ചോദിക്കുന്നതിന് ഉത്തരം പറയുന്ന ഏര്‍പ്പാടില്‍ ഒതുങ്ങുന്നില്ല നിര്‍മിത ബുദ്ധി. ലക്ഷ്യം കൊടുത്താല്‍ മതി. അതിനു വേണ്ട പദ്ധതി തയ്യാറാക്കി, ഘട്ടം ഘട്ടമായി നടപ്പാക്കി, റിസല്‍റ്റ് നല്‍കുന്ന 'ഏജന്റിക് എഐ' (Agentic AI) കാലഘട്ടത്തിലേക്കാണ് ടെക് ലോകത്തിന്റെ നീക്കം. ഈ പുതിയ തരംഗം പ്രായോഗിക ഉപയോഗത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ ടെക് ഭീമന്‍ ഇന്‍ഫോസിസ്, യുഎസ് ആസ്ഥാനമായ ആന്ത്രോപികുമായി തന്ത്രപ്രധാന സഹകരണത്തില്‍.
ഇന്ന് നമുക്ക് പരിചിതമായ എഐ മോഡലുകള്‍ക്ക് പ്രോംപ്റ്റ് കൊടുത്താല്‍ മറുപടി നല്‍കാനാണ് സാധിക്കുക. എന്നാല്‍ ഏജന്റിക് എഐക്ക് ഒരു ലക്ഷ്യം കൊടുത്താല്‍ അത് പ്രശ്‌നങ്ങളെ ചെറിയ ഘട്ടങ്ങളായി വിഭജിക്കും, ആവശ്യമായ ഡാറ്റയും ടൂളുകളും തിരഞ്ഞെടുക്കും, ഇടയ്ക്കിടെ പരിശോധന നടത്തി തെറ്റുകള്‍ തിരുത്തും, അന്തിമ റിസല്‍റ്റ് കൈമാറും. അതായത്, മനുഷ്യന്റെ തുടര്‍ച്ചയായ നിര്‍ദേശങ്ങള്‍ കൂടാതെ തന്നെ മള്‍ട്ടി-സ്റ്റെപ്പ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്വയംപ്രവര്‍ത്തന സംവിധാനമാണ് ഇത്.
ഉദാഹരണത്തിന്, ഒരു ഇന്‍ഷുറന്‍സ് ക്ലെയിം പ്രോസസ് ചെയ്യണമെങ്കില്‍ ഇന്നത്തെ എഐ പോളിസിയുടെ ഉള്ളടക്കം മാത്രം നല്‍കും. എന്നാല്‍ ഏജന്റിക് എഐക്ക് ക്ലെയിം ഫയല്‍ ചെയ്യുക, രേഖകള്‍ പരിശോധിക്കുക, ഡാറ്റ അപ്ഡേറ്റ് ചെയ്യുക, റിസ്‌ക് വിലയിരുത്തുക തുടങ്ങിയ ഘട്ടങ്ങള്‍ മുഴുവനായി കൈകാര്യം ചെയ്യാന്‍ കഴിയും.
ഈ സഹകരണത്തിന്റെ ഭാഗമായി ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡലുകള്‍ ഇന്‍ഫോസിസിന്റെ സ്വന്തം എഐ പ്ലാറ്റ്‌ഫോമായ ടോപാസുമായി സംയോജിപ്പിക്കും. ടെലികോം, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മാനുഫാക്ചറിംഗ് തുടങ്ങിയ നിയന്ത്രണങ്ങള്‍ കൂടുതലുള്ള (regulated) മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.ഇതിനായി പ്രത്യേക ആന്ത്രോപിക് സെന്റര്‍ ഓഫ് എക്‌സലന്‍സ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. സങ്കീര്‍ണ്ണമായ ബിസിനസ് പ്രോസസുകള്‍ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ എഐ സംവിധാനങ്ങളിലൂടെ ഓട്ടോമേറ്റ് ചെയ്യുകയാണ് ലക്ഷ്യം.
ടെലികോം: നെറ്റ്വര്‍ക്ക് മാനേജ്‌മെന്റ്, കസ്റ്റമര്‍ ലൈഫ്സൈക്കിള്‍, സര്‍വീസ് ഓപ്റ്റിമൈസേഷന്‍ എന്നിവയില്‍ സ്വയം പ്രവര്‍ത്തിക്കുന്ന എഐ ഏജന്റുകള്‍.
ഫിനാന്‍ഷ്യല്‍ സര്‍വീസസ്: റിസ്‌ക് ഡിറ്റക്ഷന്‍, റെഗുലേറ്ററി റിപ്പോര്‍ട്ടിംഗ്, വ്യക്തിഗത ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തല്‍.
മാനുഫാക്ചറിംഗ്-എഞ്ചിനീയറിംഗ്: പ്രോഡക്റ്റ് ഡിസൈന്‍, സിമുലേഷന്‍, ഗവേഷണ-വികസന പ്രക്രിയകള്‍ വേഗത്തിലാക്കല്‍.
സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്: കോഡ് എഴുത്ത്, ടെസ്റ്റിംഗ്, ഡിബഗിംഗ് എന്നിവയില്‍ ക്ലോഡ് കോഡ് ഉപയോഗിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കല്‍.
ഇന്ത്യന്‍ ഐടി മേഖല ഇതിനകം എഐയില്‍ വലിയ നിക്ഷേപം നടത്തുകയാണ്. എന്നാല്‍ ഇത് സാധാരണ ചാറ്റ്‌ബോട്ടുകളെ മറികടക്കുന്ന നീക്കമാണ്. ഏജന്റിക് എഐ വിജയകരമായി നടപ്പിലായാല്‍ മനുഷ്യ ഇടപെടല്‍ കുറയും, ചെലവ് കുറയും, തീരുമാനമെടുക്കല്‍ വേഗം കൂടും, നിയന്ത്രണങ്ങള്‍ പാലിക്കല്‍ കൂടുതല്‍ കാര്യക്ഷമമാകും. ഇത് ഇന്‍ഫോസിസിന് മാത്രമല്ല, ആഗോള എന്റര്‍പ്രൈസ് ഐടി സേവന മേഖലയ്ക്ക് തന്നെ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാനിടയുണ്ട്.
ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇന്‍ഫോസിസ് ഓഹരികള്‍ നേട്ടം കണ്ടതും ശ്രദ്ധേയമാണ്. നിക്ഷേപകര്‍ക്ക് ഇത് കമ്പനിയുടെ ദീര്‍ഘകാല എഐ തന്ത്രത്തിന്റെ ശക്തമായ സൂചനയായി തോന്നിയിട്ടുണ്ട്. എഐ ഇനി സഹായിയായി മാത്രം അല്ല, നിര്‍വഹണ പങ്കാളിയായി മാറുകയാണ്. ഇന്‍ഫോസിസ്-ആന്ത്രോപിക് കൂട്ടുകെട്ട് അതിന്റെ തുടക്ക സൂചന മാത്രം.
Read DhanamOnline in English
Subscribe to Dhanam Magazine