ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് പ്രമുഖ മെസേജിങ് ആപ്പായ വാട്‌സാപ്പ് (WhatsApp) പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രധാനപ്പെട്ട വിവരങ്ങളോ രഹസ്യങ്ങളോ ചാറ്റില്‍ പെട്ടെന്ന് മറ്റുള്ളവര്‍ കാണാത്ത രീതിയില്‍ മറച്ചുവെക്കാന്‍ സഹായിക്കുന്ന 'സ്‌പോയിലര്‍ മെസേജസ്' (Spoiler Messages) എന്ന ഫീച്ചറാണ് വാട്‌സാപ്പ് വികസിപ്പിക്കുന്നത്. നിലവിലുള്ള ബോള്‍ഡ്, ഇറ്റാലിക്‌സ് തുടങ്ങിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ടൂളുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ സ്‌പോയിലര്‍ ഓപ്ഷനും ലഭ്യമാകുക. പ്രമുഖ വാട്‌സാപ്പ് അപ്‌ഡേറ്റ് ട്രാക്കറായ WABetaInfo ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
നിങ്ങള്‍ അയക്കുന്ന മെസേജിലെ ചില വാക്കുകളോ അല്ലെങ്കില്‍ മുഴുവന്‍ വാക്യങ്ങളോ ഒരു 'ബ്ലര്‍' (Blur) അല്ലെങ്കില്‍ ഗ്രേ കളര്‍ ലെയറിന് പിന്നില്‍ ഒളിപ്പിച്ചു വെക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. സാധാരണ രീതിയില്‍ മെസ്സേജ് ടൈപ്പ് ചെയ്ത ശേഷം മറച്ചുവെക്കേണ്ട ഭാഗം ലോംഗ് പ്രസ്സ് ചെയ്ത് സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന കട്ട്, കോപ്പി ഓപ്ഷനുകള്‍ക്ക് സമീപമുള്ള ത്രീ-ഡോട്ട് (Three dots) മെനുവില്‍ നിന്നും 'Spoiler' എന്നത് തിരഞ്ഞെടുക്കുക.
നിങ്ങള്‍ മെസ്സേജ് അയച്ചു കഴിഞ്ഞാല്‍, ലഭിക്കുന്ന ആളുടെ ഫോണില്‍ ഈ ഭാഗം വ്യക്തമല്ലാതെ മാത്രമായിരിക്കും കാണിക്കുക. റിസീവര്‍ ആ ബ്ലര്‍ ചെയ്ത ഭാഗത്ത് ടാപ്പ് ചെയ്താല്‍ മാത്രമേ അതിനുള്ളിലെ യഥാര്‍ത്ഥ വിവരങ്ങള്‍ കാണാന്‍ സാധിക്കൂ.
ചാറ്റില്‍ നിന്നും പുറത്തുകടന്ന് വീണ്ടും വരുമ്പോള്‍ ഈ മെസ്സേജുകള്‍ തനിയെ പഴയപടി ബ്ലര്‍ ആയി മാറുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ ടെക്സ്റ്റിന് മുന്നിലും പിന്നിലും '||' (Double Pipes) ടൈപ്പ് ചെയ്തും ഉപഭോക്താക്കള്‍ക്ക് ഈ ഫോര്‍മാറ്റ് മാനുവലായി ഉപയോഗിക്കാം.
ഒട്ടനവധി ആളുകളുള്ള ഗ്രൂപ്പുകളില്‍ ഒരു സിനിമയുടെയോ മാച്ചിന്റെയോ റിസള്‍ട്ട് (Spoiler) പങ്കുവെക്കുമ്പോള്‍, അത് കാണാന്‍ താല്പര്യമില്ലാത്തവരുടെ 'സര്‍പ്രൈസ്' നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും.
രഹസ്യ വിവരങ്ങള്‍ സുരക്ഷിതമാക്കാമെന്നതാണ് മറ്റൊരു ഗുണം. ഒടിപി , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ അല്ലെങ്കില്‍ വ്യക്തിപരമായ മറ്റ് പാസ്വേഡുകള്‍ എന്നിവ ചാറ്റില്‍ അയക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ പെട്ടെന്ന് നോക്കിയാല്‍ പോലും കാണാത്ത രീതിയില്‍ സുരക്ഷിതമാക്കാന്‍ ഇതിലൂടെ സാധിക്കും.
നിലവില്‍, ഈ ഫീച്ചര്‍ ടെക്സ്റ്റ് മെസേജുകള്‍ക്കും മീഡിയ ക്യാപ്ഷനുകള്‍ക്കും (ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഒപ്പം നല്‍കുന്ന വിവരണങ്ങള്‍) മാത്രമേ ലഭ്യമാകൂ എങ്കിലും, ഭാവിയില്‍ ഇത് നേരിട്ട് ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ടെലിഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ നിലവിലുള്ള ഈ ഫീച്ചര്‍ വാട്‌സാപ്പിലേക്ക് എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ചാറ്റുകളില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ബീറ്റാ വേര്‍ഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ഫീച്ചര്‍ വരും ആഴ്ചകളില്‍ തന്നെ പൊതുജനങ്ങള്‍ക്കായി ആഗോളതലത്തില്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ടെക്സ്റ്റ് മെസ്സേജുകള്‍ക്ക് മാത്രമായിരിക്കും ഈ ഫീച്ചറെങ്കിലും, ഭാവിയില്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഇത് ബാധകമാക്കാന്‍ വാട്‌സാപ്പ് പദ്ധതിയിടുന്നുണ്ട്.
വാട്‌സാപ്പില്‍ തുടര്‍ച്ചയായി പ്രൈവസി ഫീച്ചറുകള്‍ ഒരുക്കി വരികയാണ് മെറ്റ. നിലവില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍, ഡിസപ്പിയറിംഗ് മെസേജ്, സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിംഗ്, ഫോട്ടോകളും വീഡിയോസിനും വ്യൂ വണ്‍സ് ഓപ്ഷന്‍ തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ട്.
WhatsApp is introducing a new Spoiler Messages feature that allows users to blur sensitive text and captions for enhanced privacy and controlled chat visibility.
Read DhanamOnline in English
Subscribe to Dhanam Magazine