ഇലോണ്‍ മസ്‌കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാര്‍ലിങ്ക് (Starlink) ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി മുംബൈയില്‍ സുപ്രധാനമായ സാങ്കേതിക-സുരക്ഷാ പരീക്ഷണങ്ങള്‍ ആരംഭിച്ചു. രാജ്യത്തെ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങളാണ് പരിശോധിക്കുന്നത്. ഒക്ടോബര്‍ 30,31 തീയതികളില്‍ നടക്കുന്ന ഡെമോക്ക് ശേഷം അന്തിമ അനുമതികളിലേക്ക് കടക്കുമെന്നാണ് വിവരം.
പ്രധാനമായും ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (GMPCS) ലൈസന്‍സിന്റെ ഭാഗമായുള്ള വ്യവസ്ഥകള്‍ സ്റ്റാര്‍ലിങ്ക് പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. നിയമപാലകരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും മുന്നിലായിരിക്കും പരീക്ഷണങ്ങള്‍ നടക്കുക. ഇന്ത്യയില്‍ ഇത്തരം കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ ഈ പരീക്ഷണങ്ങള്‍ നിര്‍ബന്ധമാണ്. ഇതോടെ ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാന്‍ സ്റ്റാര്‍ലിങ്ക് പൂര്‍ണ്ണമായും സജ്ജരാകുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള സ്‌പെക്ട്രം അനുവദിച്ചു കിട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് സ്റ്റാര്‍ലിങ്ക്. മുംബൈ, നോയിഡ, ചണ്ഡീഗഡ്, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഒന്‍പത് ഗേറ്റ്വേ എര്‍ത്ത് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഓഫീസും കഴിഞ്ഞ ദിവസം തുറന്നു. മുംബൈ ചന്ദിവലിയിലെ ബൂമറാങ് കൊമേഴ്ഷ്യല്‍ കോംപ്ലക്‌സിലാണ് സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് 2.33 കോടി രൂപ ചെലവില്‍ 1,294 ചതുരശ്ര അടി വലിപ്പമുള്ള ഓഫീസാണ് കമ്പനി വാടകക്ക് എടുത്തിരിക്കുന്നത്.
ഇന്ത്യയിലെ ഉപഗ്രഹ ഇന്റര്‍നെറ്റ് വിപണിയില്‍ യൂട്ടെല്‍സാറ്റ് വണ്‍വെബ് (Eutelsat OneWeb), ജിയോ സാറ്റലൈറ്റ് (Jio Satellite) തുടങ്ങിയ വന്‍കിട കമ്പനികളുമായിട്ടായിരിക്കും സ്റ്റാര്‍ലിങ്കിന്റെ മത്സരം. ഇന്റര്‍നെറ്റ് ലഭ്യത ദുഷ്‌കരമായ ഗ്രാമപ്രദേശങ്ങളിലടക്കം അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കുമെന്നാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ.
മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് ഇന്ത്യയിലെത്തുന്നുവെന്ന് കേട്ടത് മുതല്‍ എല്ലാവരുടെയും സംശയം ഇതിന് എത്ര ചെലവാകുമെന്നാണ്. ഒറ്റത്തവണ സെറ്റപ്പിനായി 30,000 രൂപയെങ്കിലും ചെലവാക്കേണ്ടി വരുമെന്നാണ് കരുതുന്നത്. 25 എം.ബി.പി.എസ് വേഗതയുള്ള എന്‍ട്രി പ്ലാനിന് പ്രതിമാസം 3,300 രൂപയാകും വരിസംഖ്യ. 225 എം.ബി.പി.എസാണ് ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ പരമാവധി വേഗത.
Read DhanamOnline in English
Subscribe to Dhanam Magazine