ജിഎസ്ടി ഇനത്തില്‍ 21,000 കോടി അടയ്ക്കണം, പ്രമുഖ ഗെയിമിംഗ് കമ്പനിയോട് കേന്ദ്രം
ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ നേട്ടമുണ്ടാക്കിയവര്‍ സ്വമേധയാ നികുതി അടയ്ക്കാന്‍ സിബിഡിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു
ബംഗളൂരു ആസ്ഥാനമായ ഗെയിമിംഗ് സ്ഥാപനം ഗെയിംസ്‌ക്രാഫ്റ്റിനോട് (gameskraft) 21,000 കോടി രൂപ ജിഎസ്ടി അടയ്ക്കാന്‍ ആവശ്യപ്പെട്ട് ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. പരോക്ഷ നികുതി ഇനത്തില്‍ ഒരു കമ്പനിക്കെതിരെ ചുമത്തുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ്. റമ്മികള്‍ച്ചര്‍ (rummy culture) , ഗെയിംസി (Gameszy) തുടങ്ങിയവ ഗെയിംസ്‌ക്രാഫ്റ്റിന്റേതാണ്.
ഓണ്‍ലൈന്‍ ബെറ്റിംഗ്, ഗെയിമിംഗ് മേഖലയില്‍ നടക്കുന്ന നികുതി വെട്ടിപ്പിന്റെ വലിപ്പം വെളിവാക്കുന്നതാണ് ഗയിംസ്‌ക്രാഫ്റ്റിനെതിരെയുള്ള നടപടി. 2017--2022 കാലയളവില്‍ നടത്തിയ നികുതി വെട്ടിപ്പുകള്‍ക്കാണ് കമ്പനിക്കെതിരെ നടപടി. ഇക്കാലയളവില്‍ 77,000 കോടി രൂപയുടെ ബെറ്റിംഗ് ആണ് ഗെയിംക്രാഫ്റ്റ് പ്ലാറ്റ്‌ഫോമുകളില്‍ നടന്നത്. 28 ശതമാനം നിരക്കിലാണ് പിഴ ഈടാക്കുന്നത്.
2020ല്‍ 1.027 ബില്യണ്‍ ഡോളറിന്റേതായിരുന്നു രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് വിപണി. 2023ഓടെ ഇത് 2 ബില്യണില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. ഫാന്റസി/ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പിലൂടെ മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യക്കാര്‍ 58,000 കോടി രൂപ നേടിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019-20,2020-21, 2021-22 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ഗെയിമിംഗിലൂടെ നേടിയ തുകയാണിത്. ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ നേട്ടമുണ്ടാക്കിയവര്‍ സ്വമേധയാ നികുതി അടയ്ക്കാന്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം നടപടികള്‍ ഉണ്ടാവുമെന്നും സിബിഡിറ്റി ചെയര്‍മാന്‍ നിതിന്‍ ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്.