Tech

സംരംഭകനാകാന്‍ ധ്രുവ് റാഠി; എഐ മോഡലുകള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം; അനുഭവം ഗുരുവെന്ന് പ്രമുഖ യുട്യൂബര്‍

പലയിടങ്ങളിലായി എഐ മോഡലുകളെ ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക് ഒരിടത്ത് അതെല്ലാം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയാണ് എഐ ഫിയസ്റ്റ ചെയ്യുന്നത്

Dhanam News Desk

സ്വന്തം അനുഭവത്തില്‍ നിന്ന് പുതിയൊരു സംരംഭവുമായി എത്തിയിരിക്കുകയാണ് പ്രമുഖ യൂട്യൂബറായ ധ്രുവ് റാഠി. യൂട്യൂബില്‍ മൂന്ന് കോടിയിലേറ സബ്‌സ്‌ക്രൈബറുള്ള, സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ് സെറ്ററായ ധ്രുവ്, തന്റെ ജോലിക്കിടയില്‍ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്ന് വ്യത്യസ്ത എഐ മോഡലുകളിലേക്കുള്ള പ്രവേശനമായിരുന്നു. പല രീതിയിലുള്ള സേവനങ്ങള്‍ നല്‍കുന്ന എഐ മോഡലുകള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ലഭിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ നിന്നാണ് പുതിയ കമ്പനിയായ എഐ ഫിയസ്റ്റക്ക് (AI Fiesta) തുടക്കം കുറിച്ചിരിക്കുന്നത്. പലയിടങ്ങളിലായി എഐ മോഡലുകളെ ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക് ഒരിടത്ത് അതെല്ലാം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയാണ് എഐ ഫിയസ്റ്റ ചെയ്യുന്നതെന്ന് പുതിയ സ്റ്റാര്‍ട്ടപ്പ് ലോഞ്ചിംഗിനിടെ ധ്രൂവ് റാഠി പറഞ്ഞു.

എല്ലാം ഒരു ഇന്റര്‍ഫേസില്‍

എഐ ടൂളുകളായ ചാറ്റ് ജിപിടി, ജെമിനി, ക്ലൗഡി, ഗ്രോക്ക്, പെര്‍പ്ലക്‌സിറ്റി എന്നിവയെല്ലാം എഐ ഫിയസ്റ്റയുടെ ഒരൊറ്റ ഇന്റര്‍ഫേസില്‍ ലഭ്യമാക്കുകയാണ്. ഇവ ഓരോന്നും 20 മുതല്‍ 30 ഡോളര്‍ വരെ മാസം തോറും നല്‍കി ഉപയോഗിക്കുമ്പോഴും വിവിധ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഓരോ ടൂളുകളും ഓരോ സേവനങ്ങളാണ് നല്‍കുന്നത്. ഇവയെല്ലാം സബ്‌സ്‌ക്രൈബ് ചെയ്യുന്നത് സാമ്പത്തിക ചെലവ് വര്‍ധിപ്പിക്കും. എല്ലാം ഒരു ഇന്റര്‍ഫേസില്‍ കുറഞ്ഞ ചെലവിലാണ് എഐ ഫിയസ്റ്റ ലഭ്യമാക്കുന്നത്. ധ്രുവ് റാഠി പറയുന്നു.

പ്രീമിയം മോഡലുകളും

ചാറ്റ് ജിപിടി 5 പ്ലസ്, ജെമിനി 2.5 പ്രോ, ക്ലൗഡി 4 സോണറ്റ്, ഗ്രോക്ക് 4, പെര്‍പ്ലക്‌സിറ്റി സോണാര്‍ പ്രോ എന്നീ പ്രീമിയം ടൂളുകളെല്ലാം എഐ ഫിയസ്റ്റയുടെ ചാറ്റ് വിന്‍ഡോയില്‍ ലഭ്യമാക്കും. എല്ലാ ടൂളുകളുടെയും പ്രത്യേകതകളെ കുറിച്ചുള്ള വിവരണവും ഇതിലുണ്ടാകും. പ്രതിമാസ നിരക്കുകള്‍ 999 രൂപ വരെയാണ്. മറ്റ് ടൂളുകള്‍ക്ക് ഇല്ലാത്ത യുപിഐ പെയ്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ പ്രാദേശിക ഭാഷയിലും സേവനം നല്‍കും. സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് 25 മേഖലകളിലുള്ള പ്രോംപ്റ്റ് ബുക്ക് സൗജന്യമായി നല്‍കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT