ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI), പുതിയ സാങ്കേതിക മുന്നേറ്റങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025 ൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പ്രഖ്യാപിച്ച പുതിയ ഫീച്ചറുകൾ, പേയ്‌മെന്റുകൾ കൂടുതൽ ലളിതവും വേഗതയേറിയതും സുരക്ഷിതവുമാക്കും.
പുതിയ അപ്‌ഡേറ്റുകളിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങൾ സ്മാർട്ട് ഗ്ലാസുകൾ വഴിയുള്ള പേയ്‌മെന്റും ആധാർ ഫേസ് ഐഡി അടിസ്ഥാനമാക്കിയുള്ള പിൻ രഹിത ഇടപാടുകളുമാണ്.
സ്മാർട്ട് വാച്ചുകൾക്ക് പിന്നാലെ, ഇനി സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ചും യുപിഐ പേയ്‌മെന്റുകൾ നടത്താനാകും. എൻഎഫ്‌സി (NFC) സാങ്കേതികവിദ്യ ഉപയോഗിച്ച്, മൊബൈൽ ഫോൺ ഉപയോഗിക്കാതെ തന്നെ ഗ്ലാസുകൾ ടാപ്പ് ചെയ്തുകൊണ്ട് ഉടൻ പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. യാത്രയിലുള്ളവർക്കും തിരക്കിനിടയിലും പേയ്‌മെന്റുകൾ പൂർത്തിയാക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും.
യുപിഐ ഇടപാടുകൾക്ക് പിൻ ഉപയോഗിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ആധാർ വിവരങ്ങളുമായി ബന്ധിപ്പിച്ച ഫേസ് ഓതന്റിക്കേഷൻ അതായത് മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ച് പിൻ രഹിതമായി പേയ്‌മെന്റുകൾ നടത്താൻ സാധിക്കും. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ ഇടപാട് സമയം കുറയ്ക്കുന്നതിലൂടെ, യുപിഐയുടെ ഉപയോഗം കൂടുതൽ എളുപ്പമാക്കാൻ ഈ സംവിധാനം സഹായിക്കും.
പണം പിൻവലിക്കുന്നതിനുള്ള പരമ്പരാഗത രീതികൾക്ക് മാറ്റം വരുത്തിക്കൊണ്ട്, കാർഡ് ഇല്ലാതെ എടിഎം വഴി പണം പിൻവലിക്കാനുള്ള ( Interoperable Cardless Cash Withdrawal, ICCW) സൗകര്യവും യുപിഐ വഴി സാധ്യമാകും. ഒരു ICCW ഇടപാട് നടത്താൻ ഉപയോക്താക്കൾ എടിഎമ്മില്‍ പിൻവലിക്കൽ ഓപ്ഷൻ തിരഞ്ഞെടുത്ത്, പിന്‍വലിക്കേണ്ട തുക നൽകി യു.പി.ഐ ആപ്പ് ഉപയോഗിച്ച് എ.ടി.എം സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഡൈനാമിക് ക്യുആര്‍ കോഡ് സ്കാൻ ചെയ്യുക. തുടര്‍ന്ന് യു.പി.ഐ പിൻ ഉപയോഗിച്ച് ഉപയോക്താക്കള്‍ ഇടപാടിന് അംഗീകാരം നൽകുക. കാർഡ് സ്കിമ്മിംഗ് ( Card Skimming) പോലുളള കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിന് വളരെ സഹായകരമാണ് ഈ രീതി.
കൂടാതെ, ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ചെറിയ തുകകൾക്ക് ഇടപാടുകൾ നടത്താൻ കഴിയുന്ന യുപിഐ ലൈറ്റ് എക്സ് (UPI Lite X), സംസാര ഭാഷയിലൂടെ പേയ്‌മെന്റുകൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഹലോ യുപിഐ (Hello UPI) തുടങ്ങിയവയും പുതിയ കൂട്ടിച്ചേർക്കലുകളാണ്. യു.പി.ഐ വഴിയുളള സാമ്പത്തിക ഇടപാടുകള്‍ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഈ മാറ്റങ്ങൾ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തിന് പുതിയൊരു ദിശാബോധം നൽകുന്നതാണ്.
UPI introduces smart glass payments and PIN-less Aadhaar-based transactions at Global Fintech Fest 2025.
Read DhanamOnline in English
Subscribe to Dhanam Magazine