എന്‍എഫ്ടിയിന്മേല്‍ നികുതി; വ്യക്തത വരുത്താന്‍ കേന്ദ്രം
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകളെ വിര്‍ച്വല്‍ ആസ്തിയായി പരിഗണിക്കണോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാവും
മുന്‍കൂറായി ആദ്യ ഗഡു നികുതി അടയ്‌ക്കേണ്ട സമയ പരിധി ജൂണ്‍ 15ന് അവസാനിക്കാനിരിക്കെ എന്‍എഫ്ടിക്ക് (NFT) കൃത്യമായ നിര്‍വചനം നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തിയുടെ (VDI) പരിധിയില്‍ എന്തൊക്കെ ഉള്‍പ്പെടും എന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറങ്ങും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (CBDT) ആണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത്.
കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രം ക്രിപ്‌റ്റോ കറന്‍സികള്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസും പ്രഖ്യാപിച്ചത്. ഇത്തരം ആസ്തികളിന്മേല്‍ ഉണ്ടാകുന്ന നഷ്ടം മറ്റുള്ളവയില്‍ നിന്നുള്ള നേട്ടംകൊണ്ട് തട്ടിക്കിഴിക്കുവാന്‍ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്‍എഫ്ടിയുടെ മൂല്യം നിശ്ചയിക്കുന്ന രീതി, വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ടിഡിഎസ് ഈടാക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സിബിഡിറ്റി പരിശോധിക്കുകയാണ്.
ജൂലൈ ഒന്ന് മുതലാണ് ടിഡിഎസ് നിലവില്‍ വരുന്നത്. ക്രിപ്‌റ്റോ ഇടപാടുകളുടെ ഡാറ്റ ലഭിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഒരു ശതമാനം ടിഡിഎസ് 0.01 ശതമാനമായി കുറയ്ക്കണമെന്നാണ് മേഖലയില്‍ നിന്നുള്ളവരുടെ ആവശ്യം. നിലവില്‍ ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് കേന്ദ്രം 18 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന എന്‍എഫ്ടിക്ക് സമാനമായ എല്ലാ ടോക്കണുകളെയും കേന്ദ്രം ഒരേ രീതിയിലാവും പരിഗണിക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകളെ വിര്‍ച്വല്‍ ആസ്തിയായി പരിഗണിക്കണോ എന്ന കാര്യത്തിലും കേന്ദ്രം വ്യക്തത വരുത്തും.