kfon.kerala.gov.in 
Tech

കേരളത്തിന്റെ കെ.ഫോണ്‍ പഠിക്കാന്‍ തെലങ്കാനക്കും താല്‍പര്യം

സാമ്പത്തിക ബാധ്യത, വരുമാന സാധ്യത എന്നിവ വിലയിരുത്തും

Dhanam News Desk

 കേരള സര്‍ക്കാരിന്റെ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കായ കെ.ഫോണ്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ തെലങ്കാനക്കും താല്‍പര്യം. അവിടെ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം തിരുവനന്തപുരത്തെത്തി കെ.ഫോണ്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ.സന്തോഷ് ബാബുവുമായി ചര്‍ച്ച നടത്തി. തെലങ്കാന ഫൈബര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാണ് എത്തിയിട്ടുള്ളത്. സര്‍ക്കാരിന് കീഴില്‍ ഈ പദ്ധതി നേരിട്ടു നടത്തുമ്പോഴുള്ള സാമ്പത്തിക ബാധ്യതകള്‍, വരുമാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ കെ ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു.

കേരളത്തില്‍ മെല്ലെപോക്ക്

കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ക്കിടയില്‍ ആരംഭിച്ച കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോയിട്ടില്ല. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥാപിക്കേണ്ട കേബിളുകളുടെ ദൂരം, നല്‍കേണ്ട കണക്ഷനുകളുടെ എണ്ണം, നിയമിക്കേണ്ട ജീവനക്കാരുടെ എണ്ണം എന്നിവ കണക്കാക്കിയിട്ടില്ലെന്ന്‌ കഴിഞ്ഞ വര്‍ഷം സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഫോണ്‍ കണക്ഷന്‍ നല്‍കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 30,000 ബി.പി.എല്‍ കുടുംബങ്ങളില്‍ കണക്ഷന്‍ എത്തിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്. അയ്യായിരം സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ നല്‍കിയതിന് പുറമെ 20,000 വാണിജ്യ കണക്ഷനുകളും നല്‍കിയിട്ടുണ്ട്.

തമിഴ്‌നാടിനും താല്‍പര്യം

കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നേരത്തെ തമിഴ്‌നാടും മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ തമിഴ്‌നാട് ഐ.ടി മന്ത്രി തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തമിഴ്‌നാട് ഐ.ടി സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ടിഫോണ്‍ എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT