ക്രിപ്‌റ്റോ വരുമാനം രേഖപ്പെടുത്താന്‍ ഐറ്റിആര്‍ ഫോമില്‍ പ്രത്യേക കോളം
30 ശതമാനം നികുതിയലും സെസും സര്‍ചാര്‍ജും ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നുള്ള നേട്ടത്തിന്മേല്‍ ഈടാക്കും
ആദായ നികുതി റിട്ടേണ്‍ ഫോമില്‍ അടുത്ത വര്‍ഷം മുതല്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നുള്ള വരുമാനം രേഖപ്പെടുത്തുന്നതിനായി പ്രത്യേകം കോളം ഉണ്ടാകുമെന്ന് കേന്ദ്രം.
ഹോഴ്‌സ് റേസുകളില്‍ നിന്നുള്ള വരുമാനത്തിന് ഏര്‍പ്പെടുത്തിയതു പോലെ അടുത്ത ഏപ്രില്‍ 1 മുതല്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നുള്ള നേട്ടത്തിന് 30 ശതമാനം നികുതിയും സെസ്സും സര്‍ചാര്‍ജും ഈടാക്കുമെന്നും റവന്യു സെക്രട്ടറി തരുണ്‍ ബജാജ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ബിസിനസില്‍ നിന്നുള്ള വരുമാനം എന്ന നിലയിലാണ് ക്രിപ്‌റ്റോ ഇടപാടുകളെ കാണുന്നത് എന്നതു കൊണ്ടാണ് 30 ശതമാനം നികുതി ബാധകമായത്.
ക്രിപ്‌റ്റോ കറന്‍സികളുടെ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ തയാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിനുള്ള കരട് രൂപം ആയിട്ടുണ്ടെങ്കിലും പുറത്തു വിട്ടിട്ടില്ല. അതേസമയം റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വിതരണം തുടങ്ങും.
ക്രിപ്‌റ്റോ കറന്‍സി അടക്കമുള്ള ഡിജിറ്റല്‍ ആസ്തി കൈമാറ്റങ്ങളില്‍ നിന്നുള്ള ലാഭത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തുകയും ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുകയും ചെയ്യുന്ന കാര്യം കഴിഞ്ഞ ദിവസം ബജറ്റ് പ്രസംഗത്തിനിടയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചിരുന്നു.
ഇത്തരം ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് നല്‍കേണ്ട നികുതിക്ക് കിഴിവുകള്‍ ബാധകമാകില്ലെന്നും കേന്ദ്രം പറയുന്നു.
2021 ്ല്‍ രാജ്യത്തെ ക്രിപ്‌റ്റോ വിപണിയില്‍ 641 ശതമാനം വളര്‍ച്ചയാണ് കണക്കാക്കിയിരിക്കുന്നത്.