വാട്‌സാപ്പ് ഉപയോഗിക്കുന്ന പലരുടെയും പ്രശ്‌നമാണ് ഫോണ്‍നമ്പര്‍ പരസ്യമാകുന്നുവെന്നത്. ടെലിഗ്രാം മോഡലില്‍ ഫോണ്‍നമ്പര്‍ അറിയിക്കാതെ വാട്‌സാപ്പ് ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ഇപ്പോഴിതാ ആളുകള്‍ കാത്തിരുന്ന ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്പ്.
സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ചരിത്രത്തിലെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റുകളിലൊന്ന് അവതരിപ്പിച്ചുകൊണ്ട് പുതിയ വാട്‌സാപ്പ് സിഇഒ കുനാല്‍ ഷാ യൂസര്‍നെയിം (Usernames) സംവിധാനം പ്രഖ്യാപിച്ചിരിക്കുകയാണ്. എക്‌സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പോസ്റ്റിലൂടെ കുനാല്‍ ഷാ താന്‍ ഇതിനകം തന്നെ തന്റെ യൂസര്‍നെയിം സ്വന്തമാക്കിയ കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
പുതിയ ഫീച്ചര്‍ അധികം വൈകാതെ ഉപയോക്താക്കളിലേക്ക് എത്തും. പുതിയ ആളുകളുമായി ചാറ്റ് തുടങ്ങാന്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യേണ്ടതില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. പകരം, ഒരു യൂസര്‍നെയിം ഉപയോഗിച്ചാല്‍ മതി.
യൂസര്‍നെയിം റിസര്‍വ് ചെയ്യാന്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക. അതിനു ശേഷം Settings ല്‍ accountil പോയി Username എന്ന ഓപ്ഷനില്‍ പോയി ലഭ്യമായ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുക്കാം. ആദ്യം റിസര്‍വ് ചെയ്യുന്നവര്‍ക്കാകും ഇഷ്ടപ്പെട്ട യൂസര്‍നെയിം ലഭിക്കുക.
ഈ ഫീച്ചര്‍ ഘട്ടംഘട്ടമായി ലോകമെമ്പാടും എത്തും. Username റിസര്‍വേഷന്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, എല്ലാവര്‍ക്കും ഫീച്ചര്‍ ലഭിക്കാന്‍ കുറച്ച് സമയം എടുക്കും.
യൂസര്‍നെയിമുകള്‍ 35 അക്ഷരങ്ങള്‍ വരെ നീളമുള്ളതാകാം. ഇതിനായി ചില പ്രത്യേക നിയമങ്ങള്‍ ഉണ്ടാകുമെന്നും വാട്‌സാപ്പ് അറിയിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ യൂസര്‍നെയിം അപ്‌ഡേറ്റ് ചെയ്യാനോ മാറ്റാനോ നീക്കം ചെയ്യാനോ സാധിക്കും.
വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാകുന്നത് തടയാന്‍ പ്രമുഖ വ്യക്തികളുടെയും സെലിബ്രിറ്റികളുടെയും പേരിലുള്ള യൂസര്‍നെയിമുകള്‍ വാട്‌സാപ്പ് മുന്‍കൂട്ടി റിസര്‍വ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine