Tech

ട്രൂ കോളര്‍ ഇന്ത്യയില്‍ യുപിഐ സേവനങ്ങള്‍ അവസാനിപ്പിച്ചു; കാരണമിതാണ്

ഇന്ത്യയില്‍ യുപിഐ പേയ്മെന്റുകള്‍ ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് കമ്പനിയുടെ പ്രഖ്യാപനം. ഇന്ന് മുതല്‍ സേവനങ്ങള്‍ ലഭ്യമാകില്ല.

Dhanam News Desk

കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ ഏറെ പ്രചാരമുള്ള ട്രൂ കോളര്‍ ആപ്പ് ഇന്ന് മുതല്‍ ഇന്ത്യയില്‍ യുപിഐ സേവനങ്ങള്‍ നിരോധിച്ചു. താല്‍ക്കാലികമായാണ് ഈ നിര്‍ത്തലാക്കലെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് യുപിഐ പേയ്മെന്റുകള്‍ ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് കമ്പനിയുടെ പ്രഖ്യാപനം. ട്രൂകോളര്‍ പേ എന്ന പേരിലാണ് ഇന്ത്യയില്‍ ഇവരുടെ യുപിഐ സേവനം ലഭ്യമക്കിയിരുന്നത്.

ട്രൂ കോളര്‍ ചാറ്റും ഏറെ പ്രചാരത്തിലുള്ള ആപ്പിന്റെ സൗകര്യമാണ്. ഇത് നിലവില്‍ ലഭ്യമാണ്. എന്നാല്‍ ആശയവിനിമയം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് യുപിഐ സേവനം നിര്‍ത്താനുള്ള തീരുമാനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'റെഗുലേറ്റര്‍മാരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, ഉപയോക്താക്കള്‍ക്ക് രണ്ടാഴ്ചത്തെ അറിയിപ്പ് നല്‍കിയ ശേഷമാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്്'' ട്രൂകോളര്‍ അറിയിച്ചതിങ്ങനെ.

നിലവില്‍, ട്രൂകോളറിന് രാജ്യത്ത് പ്രതിമാസം 200 ദശലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളും 1,20,000 പ്രീമിയം ഉപഭോക്താക്കളുമുണ്ട്. ആപ്പിന്റെ ബാങ്കിംഗ് പങ്കാളികളായ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിലൂടെ ബില്‍ പേയ്‌മെന്റുകള്‍ പോലുള്ള സേവനങ്ങളും നല്‍കിവന്നിരുന്നു.

അതേസമയം ഗൂഗ്ള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ മറ്റ് യുപിഐ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടരാനുള്ള പദ്ധതിയും ട്രൂകോളര്‍ ടീമിന്റെ അടുത്ത വൃത്തങ്ങള്‍ പങ്കുവച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ കമ്പനി വക്താക്കള്‍ നേരിട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT