canva
Tech

പുതിയ ഫോണില്‍ പഴയ വാട്‌സ്ആപ്പിലെ ചാറ്റുകള്‍! ബാക്കപ്പ് ഇനി ഫിംഗര്‍പ്രിന്റ് ലോക്കില്‍ സൂക്ഷിക്കാം, പുത്തന്‍ ഫീച്ചറുമായി മെറ്റ

പുതിയ സംവിധാനം വരുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ബാക്കപ്പ് ആക്സസ് ചെയ്യുന്നതിന് ആറ് അക്ക പിന്‍ കോഡോ 64 അക്ക എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിക്കേണ്ടി വരില്ല

Dhanam News Desk

ഉപയോക്താക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ്. ചാറ്റ് ബാക്കപ്പുകള്‍ക്ക് പാസ്‌കീ (Passkey) എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ സുരക്ഷ നല്‍കാനുള്ള സൗകര്യമാണ് വാട്‌സ്ആപ്പ് പുതുതായി നടപ്പിലാക്കിയത്. പുതിയ സംവിധാനം വരുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ബാക്കപ്പ് ആക്സസ് ചെയ്യുന്നതിന് ആറ് അക്ക പിന്‍ കോഡോ 64 അക്ക എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിക്കേണ്ടി വരില്ല.

എന്താണ് പാസ്‌കീ എന്‍ക്രിപ്ഷന്‍?

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചാറ്റ് ബാക്കപ്പുകള്‍ക്ക് സുരക്ഷ ഒരുക്കുന്ന ലളിതമായ മാര്‍ഗമാണിത്. നിലവില്‍ ബാക്കപ്പുകള്‍ സുരക്ഷിതമാക്കാന്‍ ഉപയോഗിക്കുന്ന 64 അക്ക എന്‍ക്രിപ്ഷന്‍ കീ, ആറ് അക്ക പിന്‍ കോഡ് എന്നിവ പാസ്‌കീ ഉപയോഗിക്കുന്നതോടെ ഒഴിവാക്കാം. അതായത് നമ്മുടെ ഫോണിലെ സുരക്ഷാ സംവിധാനങ്ങളായ ഫിംഗര്‍പ്രിന്റ് (വിരലടയാളം), ഫേസ് ഐഡി, സ്‌ക്രീന്‍ ലോക്ക് പിന്‍ എന്നിവ ഉപയോഗിച്ച് ചാറ്റ് ബാക്കപ്പുകള്‍ക്ക് സുരക്ഷയൊരുക്കും. ഇത് ആപ്പിളിന്റെ ഐക്ലൗഡിലും ഗൂഗിള്‍ ഡ്രൈവിലും ബാക്കപ്പ് ചെയ്യുന്ന ചാറ്റുകള്‍ക്ക് ഒരുപോലെ ബാധകമാണ്.

എങ്ങനെ സാധ്യമാകും

ഇത് എനേബിള്‍ ചെയ്താല്‍ ചാറ്റ് ബാക്കപ്പിനെ വാട്‌സ്ആപ്പ് തന്നെ ഓട്ടോമാറ്റിക്കായി ഫോണിന്റെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. പിന്നീട് ബാക്കപ്പ് ഡാറ്റ തുറക്കാന്‍ ഫോണിലെ ഫിംഗര്‍ പ്രിന്റോ ഫേസ് ഐഡിയോ മതിയാകും. എന്നുവെച്ചാല്‍ നിങ്ങള്‍ പുതിയ ഫോണിലേക്ക് മാറുകയോ വാട്‌സ്ആപ്പ് റീഇന്‍സ്റ്റാളാക്കുകയോ ചെയ്താല്‍ ഇനി ടെന്‍ഷന്‍ വേണ്ടെന്ന് അര്‍ത്ഥം. സാധാരണ ചെയ്യുന്നത് പോലെ നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ പഴയ വാട്‌സആപ്പിലെ ചാറ്റുകളും ഫോട്ടോകളും വോയിസ് നോട്ടുകളും സെക്കന്റുകള്‍ക്കുള്ളില്‍ ലഭിക്കും. മാത്രവുമല്ല പഴയത് പോലെ നിങ്ങളുടെ വാട്‌സ്ആപ്പ് ബാക്കപ്പ് പ്രൈവറ്റായി തന്നെ തുടരും. വാട്‌സ്ആപ്പിനോ ഗൂഗ്ള്‍ പോലുള്ള ക്ലൗഡ് പ്രൊവൈഡറിനോ ഇത് കാണാനും കഴിയില്ല.

എന്ന് മുതല്‍ കിട്ടും

പുതിയ ഫീച്ചറുകള്‍ അധികം വൈകാതെ ഉപയോക്താക്കളിലെത്തിക്കുമെന്നാണ് വാട്‌സാപ്പ് പറയുന്നത്. ഈ ഫീച്ചര്‍ എങ്ങനെ എനേബിള്‍ ചെയ്യണമെന്നും വിശദീകരിക്കാം. ആദ്യം വാട്‌സ്ആപ്പിലെ സെറ്റിംഗ്‌സിലെത്തി ചാറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഇവിടെ ചാറ്റ് ബാക്കപ്പ് എന്നൊരു ഓപ്ഷന്‍ കാണാന്‍ കഴിയും. ഇതില്‍ നിന്നും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പിലെത്തി പാസ്‌കീ എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്യാവുന്നതാണ്.

WhatsApp now lets users unlock encrypted chat backups with fingerprints, adding an extra layer of security to private conversations

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT