Tech

വിന്‍ഡോസ് 10നോട് ബൈബൈ പറഞ്ഞ് മൈക്രോസോഫ്റ്റ്, സൗജന്യ സപ്പോര്‍ട്ട് ഇനിയില്ല

സെപ്റ്റംബര്‍ വരെയുള്ള ഡേറ്റയനുസരിച്ച് വിന്‍ഡോസ് ഉപയോക്താക്കളുടെ 40 ശതമാനവും വിന്‍ഡോസ് 10ല്‍ തുടരുകയാണ്

Dhanam News Desk

ഇന്ന് മുതല്‍ (ഒക്ടോബര്‍ 14) വിന്‍ഡോസ് 10 (Windows 10) ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സൗജന്യ സപ്പോര്‍ട്ട് നിര്‍ത്തലാക്കി മൈക്രോ സോഫ്റ്റ് (Microsoft). ലോകമെമ്പാടും ലക്ഷക്കണക്കിന് കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 10. മൈക്രോ സോഫ്റ്റ് 2021 ല്‍ വിന്‍ഡോസ് 11 (Windows 11) അവതരിപ്പിച്ചെങ്കിലും സെപ്റ്റംബര്‍ വരെയുള്ള ഡേറ്റയനുസരിച്ച് വിന്‍ഡോസ് ഉപയോക്താക്കളുടെ 40 ശതമാനവും വിന്‍ഡോസ് 10ല്‍ തുടരുകയാണ്.

ഇനിയും വിന്‍ഡോസ് 10ല്‍ തുടരുന്നവര്‍ക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സൗജന്യ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളോ സെക്യുരിറ്റി സഹായങ്ങളോ ടെക്‌നിക്കല്‍ അസിസ്റ്റന്‍സോ ലഭിക്കില്ലെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിന്‍ഡോസ് 10 തുടര്‍ന്നും പ്രവര്‍ത്തനക്ഷമമായിരിക്കും. യഥാസമയ പിന്തുണ ഇല്ലാത്തതു മൂലം വൈറസ് ആക്രമണങ്ങള്‍ക്കും മാല്‍വെയറുകള്‍ക്കും മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയമാകാന്‍ സാധ്യത കൂടുതലാണ്.

വിന്‍ഡോസ് 11ല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ട്. വിന്‍ഡോസ് 10ല്‍ ഇനിയും തുടരുന്നത് ഹാക്കര്‍മാരുടെ ലക്ഷ്യകേന്ദ്രമായി മാറാന്‍ കാരണമായേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എങ്ങനെ സുരക്ഷിതമാക്കാം

കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം വിന്‍ഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക എന്നതാണ് സുരക്ഷിതമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം. നാല് വര്‍ഷത്തിലധികം പഴക്കമുള്ള പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 11 സപ്പോര്‍ട്ട് ചെയ്യില്ല. ഏറ്റവും കുറഞ്ഞത് നാല് ജിബി റാം, 64 ജിബി സ്‌റ്റോറേജ്, ടി.പി.എം 2.0 സെക്യൂരിറ്റി ചിപ്പ് എന്നിവയുള്ള കംപ്യൂട്ടറുകളിലാണ് അപ്‌ഗ്രേഡ് സാധ്യമാവുക.

മൈക്രോസോഫ്റ്റ് ഇത് ചെക്ക് ചെയ്യാനായി സൗജന്യ ടൂള്‍കിറ്റ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ പ്രോസസറിന്റെ പിന്തുണയുള്ളതാണിത്.

പഴയ കംപ്യൂട്ടറുകള്‍ എന്തു ചെയ്യും

വിന്‍ഡോസ് 11 സപ്പോര്‍ട്ട് ചെയ്യുന്നതിന് ആവശ്യമായ സ്‌പെസിഫിക്കേഷനില്ലാത്ത പഴയ കംപ്യൂട്ടറുകള്‍ക്കായി ഒരു വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് സെക്യൂരിറ്റി അപ്‌ഡേറ്റ്‌സ് മൈക്രോസോഫ്റ്റ് നല്‍കുന്നുണ്ട്. ഇത് വഴി 2026 ഒക്ടേബര്‍ 13 വരെ ഈ കംപ്യൂട്ടറുകള്‍ ഉപയോഗിക്കാനാകും, മൈക്രോസോഫ്റ്റ് അക്കൗണ്ട് വഴി ഇതില്‍ സൗജന്യമായി സൈന്‍ഇന്‍ ചെയ്യാം. അക്കൗണ്ട് ഇല്ലെങ്കില്‍ 30 ഡോളര്‍ അല്ലെങ്കില്‍ 1,000 റിവാര്‍ഡ് പോയിന്റുകള്‍ ചെലവഴിക്കേണ്ടി വരും.

ഇതിനു താല്‍പര്യമില്ലാത്തവര്‍ക്ക് മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റംസിലേക്ക് മാറാം. ലിനക്‌സ് അത്തരത്തിലൊരു പകരക്കാരനാണ്.

Microsoft ends free support for Windows 10, urging users to upgrade to Windows 11 for enhanced security.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT