Tech

വൈറലാവുന്ന വിഭവങ്ങള്‍ വീട്ടിലെത്തും: ടിക്ടോക് റസ്റ്റോറന്റ് ബിസിനസ് രംഗത്തേക്കും

ടിക് ടോക്കിൽ വൈറലായ വിഭവങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ വിളമ്പുക

Dhanam News Desk

ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട വീഡിയോ മേക്കിംഗ് ആപ്പായ ടിക്ടോക് റസ്റ്റോറന്റ് ബിസിനസ് രംഗത്തേക്ക്. യു.എസിലാണ് തുടക്കമിടുന്നത്. ഡെലിവറി മാത്രം നല്‍കുന്ന റസ്റ്റോറന്റുകളായിരിക്കും വെര്‍ച്വല്‍ ഡൈനിംഗ് കണ്‍സപ്റ്റ്, ഗ്രുഭുബ് തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് നടത്തുക.

അടുത്ത വര്‍ഷം മാര്‍ച്ചോടെ യു എസിൽ ഉടനീളം 300 കേന്ദ്രങ്ങളിൽ ഇവയെത്തും.വര്‍ഷാവസാനത്തോടെ ആയിരത്തിലധികം കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.

ടിക് ടോക്കിൽ വൈറലായ വിഭവങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ വിളമ്പുക. വിവിധ തരം പാസ്തകള്‍, പാചകംചെയ്ത പാല്‍ക്കട്ടി തുടങ്ങി നിരവധി ഡിഷുകള്‍ മെനുവിലുണ്ടാകും. ടിക്ടോകില്‍ വൈറലായ ശേഷം ഇത്തരത്തില്‍ നിരവധി വിഭവങ്ങളാണ് ഗൂഗിളില്‍ ടോപ് സെര്‍ച്ചില്‍ വന്നത്.

ട്രെന്‍ഡിംഗ് മാറുന്നതിനുസരിച്ച് മെനുവില്‍ മാറ്റമുണ്ടാകും. അപ്പപ്പോള്‍ വൈറലാകുന്ന ഡിഷുകള്‍ ത്രൈമാസം കൂടുമ്പോള്‍ മെനുവില്‍ ഉള്‍പ്പെടുത്തും. ടിക്ടോക് ആപ്പിനെയും റസ്റ്റോറന്റ് കച്ചവടത്തെയും പരസ്പരം ബന്ധിപ്പിച്ചായിരിക്കും മുന്നോട്ടുകൊണ്ടുപോവുകയെന്ന് ടിക്ടോക് വ്യക്തമാക്കി.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ചിരുന്നു. അമേരിക്കയില്‍ ടിക്ടോകിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT