എന്റെ ജോലിയില്‍ രണ്ട് തലത്തിലുള്ളവയുണ്ട്. ബോണിലാണെങ്കില്‍ (ജര്‍മനി) രാവിലെ എട്ടിന് ഓഫീസിലെത്തും. എല്ലാ രാജ്യത്തും പ്രവര്‍ത്തനങ്ങളുള്ളതിനാല്‍ തലേന്നത്തെ ഓഫീസ് സമയം കഴിഞ്ഞ് വന്ന് കിടക്കുന്ന മെയ്ലുകള്‍ ആദ്യം പരിശോധിക്കും. ഓഫീസിലെ ഇന്റേണല്‍ മീറ്റിംഗിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രോഗ്രാമുകളില്‍ ഓണ്‍ലൈനായും മറ്റും സംബന്ധിക്കും. ഓരോ രണ്ട് മണിക്കൂറിലും അര മണിക്കൂര്‍ ഞാന്‍ ബ്ലോക്ക് ചെയ്തിടും. ആ സമയമാണ് കേരളത്തിലെ വാര്‍ത്തകള്‍ പരിശോധിക്കുന്നത്. അതില്‍ എന്തിനെപ്പറ്റിയെങ്കിലും പ്രതികരിക്കാനുണ്ടെങ്കില്‍ ഉച്ചഭക്ഷണത്തിന് ശേഷം എഴുതും. വൈകിട്ട് ഓഫീസ് സമയം കഴിഞ്ഞാല്‍ മിക്കവാറും നടന്നാണ് താമസസ്ഥലത്തേക്ക് പോവുക. മാസത്തില്‍ പകുതി ദിവസത്തോളം യാത്രയിലാകും.
വായനയാണ് എഴുത്തിനുള്ള ഇന്ധനം. എയര്‍പോര്‍ട്ടില്‍ കാത്തിരിപ്പ് വേളയിലാണ് കൂടുതലും എഴുതുന്നത്. പിന്നെ ദീര്‍ഘസമയ വിമാനയാത്രകളില്‍ പുതിയ ടൂളുകള്‍ ഉപയോഗിച്ച് വോയ്സ് ടു ടെക്സ്റ്റ് ചെയ്യാറുണ്ട്.
ഒരിക്കലുമില്ല. വെങ്ങോലയില്‍ സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ വില്ലേജില്‍ ഒരു ജോലി. അങ്ങേയറ്റം ബാങ്ക് ക്ലര്‍ക്ക് എന്നൊക്കെയായിരുന്നു സ്വപ്നം. മുംബൈയില്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസര്‍ച്ചില്‍ ചേര്‍ന്നപ്പോഴാണ് ധാരാളം സീനിയര്‍ ഒഫീഷ്യല്‍സിനെ അടുത്ത് കാണാനും ഇടപഴകാനും സാധിച്ചത്. പിന്നീട് യുഎന്‍ ലീഡര്‍ഷിപ്പ് അക്കാദമിയിലെത്തിയപ്പോഴാണ് മനസിലായത്, ലോക നേതാക്കള്‍ അമാനുഷികരല്ല. അവരും നമ്മളെ പോലെയുള്ളവരാണ് എന്ന്. ഫോക്കസും ചിന്തകളിലെ വ്യക്തതയുമൊക്കെയാണ് അവരെ വ്യത്യസ്തരാക്കുന്നത്. ഫോക്കസ് ചെയ്താല്‍ നമുക്കും അതുപോലെയൊക്കെ ആകാമെന്ന ചിന്ത വന്നത് അപ്പോഴാണ്.
ഐഐടി തീര്‍ച്ചയായും ഒരു വഴിത്തിരിവാണ്. ഐഐടിക്കാര്‍ തള്ളുകാരാണെന്ന് പൊതുവേ പറയാറുണ്ട്. അത് സത്യവുമാണ്. ഒരു ഐഐടിക്കാരന്‍ സംസാരം തുടങ്ങി അധികം വൈകാതെ തന്നെ അയാള്‍ തന്നെ പറയും താന്‍ ഐഐടിയില്‍ നിന്നുള്ള ആളാണെന്ന്. മറ്റുള്ളവര്‍ അത് ശ്രദ്ധിക്കുകയും ചെയ്യും. യുഎന്‍ ലീഡര്‍ഷിപ്പ് അക്കാദമിയില്‍ നിന്നാണ് കോണ്‍ഫിഡന്‍സ് കിട്ടുന്നത്. ഇത് രണ്ടും ജീവിതത്തില്‍ വഴിത്തിരിവായി.
