Image Courtesy: Canva 
Tech

യൂട്യൂബില്‍ പരസ്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയോ? ₹ 75 രൂപയ്ക്ക് പ്രീമിയം ലൈറ്റ് എത്തുന്നു

മിക്ക വീഡിയോകളിലും പരസ്യരഹിത ഉപയോക്തൃ അനുഭവമാണ് പ്രീമിയം ലൈറ്റ് വാഗ്ദാനം ചെയ്യുന്നത്

Dhanam News Desk

ലോകത്തിലെ ഏറ്റവും ജനപ്രിയമായ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. പക്ഷെ യൂട്യൂബില്‍ വീഡിയോകള്‍ കാണുമ്പോള്‍ ഉപയോക്താക്കളെ ശല്ല്യപ്പെടുത്തുന്ന പ്രധാന ഘടകമാണ് പരസ്യങ്ങള്‍. യൂട്യൂബില്‍ പരസ്യങ്ങള്‍ ഒഴിവാക്കാനായി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്‍ എടുക്കുകയാണ് വേണ്ടത്. ഇതിനായി ഉപയോക്താക്കള്‍ നിശ്ചിത തുക മാസവും നല്‍കേണ്ടതുണ്ട്.

പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്റെ പകുതി വിലയിൽ പുതിയ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. അതേസമയം പ്രീമിയം ലൈറ്റില്‍ പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുളള സേവനമായിരിക്കില്ല ലഭിക്കുക. പകരം തിരഞ്ഞെടുത്ത കുറച്ച് പരസ്യങ്ങള്‍ ഇതില്‍ ഉണ്ടാകും.

പ്രീമിയം ലൈറ്റ് പ്രതിമാസം 8.99 ഡോളര്‍ നിരക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് 16.99 ഡോളറാണ് വാടക. പ്രീമിയം ലൈറ്റ് 50 ശതമാനം കുറവിലാണ് ലഭ്യമാക്കിയിട്ടുളളത്.

ഓഫ്‌ലൈൻ ഡൗൺലോഡുകൾ സാധിക്കില്ല

നിലവില്‍ ഈ സവിശേഷത യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. താമസിയാതെ കമ്പനി ഇത് ഇന്ത്യയിലും ലഭ്യമാക്കുമെന്നാണ് കരുതുന്നത്. യൂട്യൂബ് പ്രീമിയം പ്ലാനിന് ഇന്ത്യയില്‍ പ്രതിമാസം 149 രൂപ നിരക്കിലാണ് ലഭിക്കുന്നത്. പ്രീമിയം ലൈറ്റ് ഇന്ത്യയില്‍ ആരംഭിക്കുകയാണെങ്കില്‍ ഏകദേശം 75 രൂപ ചെലവില്‍ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ജർമ്മനി, തായ്‌ലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് പ്രീമിയം ലൈറ്റ് നിലവില്‍ യൂട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണം വിജയകരമാകുന്നതിന് അനുസരിച്ച് ഇന്ത്യയിലും സേവനം ലഭ്യമാകും.

മിക്ക വീഡിയോകളിലും പരസ്യരഹിത ഉപയോക്തൃ അനുഭവമാണ് പ്രീമിയം ലൈറ്റ് പ്രദാനം ചെയ്യുന്നത്. എന്നാൽ ഉപയോക്താക്കൾക്ക് സംഗീത ഉള്ളടക്കത്തിലും ഹ്രസ്വ വീഡിയോകളിലും നാമ മാത്രമായി പരസ്യങ്ങൾ കാണാനാകും. അതേസമയം, പ്രീമിയം ലൈറ്റ് വരിക്കാർക്ക് യൂട്യൂബ് മ്യൂസിക്കില്‍ ഓഫ്‌ലൈൻ ഡൗൺലോഡുകൾ, ബാക്ക്‌ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ ആസ്വദിക്കാന്‍ സാധിക്കില്ല എന്ന പോരായ്മയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT