Ullilirippu

ബോധം വന്നപ്പോള്‍ തലയില്‍ ആറ് സ്റ്റിച്ച്!

ആരോഗ്യ വകുപ്പ് മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.കെ ഷൈലജ ധനം മാഗസിന്റെ 'ഉള്ളിലിരിപ്പ്' എന്ന പംക്തിയില്‍ നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം വായിക്കാം.

Dhanam News Desk

രാവിലെ എഴുന്നേറ്റാല്‍

നേരത്തെ എഴുന്നേല്‍ക്കും. വീട്ടിലാണെങ്കില്‍ അതിരാവിലെ തന്നെ കാണാന്‍ പലരും എത്തും. സാധാരണക്കാരും പാര്‍ട്ടി പ്രവര്‍ത്തകരുമൊക്കെയുണ്ടാകും... പലപ്പോഴും അവരെ കണ്ടുംകേട്ടുമാണ് ദിവസം തുടങ്ങുന്നത്.

ഇഷ്ട ഭക്ഷണം

ഏറ്റവും ഇഷ്ടം ചക്കപ്പുഴുക്കാണ്. ചക്ക വിഭവങ്ങളെല്ലാം ഇഷ്ടമാണ്. കപ്പയും മത്തിയും നല്ല ഇഷ്ടമായിരുന്നു. ഇപ്പോഴത് ശരീരത്തിന് പിടിക്കുന്നില്ല. പാചകത്തില്‍ വലിയഎക്‌സ്പേര്‍ട്ടല്ല. പിന്നെ ഭക്ഷണം പാകം ചെയ്യുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണല്ലോ.

ഹോബികള്‍ എന്തൊക്കെയാണ്

പുസ്തക വായനയും സിനിമ കാണലുമാണ്. തിരഞ്ഞെടുത്ത് സിനിമ കാണാറില്ല. ഇപ്പോഴത്തെ തലമുറയില്‍ ബേസില്‍ ജോസഫിന്റെ സിനിമ ഇഷ്ടമാണ്. മിക്കവാറും സിനിമ ഇറങ്ങിയ ഉടനെ കാണാന്‍ ശ്രമിക്കും. ജയറാം അഭിനയിച്ച സിനിമ മുമ്പൊക്കെ ഇറങ്ങിയ ഉടന്‍ കാണാറുണ്ടായിരുന്നു.

പുസ്തക വായന

നോവല്‍, കഥകള്‍ എന്നിവ വായിക്കും. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായി റഫറന്‍സ് ഗ്രന്ഥങ്ങള്‍ വായിക്കുന്നത് പതിവാണ്. എംടിയുടെ നോവലും കഥകളും ബഷീറിന്റെ സാഹിത്യങ്ങളുമാണ് പ്രിയപ്പെട്ടവ. പിന്നെ മാര്‍ക്‌സിയന്‍ ഗ്രന്ഥങ്ങളോടും ഇഷ്ടം. പ്രിയപ്പെട്ട എഴുത്തുകാരി സാറ ടീച്ചറാണ്.

സ്വപ്നങ്ങള്‍ എന്തൊക്കെയാണ്

ആരോഗ്യം ഉള്ളിടത്തോളം കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. അതെവിടെയാണെങ്കിലും. പ്രത്യേകമായ ഒരു സ്ഥാനം അതിന് വേണമെന്നൊന്നും ഇല്ല.

ഏറ്റവും സന്തോഷം തോന്നിയ നിമിഷം

'ടീച്ചറുടെ പാര്‍ട്ടിയൊന്നുമല്ല, പക്ഷേ എനിക്ക് ടീച്ചറെ ഇഷ്ടമാണ്...' പൊതുയിടങ്ങളില്‍ സാധാരണ ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍. ചെറിയ മക്കള്‍ വരെ 'ടീച്ചറല്ലേ' എന്ന് പറഞ്ഞ് അടുത്തേക്ക് വരുമ്പോള്‍.

വ്യക്തിജീവിതത്തിലെ നഷ്ടം

   കുടുംബവുമായി ഒന്നിച്ചുള്ള സുന്ദരമായ നിമിഷങ്ങള്‍. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായാല്‍ വ്യക്തിജീവിതത്തില്‍ കുറച്ച് കാര്യങ്ങള്‍ എന്തായാലും ത്യജിക്കേണ്ടതായി വരും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മുന്നോട്ടു പോയേ പറ്റൂ.

ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തി

എന്റെ അമ്മമ്മ. അമ്മമ്മ നല്ലൊരു വായനക്കാരിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നല്ല പ്രവര്‍ത്തകയായിരുന്നു. അയിത്തത്തിനെതിരെയൊക്കെ വലിയ പോരാട്ടം നയിച്ചയാളാണ്. അമ്മമ്മയായിരുന്നു എന്റെ റോള്‍ മോഡല്‍. സമൂഹത്തില്‍ അമ്മമ്മ ഇടപെട്ട രീതിയെല്ലാം എന്നെ പൊതുപ്രവര്‍ത്തന രംഗത്ത് സ്വാധീനിച്ചിട്ടുണ്ട്.

  ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യം

വടകര ലോക്‌സഭ തെരഞ്ഞെടുപ്പ് കാലം.ജീവിതത്തില്‍ ആദ്യമായി വ്യക്തിഹത്യ നേരിട്ട സമയമായിരുന്നു. ഓര്‍ക്കാനേ ഇഷ്ടപ്പെടാത്ത സമയങ്ങളാണ് അന്ന് കടന്നുപോയത്. പിന്നീടും അതിന്‍മേല്‍ വിവാദങ്ങളുണ്ടായി.

ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവം

   സജീവ രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ പല സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ചെറിയ രീതിയിലൊക്കെ ലാത്തിയടിയേറ്റിട്ടുമുണ്ട്. കണ്ണൂരില്‍ ആദിവാസി ഭൂസമരം ശക്തമായ സമയം. മുന്‍നിരയിലുണ്ടായിരുന്നയാളായിരുന്നു ഞാന്‍. മുദ്രാവാക്യം വിളിച്ച് മുന്നോട്ടുപോകുന്നതിനിടെ പൊലീസ് ലാത്തി വീശി. മുന്നിലുണ്ടായിരുന്ന എനിക്ക് അടിയേറ്റത് തലയ്ക്കായിരുന്നു. പിന്നെ ഞാന്‍ ആശുപത്രിയിലാണ്. ബോധം വന്നപ്പോള്‍ തലയില്‍ ആറ് സ്റ്റിച്ച്.

ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം

ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നല്ലോ. ഏഴ് വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 2004ല്‍ സ്വയം വിരമിച്ചു. ഏറെ വേദനിപ്പിച്ചതും ഈ തീരുമാനമായിരുന്നു.

വസ്ത്രധാരണത്തിലെ ശ്രദ്ധ

കോട്ടണ്‍ സാരിയാണ് ഇഷ്ടം. കുറച്ച് പട്ടുസാരിയുണ്ട്. വിശേഷ ദിവസങ്ങളില്‍ മാത്രം അതുടുക്കും. കോളെജ് പഠനകാലത്താണ് ധാവണിയില്‍ നിന്ന് സാരിയിലേക്ക് മാറിയത്.

വിമര്‍ശനങ്ങളെ എങ്ങനെയാണ് സമീപിക്കുക

കുറേ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചെറിയ തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കാം. പൊതുപ്രവര്‍ത്തന രംഗത്തുണ്ടാവുമ്പോള്‍ വിമര്‍ശനങ്ങളും സ്വാഭാവികമാണ്. അതിനെ അതിന്റെ പാട്ടിന് വിടുക. അല്ലാതെ മുന്നോട്ട് പോകാന്‍ നമുക്ക് പറ്റില്ല. കോവിഡ് കാലത്തൊക്കെ അനുഭവിച്ച സൈബര്‍ ആക്രമണങ്ങളും പ്രതിപക്ഷ വിമര്‍ശനങ്ങളുമെല്ലാം ഒരു സമയത്ത് വേദനിപ്പിച്ചു. പക്ഷേ ടീം ലീഡറായ ഞാന്‍ തന്നെ വിഷമിച്ചാല്‍ കൂടെയുള്ള ടീമിനെയും ബാധിക്കില്ലേ എന്ന ചിന്തയാണ് എല്ലാം അതിന്റെ പാട്ടിന് വിടാന്‍ തീരുമാനിക്കാന്‍ കാരണം.

മാറ്റിനിര്‍ത്തലുകളുണ്ടായിട്ടുണ്ടോ

അങ്ങനെയൊരു അനുഭവമില്ല. ചില സാഹ ചര്യങ്ങള്‍ ചിലത് നിര്‍ണയിക്കുന്നുണ്ട്.

മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹമുണ്ടോ

അങ്ങനെയൊരു ചിന്തയേ വന്നിട്ടില്ല. സാധാരണ ഒരു ഗ്രാമത്തില്‍ നിന്നും വന്ന ഞാന്‍ വലിയ എല്ലാ പദവികളിലും എത്തിയിട്ടുണ്ട്. ഇതിലപ്പുറം ഒരു പദവിയും ആഗ്രഹിക്കുന്നില്ല.

  ആത്മകഥയെ കുറിച്ച്

'മൈ ലൈഫ് ആസ് എ കോമ്രേഡ്'; അതൊരുആത്മകഥയല്ല, എന്റെ ഓര്‍മക്കുറിപ്പാണ്. അടുത്ത തലമുറ അറിയട്ടെയെന്ന് കരുതി എഴുതിയ കുറച്ചു കാര്യങ്ങള്‍. ചരിത്രവും രാഷ്ട്രീയവും എല്ലാം അതിലുണ്ട്. കുട്ടിക്കാലത്ത് ഞാന്‍ നേരിട്ടു കണ്ട സമരങ്ങള്‍, അമ്മമ്മ പങ്കുവെച്ച കുറേ രാഷ്ട്രീയാനുഭവങ്ങള്‍... ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ ആരോഗ്യ മേഖലയിലെ മാറ്റങ്ങള്‍, കോവിഡ്, നിപ കാലത്തെ പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍...അതെല്ലാമാണ് പുസ്തകത്തിലുള്ളത്.

ഭാവി കേരളം എങ്ങനെയാകണം

സൗന്ദര്യമുള്ള കുറേ മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല. യുവാക്കള്‍ സര്‍ക്കാര്‍ ജോലി മാത്രം സ്വപ്നം കാണരുത്. പുതിയ ചിന്തകളിലൂടെ പുതിയ സംരംഭങ്ങള്‍ വരട്ടെ. പുതിയ വികസനങ്ങള്‍ വരട്ടെ. കെ റെയില്‍ ഉള്‍പ്പെടെ ഭാവി തലമുറയ്ക്കായി ഉപകാരപ്പെടുന്ന നൂതന പദ്ധതികളെ കുറിച്ച് ചര്‍ച്ചകള്‍ വരട്ടെ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT