നിങ്ങളറിഞ്ഞോ, ജൂലൈ മുതലുള്ള ഈ ആദായ നികുതി മാറ്റങ്ങള്‍!
ജൂലൈ 1 മുതല്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കുള്ള പിഴ 1000 രൂപ പിഴയാക്കി
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്(CBDT) അറിയിപ്പ് പ്രകാരം ടിഡിഎസ് ഉള്‍പ്പെടെ മൂന്നു പ്രധാന മാറ്റങ്ങളാണ് ആദായ നികുതി നിയമങ്ങളില്‍ ജൂലൈയില്‍ ഉണ്ടായിരിക്കുന്നത്. 2022 - 23 ലെ യൂണിയന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ച മൂന്ന് പ്രധാന മാറ്റങ്ങളാണ് ഇവ. പാന്‍-ആധാര്‍ ലിങ്കിംഗിലെ ലേറ്റ് ഫീ ഇരട്ടിയാക്കുന്നതാണ് അതില്‍ പ്രധാനം. ഇത് 500 രൂപയില്‍ നിന്നും 1000 രൂപയാക്കി.
ജൂലൈ ഒന്ന് മുതലുള്ള ആദായനികുതി നിയമങ്ങളിലെ 3 പ്രധാന മാറ്റങ്ങള്‍ കാണാം.
പാന്‍-ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് പിഴ കൂട്ടി
ആധാര്‍-പാന്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് 1000 രൂപ പിഴയാക്കി. ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 30 വരെയായിരുന്നു. അതനുസരിച്ച് 2022 ജൂലൈ 1 മുതല്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കാനായി ഇരട്ടി പിഴ അടയ്ക്കേണ്ടിവരും. അതായത് 1000 രൂപ. മുമ്പ് ഇത് 500 രൂപയായിരുന്നു.
സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും നികുതി
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് പ്രമോഷന്‍ വഴി ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ 10 ശതമാനം ടിഡിഎസ് ജൂലൈ മുതല്‍ ഈടാക്കും. ഡോക്ടര്‍മാര്‍ക്കും ഇത് ബാധകമാക്കി. 20,000 രൂപയോ അതില്‍ കൂടുതലോ ഉള്ള പാരിതോഷികങ്ങള്‍ക്കാണ് ഇത് ബാധകം. ഇത്തരത്തില്‍ 20000 രൂപയിലേറെ മൂല്യമുള്ള ഉപഹാരങ്ങള്‍, വിദേശ യാത്രാ ടിക്കറ്റുകള്‍, ഓഫറുകള്‍ എന്നിവയ്‌ക്കെല്ലാം ടിഡിഎസ് ഏര്‍പ്പെടുത്തി.
ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ടിഡിഎസ്
ജൂലൈ ഒന്നുമുതല്‍ ഡിജിറ്റല്‍ ആസ്തികള്‍, അതായത് ക്രിപ്‌റ്റോ കറന്‍സികള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനത്തിന് ഒരു ശതമാനം ടിഡിഎസ് ഏര്‍പ്പാടാക്കി. 2022 ഏപ്രില്‍ 1 മുതല്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് 30 ശതമാനം ആദായനികുതി ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം നഷ്ടം വന്ന ഇടപാടുകളില്‍ നിന്ന് ഈടാക്കിയ ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാന്‍ ഒരു നിക്ഷേപകന് കഴിയും.