Tech

വാട്‌സാപ്പിന് സര്‍ക്കാര്‍ മുന്നറിയിപ്പ്; വിദേശ തട്ടിപ്പ് കോളുകള്‍ 50% കുറയ്ക്കുമെന്ന് കമ്പനി

രാജ്യത്ത് ഒട്ടേറെ പേര്‍ക്കാണ് വാട്‌സാപ്പില്‍ വിദേശ വെര്‍ച്വല്‍ നമ്പറുകളില്‍ നിന്ന് മിസ്ഡ് കോളുകള്‍ ലഭിക്കുന്നത്.

Dhanam News Desk

നിയമപരമായ നോട്ടീസ് അയക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വിദേശ നമ്പറുകളില്‍ നിന്നുള്ള തട്ടിപ്പ് മിസ്ഡ് കോളുകളുടെ കാര്യത്തില്‍ നടപടിയുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്. തട്ടിപ്പ് കോളുകളുടെ 50 ശതമാനമെങ്കിലും ഉടന്‍ കുറയ്ക്കുന്നതിന് അടിയന്തരമായി സാങ്കേതിക സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് വാട്‌സാപ് അറിയിച്ചു.

മുന്നറിയിപ്പിന് പിന്നാലെ

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള മിസ്ഡ് കോളുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വാട്‌സാപ്പിന് നോട്ടിസ് അയയ്ക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് കമ്പനിയുടെ നീക്കം. ഈ മിസ്ഡ് കോളുകള്‍ സൈബര്‍ തട്ടിപ്പിലേക്കാണ് എത്തിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര ടെലികോം വകുപ്പും ഇടപെട്ടിരുന്നു.

തട്ടിപ്പിനിരയായവര്‍ ഏറെ 

കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഒട്ടേറെ പേര്‍ക്കാണ് വാട്‌സാപ്പില്‍ വിദേശ വെര്‍ച്വല്‍ നമ്പറുകളില്‍ നിന്ന് മിസ്ഡ് കോളുകള്‍ ലഭിക്കുന്നത്. അടുത്തിടെ പലര്‍ക്കും +84, +62, +60, +254, +84, +63, +1(218) തുടങ്ങിയ നമ്പറുകളില്‍ നിന്ന് അജ്ഞാത കോളുകള്‍ വരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇവിടെ നിന്നാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പിന്നീട് ഇത് വ്യക്തിയുടെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലേക്ക് എത്തിക്കുന്നു. പലരും ഈ തട്ടിപ്പിനിരയായിട്ടുണ്ട്. കഴിവതും ഇത്തരം നമ്പറുകളോട് പ്രതികരിക്കാതിരിക്കുക. കൂടാതെ അവ ബ്ലോക്ക് ചെയ്യാനും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT