അഞ്ചുകോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവ് ഉണ്ടോ, ജി.എസ്.ടി ഇ-ഇന്‍വോയിസ് നിർബന്ധം
ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമം, നിലവില്‍ 10 കോടി രൂപയ്ക്ക് മുകളിലാണ് ഇ-ഇന്‍വോയിസിംഗ് നിര്‍ബന്ധം
ഓഗസ്റ്റ് ഒന്നു മുതല്‍ അഞ്ചു കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവ് ഉള്ള കമ്പനികള്‍ ജി.എസ്.ടി ഇ-ഇന്‍വോയിസിംഗ് സമർപ്പിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചു. നിലവില്‍ 10 കോടി രൂപക്ക് മുകളില്‍ വിറ്റുവരവ് ഉള്ളവര്‍ക്കാണ് ജി.എസ്.ടി ഇ-ഇന്‍വോയിസ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.
ചെറുകിട സംരംഭകര്‍ ശ്രദ്ധിക്കണം
പുതിയ ജി.എസ്.ടി നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ജി.എസ്.ടി രജിസ്ട്രേഷന്‍ ഉള്ള ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കൂടുതല്‍ നിയമങ്ങള്‍ പാലിക്കേണ്ടി വരും. വ്യാജ ബില്ലുകള്‍ ഉപയോഗിച്ചുള്ള നികുതി വെട്ടിപ്പ് തടയാനും റിട്ടേണ്‍ സമര്‍പ്പണം എളുപ്പമാക്കാനുമാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ നടപടിയെന്ന ആക്ഷേപമുണ്ട്.
ഇ-ഇന്‍വോയ്സിംഗ് നടത്തണം
ജി.എസ്.ടി നിയമപ്രകാരം ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പേ ഇ-ഇന്‍വോയിസിംഗ് നടത്തണം. ജി.എസ്.ടി കോമണ്‍ പോര്‍ട്ടലായ einvoice1.gst.gov.in വഴിയാണ് ഇ-ഇന്‍വോയിസിംഗ് നടത്തേണ്ടത്. ഇത് നടപ്പാക്കാത്തവര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല. അതിനാല്‍ ജി.എസ്.ടിയില്‍ നിന്ന് ലഭിക്കേണ്ട ആദായം നഷ്ടപ്പെടുകയും മൊത്തം ലാഭത്തെ ബാധിക്കുകയും ചെയ്യും. കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയിലെ യൂണിറ്റുകള്‍ (SEZ), ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, മള്‍ട്ടിപ്ലെക്‌സ് തുടങ്ങിയവയെ ഇ-ഇന്‍വോയിസിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.