ഫോണ്‍ വാങ്ങുമ്പോള്‍ കൂടെ കിട്ടുന്ന ആപ്പുകളെല്ലാം വേണ്ടെന്ന് കേന്ദ്രം
ഇത്തരം ആപ്ലിക്കേഷനുകള്‍ ചാര പ്രവര്‍ത്തനം, വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവയ്ക്ക് കാരണമാകുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്
മൊബൈൽ ഫോണുകൾ വാങ്ങുന്ന സമയത്ത് ലഭിക്കുന്ന (പ്രീ ഇൻസ്റ്റാൾഡ്) ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ഈ ആപ്പുകൾ നീക്കം ചെയ്യാൻ കഴിയുന്നതായിരിക്കണമെന്ന നിബന്ധനയടങ്ങുന്ന നിയമം കൊണ്ടുവരാനാണ് ഐ.ടി മന്ത്രാലയം ഒരുങ്ങിയിരിക്കുന്നത്.
മൊബൈൽ ഫോണിന്റെ ഓപറേറ്റിങ് സിസ്റ്റത്തിൽ വരുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ കേന്ദ്രം നിർദേശിക്കുന്ന സമിതിക്ക് മുമ്പിൽ നിർബന്ധമായും പരിശോധന്ക്കു വയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ചാരപ്രവർത്തനം, ഉപയോക്താക്കളുടെ വിവരം ദുരുപയോഗം ചെയ്യൽ എന്നിവ തടയുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസർക്കാരിലെ ഉന്നതവൃത്തങ്ങൾ നൽകുന്ന വിശദീകരണം. മിക്ക സ്മാർട്ട്‌ഫോണുകളും നീക്കം ചെയ്യാൻ കഴിയാത്ത പ്രീ ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ സഹിതമാണു പുറത്തിറക്കുന്നത്.
സാംസങ്, ഷഓമി, വിവോ, ആപ്പിൾ തുടങ്ങിയവയിൽ നിലവിൽ പ്രീ ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകൾ ചാര പ്രവർത്തനം, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ എന്നിവക്ക് കാരണമാകുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
ഇനി കളി മാറും
ചൈന ഉൾപ്പെടെയുള്ള ഒരു വിദേശരാജ്യവും ഇത്തരം ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പുതിയ നിയമം വഴി സാധ്യമാകുമെന്നും ഇതു ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പുതിയ ഫോൺ മോഡലുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഏജൻസി അംഗീകരിച്ച ലാബിൽ പരിശോധനക്കു വിധേയമാക്കണമെന്നും നിയമത്തിലുണ്ടാകും. ചൈനീസ് കമ്പനികൾക്കു മേൽ നിയന്ത്രണം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് കരുതപ്പെടുന്നത്.