സ്വാമി വിവേകാനന്ദന്റെ സാഹിത്യ സര്‍വസ്വം. ഞാനൊരു ദൈവവിശ്വാസിയല്ല. പക്ഷേ, എന്നെ അങ്ങേയറ്റം ആഴത്തില്‍ സ്വാധീനിച്ച ഒരു രചന അതാണ്. മറ്റൊന്ന് അയ്ന്‍ റാണ്ടിന്റെ രചനകളായ അറ്റ്ലസ് ഷ്രഗ്ഗ്ഡും ഫൗണ്ടന്‍ ഹെഡ്ഡുമാണ്. പണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാമുള്ള അവരുടെ കാഴ്ചപ്പാട് എന്നെ ഏറെ സ്വാധീനിച്ചു. അടിമുടി ഇടതുപക്ഷ ആശയത്തില്‍ മുങ്ങിനിന്ന എന്നെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അതാണ്. വാസ്തവത്തില്‍ ഞാന്‍ വലതുപക്ഷ ചിന്താഗതിക്കാരനാണ്. എന്റെ ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു രാഷ്ട്രീയകക്ഷി പോലും ഇന്ന് കേരളത്തിലില്ല.
രണ്ടുപേരാണ് എന്നെ ഏറെ സ്വാധീനിച്ചത്. ഒന്ന് എന്റെ അമ്മാവന്‍, അമ്മയുടെ ആങ്ങള. രണ്ടാമത്തേയാള്‍ അച്ഛന്റെ ചേട്ടന്‍, വല്യച്ഛന്‍. ഇരുവരും അവിവാഹിതരായിരുന്നു. അമ്മാവന്‍ കര്‍ഷകനായിരുന്നു. അതിരാവിലെ ഉണരും. കൃഷിപ്പണികള്‍ തുടങ്ങും. വൈകിട്ട് വായനശാല, സാമൂഹ്യപ്രവര്‍ത്തനം അങ്ങനെയായിരുന്നു ദിനചര്യ. നാട്ടിലെ എന്ത് പുതിയ കാര്യത്തിലും മുന്നില്‍ നിന്നിരുന്നു അദ്ദേഹം. ജാതി-മത-വര്‍ണ ഭേദമില്ലാതെ ഇടപഴകിയ അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. അച്ഛന്റെ വീട്ടിലേക്ക് സ്‌കൂള്‍ അടയ്ക്കുന്ന സമയത്ത് 15 ദിവസം പോയി താമസിക്കും. അവിടെ വല്യച്ഛന്‍, ജ്യോത്സ്യനായിരുന്നു. അതിരാവിലെ ഉണരും. പിന്നെ ജപം, ധ്യാനം. നേരം പുലര്‍ന്നാല്‍ ആളുകള്‍ ജ്യോതിഷിയെ കാണാനെത്തും. വൈകിട്ട് അദ്ദേഹം അമ്പലത്തിലേക്ക് പോകും. അവിടെ പൂജയും മറ്റു കാര്യങ്ങളും. അദ്ദേഹം കോണ്‍ഗ്രസ് അനുഭാവിയായിരുന്നു.
അമ്മാവനും വല്യച്ഛനും രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നെങ്കിലും പരസ്പരം ബഹുമാനിച്ചിരുന്നു. ഇരുവരും ചുറ്റിലുമുള്ളവരെ അകമഴിഞ്ഞ് സഹായിച്ചു. ജീവിതത്തിലോ സമൂഹത്തെ സഹായിക്കുന്നതിലോ പ്രത്യയശാസ്ത്രത്തിന് വലിയ പ്രാധാന്യമില്ലെന്ന് മനസിലായത് ഇവരിലൂടെയാണ്. ഇന്നും ഐഡിയോളജിയല്ല എന്നെ നയിക്കുന്നത്. ആളുകളെ സഹായിക്കാന്‍ അതിന്റെ ആവശ്യമില്ല. ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ക്ക് അത് വലിയ ബുദ്ധിമുട്ടാണ്. ഒരു സ്ഥലത്തും ഞാന്‍ ഉറച്ചുനില്‍ക്കുന്നില്ലെന്ന് അവര്‍ പറയാറുണ്ട്.
ഒരു കക്ഷി രാഷ്ട്രീയത്തോടും താല്‍പ്പര്യമില്ല. നടപ്പാക്കാന്‍ ഒരുപാട് ആശയങ്ങളുണ്ടെങ്കിലും അതിന് രാഷ്ട്രീയക്കാരുടെ പിന്തുണ വേണം. പക്ഷേ, രാഷ്രീയത്തിലിറങ്ങി അത് നടപ്പാക്കാന്‍ താല്‍പ്പര്യമില്ല.
വിദ്യാഭ്യാസം, പിന്നെ ആരോഗ്യം. ഇത് രണ്ടുമാണ് ഒരു രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കാര്യങ്ങള്‍. മരണത്തെ കുറിച്ച് സംസാരിക്കാന്‍ എനിക്കിഷ്ടമാണ്. സ്വിറ്റ്സര്‍ലാന്റില്‍ മരിക്കണമെന്ന് തോന്നിയാല്‍ അതിന് സഹായിക്കാന്‍ എന്‍ജിഒയുണ്ട്. ഇനി മറ്റ് രാജ്യങ്ങളില്‍ നിന്ന് അവിടെ വന്ന് മരിക്കണമെന്നാഗ്രഹിക്കുന്നവരെ സഹായിക്കാനും മറ്റൊരു എന്‍ജിഒയുണ്ട്. ജീവിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മരണവും. കേരളത്തിലും ഇന്ത്യയിലും മരണവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതാണ്.
ഭയങ്കര പേടിയുള്ള ആളാണ് ഞാന്‍. എംഎ കോളെജില്‍ പഠിക്കുമ്പോള്‍ 1983ല്‍ ഒരു വിദ്യാര്‍ത്ഥി സംഘട്ടനത്തിന്റെ നടുവില്‍ ഞാന്‍ പെട്ടുപോയി. അന്നാണ് ചോര കണ്ടാല്‍ പേടിയല്ല, ധൈര്യമാണ് വരുന്നതെന്ന് മനസിലായത്. അടിക്ക് പോയാല്‍ അടി കൊള്ളുമെന്നും അന്ന് മനസിലായി. അതിനുശേഷം ഒരു സംഘര്‍ഷം കണ്ടാല്‍ അപ്പോഴേ മാറി പ്പോകും. യുഎന്നിന്റെ ജോലിയുടെ ഭാഗമായി പോകുമ്പോള്‍ യുഎന്നിന്റെ സുരക്ഷാ വകുപ്പിന്റെ സംരക്ഷണയിലാണ്. അതില്‍ എനിക്ക് അങ്ങേയറ്റം വിശ്വാസമാണ്.
മലയാളികള്‍ യഥാര്‍ത്ഥത്തില്‍ ഭാഗ്യവാന്മാരാണ്. അക്കാര്യം നാം തിരിച്ചറിയുന്നില്ലെന്ന് മാത്രം. നമ്മള്‍ എവിടെ ജനിക്കണമെന്നൊക്കെ തീരുമാനിക്കുന്നത് നമ്മളല്ല. പക്ഷേ നമ്മള്‍ മലയാളികള്‍ എന്തുകൊണ്ടും സമാധാന പൂര്‍ണമായ നാട്ടിലാണ് ജീവിക്കുന്നത്. ഇപ്പോഴും നല്ല കാര്യങ്ങളുള്ള നാട് തന്നെയാണ്. ഇതിനെ കൂടുതല്‍ നല്ല രീതിയിലേക്ക് മാറ്റി, വരും തലമുറയ്ക്ക് കൈമാറാനാണ് നാം ശ്രമിക്കേണ്ടത്.
(യുഎന്‍ കണ്‍വെന്‍ഷന്‍ ടു കോംപാറ്റ് ഡെസേര്‍ട്ടിഫിക്കേഷന്‍ കോര്‍ഡിനേഷന്‍ ഓഫീസ് ഡയറക്റ്ററാണ് മുരളി തുമ്മാരുകുടി)
ധനം ദ്വൈവാരിക മാര്‍ച്ച് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine