''ഞാനൊരു കടലാസ് കൈയിലെടുത്തു. മുകളില്‍ ഇങ്ങനെ എഴുതി -പ്രതീക്ഷിക്കുന്ന വരുമാനം അഞ്ചു കോടി. സഹോദരന്മാര്‍ 10 കോടി രൂപയുടെയൊക്കെ ബിസിനസ് ചെയ്യുന്ന കാലമാണ്. അവര്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍ ഞാന്‍ അഞ്ചു കോടിയുടെയെങ്കിലും ബിസിനസ് ചെയ്യണം. ഏതു ബിസിനസ്? കടലാസില്‍ ഒന്നു മുതല്‍ 10 വരെ താഴെത്താഴെ നമ്പറിട്ടു. ഓരോന്നിനും നേര്‍ക്ക് ചെയ്യാവുന്ന ഓരോ ബിസിനസിന്റെ പേരെഴുതി. ഓരോന്നിനെക്കുറിച്ചും തല പുകച്ചു. ഒടുവില്‍ ഹെര്‍ബല്‍ പൗഡര്‍ എന്നു തീരുമാനിച്ചു. അതിനു കാരണമുണ്ടായിരുന്നു...''
നാച്വറല്‍സ് സലൂണിന്റെ സാരഥി സി.കെ കുമരവേല്‍ മനസു തുറക്കുകയായിരുന്നു. അഞ്ചു കോടി രൂപ നഷ്ടത്തില്‍ നിന്ന് 430 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥയാണ് അതിനൊപ്പം തെളിഞ്ഞു വന്നത്. ധനം ടൈറ്റന്‍സ് ഷോയിലെ ഈ സംഭാഷണത്തിനിടയില്‍ കുമരവേല്‍ യുവസംരംഭകരോടായി പറഞ്ഞു: ''എം.ബി.എ ഡിഗ്രി കൊണ്ട് കാര്യമില്ല. ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ കിടന്നതു കൊണ്ടായില്ല. പേരിന്റെ വാലറ്റത്ത് ടാറ്റയും ബിര്‍ലയും വേണമെന്നില്ല. സംരംഭകന് വേണ്ടത് വ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവാണ്. നിര്‍ഭാഗ്യം പോലും അവസരമാക്കി മാറ്റാനുള്ള മിടുക്കാണ്. സംരംഭകത്വം എന്നാല്‍ പണമുണ്ടാക്കുകയല്ലെന്ന് കൂടി ഓര്‍ക്കണം. അത് ചെറിയൊരു ഭാഗം മാത്രം.''
''നിങ്ങളുടെ സ്വപ്നം എന്താണ്? ആ സ്വപ്നം എത്ര വലുതാണ്? അതാണ് നമ്മുടെയുള്ളിലെ സംരംഭകനെ നിശ്ചയിക്കുന്നത്. വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിക്കുക. കേവല യുക്തികളില്‍ കുടുങ്ങി നില്‍ക്കാതിരിക്കുക. എന്നുകരുതി തിരക്കിട്ട് ഒന്നും തീരുമാനിക്കരുത്. കണ്ണുമടച്ച് അപകടത്തിലേക്ക് ചാടരുത്. ഏത് അപകടവും ഏറ്റെടുക്കുക എന്നല്ല സംരംഭകനാവുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ചെയ്യാന്‍ പോകുന്ന ബിസിനസിനെ നന്നായി അറിഞ്ഞിട്ടു വേണം ചുവടു വെയ്ക്കാന്‍. ചെറിയ ലക്ഷ്യങ്ങള്‍ നേടിക്കഴിയുമ്പോള്‍ അതില്‍ തട്ടി ഊര്‍ജം ചോര്‍ന്നുപോകാതെ അടുത്ത വലിയ ലക്ഷംം നിശ്ചയിച്ച് മുന്നോട്ടു പോവുക.''
ലോകത്തെ നമ്പര്‍ വണ്‍ സലൂണ്‍ ചെയിനായി നാച്വറല്‍സിനെ മാറ്റുകയാണ് സി.കെ കുമരവേലിന്റെ ലക്ഷ്യം. 2025 ഓടെ ലോകവ്യാപകമായി 3,000 സലൂണുകളും 1,000 വനിതാ സംരംഭകരെയും സൃഷ്ടിക്കുകയും 50,000ത്തിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ദീര്‍ഘകാല വിഷനോടെയാണ് അദ്ദേഹത്തിന്റെ ചുവടുവയ്പുകള്‍. അതേക്കുറിച്ചും വിശദമാക്കുകയാണ് ധനം ടൈറ്റന്‍സ് ഷോയില്‍ സി.കെ കുമരവേല്‍.
Read DhanamOnline in English
Subscribe to Dhanam Magazine