സൈബർ തട്ടിപ്പുകളും ഫോൺ തട്ടിപ്പുകളും തടയുന്നതിനുള്ള നിർണായക നീക്കവുമായി ടെലികോം മന്ത്രാലയം. പുതിയതായി വിപണിയിലെത്തുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും സർക്കാരിന്റെ 'സഞ്ചാർ സാഥി' (Sanchar Saathi) എന്ന സൈബർ സുരക്ഷാ ആപ്ലിക്കേഷൻ പ്രീലോഡ് ചെയ്യാൻ കേന്ദ്രം മൊബൈൽ ഫോൺ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകി. ഈ ആപ്പ് ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കരുത് എന്നും നിർദ്ദേശത്തിൽ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്മാർട്ട്‌ഫോൺ കമ്പനികൾക്ക് 'സഞ്ചാർ സാഥി' ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നതിനായി 90 ദിവസത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്. സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ എല്ലാ പ്രമുഖ ആൻഡ്രോയിഡ് നിർമ്മാതാക്കളും ഈ ഉത്തരവ് പാലിക്കേണ്ടതുണ്ട്. വിതരണ ശൃംഖലയിലുള്ള (Supply Chain) ഡിവൈസുകൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ വഴി ആപ്പ് എത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ആപ്പിളിന് ഈ നിർദ്ദേശം ഒരു വെല്ലുവിളിയാകാനിടയുണ്ട്. വിൽപ്പനക്ക് മുമ്പ് സ്വന്തമായി നിർമ്മിച്ചതല്ലാത്ത (Non-Proprietary) സർക്കാർ ആപ്പുകളോ മൂന്നാം കക്ഷി ആപ്പുകളോ ഇൻസ്റ്റാൾ ചെയ്യുന്നത് തങ്ങളുടെ ആഭ്യന്തര നയങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആപ്പിൾ നേരത്തെ വ്യക്തമാക്കിയിട്ടുളളത്.
ഇരട്ട ഐഎംഇഐ (IMEI) നമ്പറുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, നിയമവിരുദ്ധ നെറ്റ് വർക്ക് ഉപയോഗം എന്നിവ തടഞ്ഞ് ടെലികോം സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടി. നഷ്ടപ്പെട്ടതും മോഷണം പോയതുമായ ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഐഎംഇഐ നമ്പറുകൾ പരിശോധിക്കാനും സംശയാസ്പദമായ കോളുകൾ റിപ്പോർട്ട് ചെയ്യാനും 'സഞ്ചാർ സാഥി' ഉപയോക്താക്കളെ സഹായിക്കുന്നു. ഇതിലൂടെ ഇതിനോടകം 7 ലക്ഷത്തിലധികം ഫോണുകൾ വീണ്ടെടുക്കാനും 37 ലക്ഷത്തിലധികം മോഷണ ഫോണുകൾ ബ്ലോക്ക് ചെയ്യാനും സാധിച്ചിട്ടുണ്ട്.
Telecom department mandates preloaded 'Sanchar Saathi' app on all new smartphones to combat cyber and phone frauds.
Read DhanamOnline in English
Subscribe to Dhanam Magazine