ആപ്പിള്‍ ഐഫോണ്‍ നിര്‍മാണത്തിലും വിതരണത്തിലും വിപണി കയ്യടക്കാന്‍ ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ചെന്നൈക്കടുത്ത് ഐഫോണ്‍ പ്ലാന്റ് ഉടമകളായ പെഗാട്രോണ്‍ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (പിടിഐ) നിയന്ത്രണത്തിലുള്ള 60 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സിന് കീഴിലുള്ള ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തു. ഇടപാടിന് പിന്നിലെ സാമ്പത്തിക വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പെഗാട്രോണിന്റെ 60 ശതമാനം ഓഹരികള്‍ ടാറ്റ ഏറ്റെടുക്കുമ്പോള്‍ 40 ശതമാനം ഓഹരികള്‍ പെഗാട്രോണ്‍ തന്നെ കൈവശം വെക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ണാടകയിലെ നര്‍സപുരയിലുള്ള വിസ്‌ട്രോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ടിഇപിഎല്‍ ഒരു വര്‍ഷം മുമ്പ് ഏറ്റെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ഹോസൂരിലും കമ്പനിക്ക് ഐഫോണ്‍ നിര്‍മാണ ഫാക്ടറിയുണ്ട്.
പുതിയ ഏറ്റെടുക്കലിനെ തുടര്‍ന്ന് പെഗാട്രോണ്‍ ടെക്‌നോളജീസ് ലിമിറ്റഡ് റീബ്രാന്റിംഗ് വിധേയമാകുമെന്ന് ടാറ്റ ഇലക്ട്രോണിക്‌സ് അറിയിച്ചു. ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് നിര്‍മാണ രംഗത്ത് ടാറ്റ ഇലക്ട്രോണിക്‌സിന്റെ സാന്നിധ്യം ശക്തമാക്കുന്നതാണ് പുതിയ ഏറ്റെടുക്കല്‍ എന്ന് ടാറ്റ ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയരക്ടറും സിഇഒയുമായി രണ്‍ധീര്‍ താക്കൂര്‍ പറഞ്ഞു.
അതിനിടെ, സിംഗപ്പൂരിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ടെമാസെക് ഹോള്‍ഡിംഗ്‌സില്‍ നിന്ന് ഡിടിഎച്ച് ഓപ്പറേറ്ററായ ടാറ്റ പ്ലേയില്‍ 10 ശതമാനം അധിക ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ടാറ്റ ഗ്രൂപ്പിന്റെ പ്രൊമോട്ടറായ ടാറ്റ സണ്‍സ് സിസിഐയുടെ അനുമതി തേടി.
ടാറ്റ പ്ലേയില്‍ ടാറ്റ സണ്‍സിന് 60 ശതമാനം ഓഹരികളുണ്ട്. കരാര്‍ പൂര്‍ത്തിയായ ശേഷം, എന്റര്‍ടൈന്‍മെന്റ് കണ്ടന്റ് വിതരണ പ്ലാറ്റ്‌ഫോമില്‍ 70 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine