പ്രമുഖ സ്മാർട്ട്ഫോൺ ബ്രാന്റുകളുടെ വിൽപ്പന നിരോധിച്ച് ഇന്തോനേഷ്യ സർക്കാർ. ആപ്പിൾ ഐഫോൺ, ഗൂഗിൾ പിക്സൽ ഫോൺ എന്നിവക്കാണ് ഇന്തോനേഷ്യയിൽ വിൽപ്പന നിരോധനം. രാജ്യത്ത് വിൽക്കുന്ന സ്മാർട്ട് ഫോണുകളിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ നിർബന്ധമാണെന്നാണ് ഇന്തോനേഷ്യൻ സർക്കാരിന്റെ ചട്ടം. ഇത് പാലിക്കാത്ത ഉൽപ്പന്നങ്ങൾക്കാണ് നിരോധനം കൊണ്ടുവരുന്നത്. ആപ്പിൾ, ഗൂഗിൾ കമ്പനികളുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്തോനേഷ്യ പ്രധാന വിപണി അല്ലാത്തതിനാൽ ഈ കമ്പനികൾ നിരോധനത്തെ കാര്യമായി എടുത്തിട്ടില്ല. ആപ്പിൾ ഫോണുകൾ ആവശ്യമുള്ള ഇന്തോനേഷ്യക്കാർക്ക് അത് വിദേശരാജ്യങ്ങളിൽ നിന്ന് വാങ്ങാൻ അവസരം ഉണ്ടെന്ന് ആപ്പിൾ കമ്പനി അറിയിച്ചു.
സ്റ്റാർട്ടപ്പുകളെ വളർത്താനുള്ള ശ്രമം
ഇന്തോനേഷ്യയിലെ സ്റ്റാർട്ടപ്പ് കമ്പനികളെ വളർത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രമുഖ സ്മാർട്ട് ഫോണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ 40 ശതമാനം പാർട്സുകൾ പ്രാദേശികമായി നിർമ്മിച്ചവ ആകണമെന്നാണ് സർക്കാർ നിഷ്കർഷിക്കുന്നത്. എന്നാൽ ആപ്പിൾ പോലുള്ള പ്രമുഖ കമ്പനികൾ ഇത് പാലിക്കുന്നില്ല. അതേസമയം ഇന്തോനേഷ്യയിൽ കൂടുതൽ വിറ്റു പോകുന്ന സ്മാർട്ട് ഫോണുകളുടെ നിർമ്മാതാക്കളായ ഓപ്പോ, സാംസങ് എന്നിവർ പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ സ്റ്റാർട്ടപ്പ് കമ്പനികളുമായി ചൈനീസ് കമ്പനികൾ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്.
പ്രമുഖ ബ്രാൻഡുകൾ നിരോധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇന്തോനേഷ്യയിൽ തന്നെ എതിർപ്പുകൾ ഉയരുന്നുണ്ട്. രാജ്യത്ത് വ്യവസായ നിക്ഷേപം വരുന്നത് തടയാൻ ഇത് കാരണമാകും എന്നാണ് പ്രധാന വിമർശനം.
Read DhanamOnline in English
Subscribe to Dhanam Magazine