മാസ്‌ക് ഉണ്ടെങ്കിലും പ്രവര്‍ത്തിക്കും ഫെയ്‌സ് ഐഡി; ഏറെ സവിശേഷതകളോടെ പുത്തന്‍ ആപ്പിള്‍ അപ്‌ഡേറ്റ്
ഏറ്റവും പുതുതായി അവതരിപ്പിച്ച പ്രധാനപ്പെട്ട ആപ്പിള്‍ അപ്‌ഡേറ്റുകള്‍ കാണാം.
ഏറെ കാത്തിരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തിറക്കി ആപ്പിള്‍ (Apple). ഐഒഎസ് 15.4 (iOS 15.4) , ഐപാഡ് ഓഎസ് 15.4 എന്നിവയാണ് പുതുമകള്‍ നിറച്ച് ലോഞ്ച് ചെയ്തിട്ടുള്ളത്. ആപ്പിള്‍ അതിന്റെ വിപുലമായ ഉപയോക്തൃ അടിത്തറ കാത്തുസൂക്ഷിക്കാന്‍ കാലാനുസൃതമായ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്. പുതിയ മാറ്റങ്ങളും അങ്ങനെ എന്ന് അവ പരിശോധിച്ചാല്‍ മനസ്സിലാകും.
പുതിയ അപ്ഡേറ്റുകള്‍ ആപ്ലിക്കേഷനുകളുടെ ഉപയോക്തൃ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, നിത്യജീവിതത്തില്‍ വളരെ പ്രയോജനപ്രദമാകുമെന്നത് ഉറപ്പാണ്. മാസ്‌ക് വെച്ചാലും പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് ഐഡി ഉള്‍പ്പെടുന്നതാണ് പുതുപുത്തന്‍ സവിശേഷതകള്‍. ഇത് കൂടാതെ പുത്തന്‍ ഇമോജികള്‍, വ്യക്തിഗത ഓട്ടോമേഷന്‍ അറിയിപ്പുകള്‍, തേര്‍ഡ് പാര്‍ട്ടി 120Hz ആനിമേഷനുകള്‍ തുടങ്ങിയവയാണ് പുതിയ ഫീച്ചറുകളില്‍ ചിലത്. ഇതാ പ്രധാനപ്പെട്ട അപ്‌ഡേറ്റുകള്‍
മാസ്‌ക് ധരിച്ചും ഐഡന്റിഫിക്കേഷന്‍
ഏറ്റവും പുതിയ iOS 15.4 ഉപയോഗിച്ച് ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് മാസ്‌ക് ധരിച്ച് ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയും. അണ്‍ലോക്കിംഗ് ഫീച്ചറിന് അധിക ഹാര്‍ഡ്വെയര്‍ ആവശ്യമില്ല. എന്നിരുന്നാലും, ഫുള്‍ ഫേസ് ഐഡി കൂടുതല്‍ സുരക്ഷിതമാണെന്ന് ടെക് ഭീമന്‍ മുന്നറിയിപ്പ് നല്‍കി.
കണ്ണുകളും കണ്ണുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന സവിശേഷതയിലൂടെയാണ് ഇത് സാധ്യമാകുന്നത്. എന്നാല്‍ സാധാരണ ഗ്ലാസുകളില്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുമ്പോള്‍ സണ്‍ഗ്ലാസുകളില്‍ ഇത് പ്രവര്‍ത്തിച്ചേക്കില്ല. ഈ പുതിയ ഫീച്ചര്‍ iOS 15.4- ന് മാത്രമുള്ളതാണ്, iPhone12, 12 Mini, 12 Pro, 12 Pro Max, iPhone 13, 13 Mini, 13 Pro, 13 Pro Max എന്നിവയില്‍ ലഭ്യമാകും.
13 പ്രോയില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ 120Hz ആനിമേഷനുകള്‍ ആസ്വദിക്കാം
നേരത്തെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലുള്ള 120Hz ആനിമേഷനുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ആപ്പിള്‍ iOS 15.4 അപ്ഡേറ്റിലെ പ്രശ്‌നം പരിഹരിച്ചു. പുതിയ അപ്ഡേറ്റ് വന്നുവഴി ആനിമേഷനുകള്‍ കാണുന്നതിന് സുഗമവും കാര്യക്ഷമവുമായ അനുഭവം പ്രദാനം ചെയ്യും.
പാസ്‌കീ വെബ്സൈറ്റ് സൈന്‍-ഇന്‍
പുതിയ iOS 15.4, iPadOS 15.4 അപ്ഡേറ്റുകള്‍ക്കൊപ്പം ഒരു പുതിയ പാസ്‌കീ ഫീച്ചര്‍ സേവ് ചെയ്ത പാസ്‌കീ ഉപയോഗിച്ച് iPhone ഉപയോഗിച്ച് Mac, iPad എന്നിവയിലെ മറ്റ് വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കും സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കും. പാസ്‌കീയുമായി പൊരുത്തപ്പെടുന്ന ആപ്ലിക്കേഷനുകളിലും വെബ്സൈറ്റുകളിലും മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ. ഫേസ് ഐഡി അല്ലെങ്കില്‍ ടച്ച് ഐഡി ആവശ്യമുള്ള വെബ്സൈറ്റുകളും ആപ്പുകളും പാസ്വേഡ് നല്‍കുന്നതിന് പകരം ഐഫോണ്‍ ഉപയോഗിച്ച് സിങ്ക് ചെയ്യാന്‍ കഴിയും.
ടിവി ആപ്പ് കസ്റ്റമൈസ് ചെയ്യാം
ടിവി ആപ്പിനും അപ്പ് നെക്സ്റ്റ് ഡിസ്പ്ലേ ഫീച്ചറിലെ 'സ്റ്റില്‍ ഫ്രെയിം' അല്ലെങ്കില്‍ 'പോസ്റ്റര്‍ ആര്‍ട്ട്' എന്നിവ തെരഞ്ഞെടുക്കാനും പുതിയ അപ്ഡേറ്റുകള്‍ ഉപയോക്താക്കളെ അനുവദിക്കും.
കൂടുതല്‍ ഇമോജികള്‍
75 ല്‍പരം സ്‌കിന്‍ കളറും മെല്‍റ്റിംഗ് ഫെയ്‌സ്, സല്യൂട്ടിംഗ് ഫെയ്‌സ്, ഫെയ്‌സ് വിത്ത് ഓപ്പണ്‍ ഐയ്‌സ്, മൗത്ത് തുടങ്ങി ഇതുവരെ ലഭ്യമല്ലാതിരുന്ന 37 ഓളം ഇമോജികള്‍ ലഭ്യമാകും.
ആപ്പിള്‍ കാര്‍ഡ് വിഡ്‌ജെറ്റ്
ആപ്പിള്‍ കാര്‍ഡ് മൊബൈല്‍ സ്‌ക്രീനില്‍ വിഡ്‌ജെറ്റ് പോലെ സൂക്ഷിക്കാം. ദിവസവും ഉപയോഗിക്കുന്ന കാര്‍ഡ് ലിമിറ്റ്, ബാലന്‍സ് എന്നിവയെല്ലാം ഇത്തരത്തില്‍ എളുപ്പത്തില്‍ അറിയാം.