image credit : canva and spaceX 
Tech

ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി സ്റ്റാര്‍ലിങ്ക് സി.ഇ.ഒ യെ നിയമിക്കുന്നു, 10 മടങ്ങ് വേഗതയുള്ള ഇന്റർനെറ്റുമായി സ്റ്റാർലിങ്ക് 3.0

ലോകമെമ്പാടുമുള്ള 60 ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു

Dhanam News Desk

ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങള്‍ ആരംഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ സ്റ്റാർലിങ്ക് വേഗത്തിലാക്കുകയാണ്. സാങ്കേതിക, സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കമ്പനിക്ക് ഉടൻ തന്നെ ട്രയൽ സ്പെക്ട്രം ടെലികോം വകുപ്പ് അനുവദിക്കുമെന്നാണ് കരുതുന്നത്. ഗേറ്റ്‌വേകൾ, എർത്ത് സ്റ്റേഷനുകൾ, നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും കമ്പനി ഒരുക്കേണ്ടതുണ്ട്. ഇതിന് കുറച്ച് മാസങ്ങള്‍ എടുത്തേക്കാമെന്നാണ് വിലയിരുത്തുന്നത്.

കോർ ടീമിനെ കെട്ടിപ്പടുക്കുന്നു

ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് എക്‌സിക്യൂട്ടീവിനെ നിയമിക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്ന് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി ആസ്ഥാനമാക്കി ഒരു താൽക്കാലിക ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ഒരു കോർ ടീമിനെ കെട്ടിപ്പടുക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് കമ്പനി. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് യൂണിറ്റാണ് സ്റ്റാർലിങ്ക്. 2025 ജൂൺ 6 നാണ് സ്റ്റാർലിങ്കിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) ലൈസൻസ് ലഭിക്കുന്നത്. 2025 അവസാനത്തോടെയോ 2026 ന്റെ തുടക്കത്തിലോ കമ്പനിക്ക് ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

സ്റ്റാർലിങ്ക് 3.0

ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലുള്ള വേഗതയേക്കാൾ 10 മടങ്ങ് വേഗതയുള്ള ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന നവീകരണത്തിനായി കമ്പനി തയാറെടുക്കുകയാണ്. ഇതിനായി ഉപയോഗിക്കുന്ന നവീന ഉപഗ്രഹങ്ങൾ 2026 ൽ വിക്ഷേപിക്കും. സ്റ്റാർലിങ്ക് 3.0 പ്രകടനത്തിലും ശേഷിയിലും കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതായിരിക്കും. സേവനം ലഭ്യമല്ലാത്ത വിദൂര ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കുമെന്നാണ് കരുതുന്നത്.

സ്റ്റാർലിങ്കിന് ഇതിനകം 100-ലധികം രാജ്യങ്ങളിൽ പ്രവര്‍ത്തനമുണ്ട്. ലോകമെമ്പാടുമുള്ള 60 ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു. ഇന്ത്യയിലുളള നിരക്ക് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ആഗോള വിലനിർണയത്തെ അടിസ്ഥാനമാക്കി സ്റ്റാൻഡേർഡ് സ്റ്റാർലിങ്ക് കിറ്റിന് ഏകദേശം 33,000 രൂപയും പ്രതിമാസ പ്ലാനുകൾ 3,000 രൂപ മുതൽ 4,200 രൂപ വരെയും ആയിരിക്കുമെന്നാണ് കരുതുന്നത്.

Starlink planning to appoint CEO for India operations and prepares for Starlink 3.0 with 10x faster internet.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT