Tech

എന്താണ് ChatGPT ? നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട്

ഭാവിയില്‍ സംസാരിക്കാനും ഉപദേശങ്ങള്‍ നല്‍കാനും കെല്‍പ്പുള്ള ഒരു എഐ അസിസ്റ്റന്റായി ചാറ്റ്ജിപിടി മാറിയേക്കും

Amal S

ആര്‍ട്ടിഫിഷ്യല്‍ റിസര്‍ച്ച് കമ്പനിയായ ഓപ്പണ്‍എഐ (OpenAI) അവതരിപ്പിച്ച ഒരു ചാറ്റ് ബോട്ട് ആണ് ChatGPT. നവംബര്‍ 30ന് ആണ് കമ്പനി ചാറ്റ്ജിപിടിയുടെ ബീറ്റ വേര്‍ഷന്‍ അവതരിപ്പിച്ചത്. പൈഥണ്‍ കോഡുകള്‍ മുതല്‍ ഉപന്യാസങ്ങള്‍ വരെ എഴുതിത്തരുന്ന ചാറ്റ്ജിപിടി അതിവേഗം വൈറലാവുകയായിരുന്നു. 

ഡിസംബര്‍ 5ന് ഈ ചാറ്റ് ബോട്ട് ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു മില്യണ്‍ കടന്നു. 2015ല്‍ ഇലോണ്‍ മസ്‌കും ഓപ്പണ്‍ എഐ സിഇഒയും ആയ സാം ഓള്‍ട്ട്മാനും മറ്റ് നിക്ഷേപകരും ചേര്‍ന്നാണ് ഓപ്പണ്‍എഐ സ്ഥാപിച്ചത്. എന്നാല്‍ 2018ല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മസ്‌ക് ബോര്‍ഡ് സ്ഥാനം ഒഴിയുകയായിരുന്നു.

ChatGPT എങ്ങനെ ഉപയോഗിക്കാം ?

നിലവില്‍ പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്ലേസ്റ്റോറിലോ ആപ്പിള്‍ സ്റ്റോറിലോ ഒന്നും ചാറ്റ്ജിപിടി ലഭ്യമല്ല. എന്നാല്‍ ഓപ്പണ്‍എഐ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് ഈ ചാറ്റ് ബോട്ട് ഉപയോഗിക്കാം. ഇതിനായി വെബ്‌സൈറ്റിന് മുകളില്‍ കാണുന്ന  Introducing ChatGPT research releaseന് വലതുവശത്തായുള്ളTry എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് Signup ചെയ്താല്‍ മതി. ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും നല്‍കിയാണ് സൈന്‍അപ്പ് ചെയ്യേണ്ടത്. തുടര്‍ന്ന് വരുന്ന ചാറ്റ് വിന്‍ഡോയില്‍ താഴെയായി അറിയേണ്ട വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കാം.

ChatGPT (screenshot)

ചാറ്റ്ജിപിടിയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ല. 2021 സെപ്റ്റംബര്‍ വരെയുള്ള കാര്യങ്ങള്‍ മാത്രമാണ് ചാറ്റ് ബോക്‌സില്‍ നിന്ന് അറിയാന്‍ സാധിക്കുക. ഭാവിയില്‍ സംസാരിക്കാനും ഉപദേശങ്ങള്‍ നല്‍കാനും കെല്‍പ്പുള്ള ഒരു അസിസ്റ്റന്റായി ചാറ്റ്ജിപിടി മാറുമെന്നാണ് സാം ഓള്‍ട്ട്മാന്‍ പറയുന്നത്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT