam News Desk

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപണിയിലേക്കുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവേശനത്തെ ചൊല്ലി ഇലോണ്‍ മസ്‌കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്ന രീതിയിലെ അഭിപ്രായവ്യത്യാസങ്ങളാണ് സ്റ്റാര്‍ലിങ്കും റിലയന്‍സ് ജിയോയും തമ്മിലുള്ള തര്‍ക്കത്തിന്റെ പ്രധാന കേന്ദ്രം.

സ്പെക്ട്രം ലേലത്തിലൂടെ അനുവദിക്കണമെന്നാണ് ജിയോയുടെ നിലപാട്. എന്നാല്‍ ലേലം ഒഴിവാക്കി ഭരണപരമായ നടപടിയിലൂടെ അനുവദിക്കണമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ ആവശ്യം. വിപണിയിലെ മത്സരവും കമ്പനികള്‍ക്ക് തുല്യ അവസരം ഉറപ്പാക്കുന്നതും സംബന്ധിച്ച ചര്‍ച്ചകളിലേക്ക് ഈ ഭിന്നത വഴിവെച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ സേവനം തുടങ്ങാനുള്ള സ്റ്റാര്‍ലിങ്കിന്റെ നീക്കങ്ങള്‍ക്കിടെയാണ് മസ്‌കിന്റെ പരസ്യ വിമര്‍ശനങ്ങള്‍ തര്‍ക്കത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. 'ഇന്ത്യയുടെ യഥാര്‍ഥ ബോസ് അംബാനിയാണോ?' എന്നാണ് മസ്‌ക് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. ഇത് ആദ്യമായാണ് അംബാനിയെ വിമര്‍ശിച്ച് മസ്‌ക് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മസ്‌കിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ഇതോടെ വിഷയം രാഷ്ട്രീയമായി മാറി.

ചില ശക്തരായ വ്യവസായികള്‍ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം തടയാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് അംബാനിയെ നേരിട്ട് പരാമര്‍ശിച്ചത്.

അനുമതി എവിടെ തടഞ്ഞു?

സ്റ്റാര്‍ലിങ്ക്, യൂട്ടെല്‍സാറ്റ് വണ്‍വെബ്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്നീ മൂന്ന് കമ്പനികളും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് അനുമതിക്കായി രംഗത്തുണ്ട്. വാണിജ്യ സേവനം ആരംഭിക്കുന്നതിന് മുമ്പ് ഇവയ്ക്ക് സുരക്ഷാ അനുമതിയും സ്പെക്ട്രം അനുവദിക്കലും പൂര്‍ത്തിയാകേണ്ടതുണ്ട്. സ്റ്റാര്‍ലിങ്കിന് 165ലധികം രാജ്യങ്ങളില്‍ അനുമതിയുണ്ടെന്നും അഞ്ച് വര്‍ഷമായി ഇന്ത്യന്‍ സര്‍ക്കാരിന്റെ എല്ലാ നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്നുമാണ് മസ്‌കിന്റെ വാദം. എന്നിട്ടും അനുമതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു മസ്‌കിന്റെ ചോദ്യം.

2021 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ലിങ്ക് പ്രധാന ലൈസന്‍സുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ അന്തിമ സുരക്ഷാ അനുമതിയും സ്പെക്ട്രവും ലഭിക്കാത്തതിനാല്‍ സേവനം ആരംഭിക്കാനായിട്ടില്ല. ചൈന, ഇറാന്‍, റഷ്യ അടക്കം പല രാജ്യങ്ങളും സ്റ്റാര്‍ലിങ്കിനോട് മുഖംതിരിച്ച് നില്‍ക്കുകയാണ്. സുരക്ഷ ഭീഷണികളാണ് കാരണം. ഇതുതന്നെയാണ് ഇന്ത്യയിലും അനുമതി വൈകുന്നതിലേക്ക് നയിക്കുന്നത്.

മത്സരത്തിന് വമ്പന്മാര്‍

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപണിയില്‍ സ്റ്റാര്‍ലിങ്കിനൊപ്പം റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും സേവനം തുടങ്ങാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ ഈ കമ്പനികള്‍ സ്റ്റാര്‍ലിങ്കിന്റെ വിതരണ പങ്കാളികള്‍ കൂടിയാണെന്നതാണ് മത്സരത്തിലെ കൗതുകം. 2025 മാര്‍ച്ചില്‍ ജിയോയും എയര്‍ടെലും സ്പേസ്എക്സുമായി കരാറുകള്‍ ഒപ്പിട്ടിരുന്നു.

സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ ഉപകരണങ്ങളും സേവനങ്ങളും വിതരണം ചെയ്യാനാണ് ധാരണ. നെറ്റ്വര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ പങ്കിടാനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് കമ്പനികള്‍ അറിയിച്ചിരുന്നു.

ഇതിനിടെ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ സ്വന്തം സാറ്റലൈറ്റ് ആശയവിനിമയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നാണ് സൂചന.

സുരക്ഷയും പ്രധാന വിഷയം

2024ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഹരിക്കടത്ത് അന്വേഷണത്തിനിടെയും മണിപ്പൂരിലെ സൈനിക നടപടിക്കിടെയും സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചിരുന്നു. മറ്റ് പല പ്രക്ഷോഭങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും സ്റ്റാര്‍ലിങ്കിന്റെ സാന്നിധ്യം ഉണ്ടെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും അനുമതി വൈകുന്നതിന് ഇടയാക്കിയിട്ടുണ്ട്.

സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയില്‍ സജീവമായിരുന്നില്ലെന്നും ആന്‍ഡമാനില്‍ കണ്ടെത്തിയ ഉപകരണങ്ങള്‍ക്ക് കമ്പനിയുടെ സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും മസ്‌ക് അന്ന് പ്രതികരിച്ചിരുന്നു.

വില താങ്ങാനാകുമോ?

ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്കുകളോ ബ്രോഡ്ബാന്‍ഡ് കേബിളുകളോ സ്ഥാപിക്കാന്‍ പ്രയാസമുള്ള വിദൂര മേഖലകളില്‍ ഈ സംവിധാനം പ്രയോജനപ്പെടാം.

കണക്ഷന്‍ ലഭ്യമല്ലാത്തവര്‍ക്കും നിലവിലെ നിരക്കുകള്‍ താങ്ങാനാകാത്തവര്‍ക്കും വേഗമേറിയതും ചെലവുകുറഞ്ഞതുമായ ഇന്റര്‍നെറ്റ് നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയുമെന്നാണ് മസ്‌കിന്റെ വാദം. എന്നാല്‍ ഇന്ത്യയിലെ നിരക്കുകള്‍ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

യുഎസില്‍ വീടുകള്‍ക്കുള്ള സ്റ്റാര്‍ലിങ്ക് പ്ലാനുകള്‍ പ്രതിമാസം 55 ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. ഇതേ നിരക്കാണ് ഇന്ത്യയില്‍ ഈടാക്കുന്നതെങ്കില്‍ 5,000 രൂപയ്ക്ക് മുകളില്‍ വരുമിത്. ഈ സേവനം പല ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും താങ്ങാനാകുമോയെന്ന ചോദ്യം നിലനില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT