Tech

ഡോക്ടറും രോഗിയുമെല്ലാം ഡിജിറ്റല്‍ അവതാര്‍; ലോകത്തെ ആദ്യ മെറ്റാവേഴ്‌സ് ആശുപത്രിയുമായി യുഎഇ

ഈ വര്‍ഷം ഒക്ടോബറില്‍ മെറ്റാവേഴ്‌സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിക്കും

Dhanam News Desk

ഹെല്‍ത്ത് കെയര്‍ രംഗത്ത് മെറ്റാവേഴ്‌സിന്റെ (Metaverse)  സാധ്യകള്‍ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി യുഎഇ. മെറ്റാവേഴ്‌സിലെ ആദ്യ ആശുപത്രി സ്ഥാപിക്കുകയാണ് യുഎഇയുടെ (UAE) ലക്ഷ്യം. മെറ്റാവേഴ്‌സ് ആശുപത്രിയുടെ പ്രവര്‍ത്തനം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കും. രാജ്യത്ത് മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ട് യുഎഇ ആരംഭിക്കുന്ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് Thumbay ഗ്രൂപ്പ് ആണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), വിര്‍ച്വല്‍ റിയാലിറ്റി(VR), ഓഗ്മെന്റ് റിയാലിറ്റി AR) തുടങ്ങിയവയുടെ ഏകോപനത്തിലൂടെ രൂപപ്പെടുന്ന ഒരു ഡിജിറ്റല്‍ ലോകമാണ് മെറ്റാവേഴ്‌സ്. വിആര്‍ ഹെഡ്‌സെറ്റുകളിലൂടെ ആയിരിക്കും മെറ്റാവേഴ്‌സിലെ ഇടപെടലുകള്‍ സാധ്യമാവുക. ഇവിടെ ഓരോരുത്തര്‍ക്കും ഡിജിറ്റല്‍ അവതാറുകളുണ്ടാകും. മെറ്റാവേഴ്‌സിലെ ആശുപത്രിയില്‍ രോഗിയുടെയും ഡോക്ടറിന്റെയും അവതാറുകള്‍ തമ്മിലാകും ഇടപാടുകള്‍.

വിര്‍ച്വല്‍ ലോകത്ത് ഇടപെടലുകളെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരു ഏജന്‍സിയെ യുഎഇ സര്‍ക്കാര്‍ നിയമിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഫോണിലൂടെ കണ്‍സള്‍ട്ട് ചെയ്യുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കാകും മെറ്റാവേഴ്‌സിലൂടെയുള്ള ചികിത്സയ്ക്കും എന്നാണ് വിവരം. നിരക്കുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

നേരത്തെ യുഎഇ വിമാനക്കമ്പനി എമിറേറ്റ്‌സ്,  മെറ്റാവേഴ്‌സ്- എന്‍എഫ്ടി പ്രവേശനം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ്   യുഎഇക്ക് കീഴിലുള്ള ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിനെ പ്രത്യേക ക്രിപ്‌റ്റോ സോണാക്കി  മാറ്റാന്‍ അനുമതി നല്‍കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT