ഉപയോക്താക്കള്‍ ദീര്‍ഘകാലമായി കാത്തിരുന്ന ഷവോമി 17 സീരിസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഷവോമി 17 (Xiaomi 17), ഷവോമി 17 അള്‍ട്ര (Xiaomi 17 Ultra) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഡിസംബറില്‍ ചൈനീസ് വിപണിയില്‍ എത്തിച്ച മോഡലുകള്‍ക്ക് ആരാധകരേറെയാണ്. ഷവോമി 17 മോഡലിന് 89,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഷവോമി 17 അള്‍ട്ര മോഡലിന്റെ വില 1,39,999 രൂപ മുതലാണ്.
ഫോട്ടോഗ്രാഫിക്ക് വലിയ പ്രാധാന്യം നല്കിയാണ് ഷവോമി 17 സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റമാണ് ഇതിലുള്ളത്. ലൈക്കയുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറയാണ് ഈ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഷവോമി 17 അള്‍ട്ര മോഡലില്‍ 200എംപി ടെലിഫോട്ടോ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ദൂരത്തിലുള്ള ചിത്രങ്ങള്‍ പോലും മികച്ച നിലവാരത്തില്‍ പകര്‍ത്താന്‍ സഹായിക്കും.
കുറഞ്ഞ വെളിച്ചത്തില്‍ മികച്ച പ്രകടനത്തിനായി ലൈറ്റ് ഫ്യൂഷന്‍ 950 ഇമേജ് സെന്‍സറും പരമാവധി വ്യക്തത ഉറപ്പാക്കാന്‍ ലെയ്ക സമ്മിലക്‌സ് ഒപ്റ്റിക്കല്‍ ലെന്‍സും ഉപയോഗിച്ചിട്ടുണ്ട്. സെല്‍ഫി പ്രേമികള്‍ക്കായി മുന്‍പില്‍ 50എംപി എഫ് സെല്‍ഫി ക്യാമറയുമുണ്ട്. എഐ അധിഷ്ടിതമായതിനാല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പെര്‍ഫെക്ഷന്‍ കൂടുമെന്നാണ് കമ്പനിയുടെ അവകാശവാദം. മൊബൈല്‍ ഫോട്ടോഗ്രാഫിയെയും വ്‌ളോഗര്‍മാരെയും ലക്ഷ്യമിട്ടാണ് ഈ മോഡല്‍.
ഷവോമി 17 പുറത്തിറങ്ങുന്നതിനൊപ്പം മാര്‍ച്ച് 13 മുതല്‍ 17 വരെ നീണ്ടുനില്‍ക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് ഓഫറും ഉണ്ട്. ഈ കാലയളവിനുള്ളില്‍ വാങ്ങുന്നവര്‍ക്ക് 256 ജിബി മോഡലിന്റെ വിലയ്ക്ക് 512 ജിബി സ്റ്റോറേജ് വേരിയന്റ് സ്വന്തമാക്കാം. കൂടാതെ, 9,999 വിലയുള്ള സൗജന്യ ഫോണ്‍ ഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാനും ഓഫറില്‍ ഉള്‍പ്പെടുന്നു. നാല് മാസത്തെ സ്പോട്ടിഫൈ പ്രീമിയം സ്റ്റാന്‍ഡേര്‍ഡും മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയവും ഗോയും ഈ കാലയളവില്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ലഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine