മാക്ബുക്ക്, ഐപാഡ് എന്നിവ കൂടുതല്‍ ഉല്‍പാദിപ്പിക്കട്ടെ; പിഎല്‍ഐ വര്‍ധിപ്പിക്കാന്‍ കേന്ദ്രം
വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ഐടി മന്ത്രാലയം ധനകാര്യ മന്ത്രാലയങ്ങള്‍ക്കും മറ്റ് മന്ത്രാലയങ്ങള്‍ക്കും അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
രാജ്യത്ത് ഐടി ഹാർഡ്‌വെയർ നിര്‍മ്മാണത്തിനുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയുടെ അടങ്കല്‍ തുക 7,350 കോടി രൂപയില്‍ നിന്ന് 20,000 കോടി രൂപയായി ഉയര്‍ത്താന്‍ കേന്ദ്രം പദ്ധതിയിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ (TOI) റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ മാക്ബുക്കുകളുടെയും ഐപാഡുകളുടെയും ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇന്ത്യയിലെ ഹാർഡ്‌വെയർ നിര്‍മ്മാണത്തിനുള്ള നോഡല്‍ മന്ത്രാലയമാണ് ഐടി മന്ത്രാലയം. വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ഐടി മന്ത്രാലയം ധനകാര്യ മന്ത്രാലയങ്ങള്‍ക്കും മറ്റ് മന്ത്രാലയങ്ങള്‍ക്കും അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ പിഎല്‍ഐ സ്‌കീമിന് കീഴില്‍, കമ്പനിക്ക് നാല് വര്‍ഷത്തിനുള്ളില്‍ 1-4 ശതമാനം പ്രോത്സാഹന പിന്തുണ കേന്ദ്രം നല്‍കുന്നു. മാറ്റങ്ങള്‍ക്ക് ശേഷം ഇത് 5 ശതമാനമായി ഉയര്‍ന്നേക്കും.
മെച്ചപ്പെട്ട പ്രോത്സാഹന പദ്ധതിയും വലിയ ഫണ്ട് വിഹിതവും ഉള്ളതിനാല്‍ പുതിയ പദ്ധതി തീര്‍ച്ചയായും ഇത്തരം കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ആപ്പിളിന് പുറമെ ഡെല്‍, എച്ച്പി തുടങ്ങിയ കമ്പനികളെ ആകര്‍ഷിക്കുന്നത് ആഗോള മാനുഫാക്ചറിംഗ് ഹബ് എന്ന പദവിയിലേക്ക് എത്താന്‍ നിര്‍ണായകമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പിഎല്‍ഐ പദ്ധതി പ്രാബല്യത്തില്‍ വന്നതിനുശേഷം ഇന്ത്യയിലെ ആപ്പിളിന്റെ കരാര്‍ നിര്‍മ്മാതാക്കളും ഘടക വിതരണക്കാരും നേരിട്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു.