ചാറ്റ് ജിപിടി പണം ഈടാക്കി തുടങ്ങി, ഒരു മാസത്തേക്ക് 42 ഡോളര്‍

താന്‍ ചാറ്റ് ജിപിടി സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് ഗൗതം അദാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Update:2023-01-24 17:29 IST

ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവന്‍ വൈറലായ ചാറ്റ്ജിപിടിയുടെ പണം നല്‍കി ഉപയോഗിക്കാവുന്ന പതിപ്പ് എത്തി. ചാറ്റ്ജിപിടി പ്രൊ എന്ന പേരില്‍ എത്തുന്ന പതിപ്പിന് പ്രതിമാസം 42 ഡോളറാണ് (ഏകദേശം 3400 രൂപ) നല്‍കേണ്ടത്. ട്വിറ്ററില്‍ ചാറ്റ്ജിപിടി പ്രൊയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപഭോക്താക്കള്‍ പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ചാറ്റ്ജിപിടി ഉടമകളായ ഓപ്പണ്‍എഐ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

 Read More: എന്താണ് ChatGPT ? നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട്



പുതിയ വേര്‍ഷന്‍ ലഭ്യമായവര്‍ക്കൊക്കെ ചാറ്റ്ജിപിടി തുറക്കുമ്പോള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷന്‍ കാണിക്കും എന്നാണ് വിവരം. പെയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കുമെന്ന് ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ചാറ്റ്ജിപിടി ലഭിക്കുന്നില്ല. പരമാവധി ആളുകള്‍ ഇപ്പോള്‍ ചാറ്റ്ജിപി ഉപയോഗിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഓപ്പണ്‍എഐ പറയുന്നത്. ടെക് കമ്പനി മൈക്രോസോഫ്റ്റ് 10 ശതകോടി ഡോളര്‍ ചാറ്റ് ജിപിടിയില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്ത ഓപ്പണ്‍എഐയില്‍ ഒരു ശതകോടി ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തിയിരുന്നു.



ഗൂഗിളൊക്കെ പോലുള്ള ഒരു സെര്‍ച്ച് എഞ്ചിന്‍ തന്നെയാണ് ചാറ്റ്ജിപിടി. പക്ഷെ സാധാരണ ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ തിരയുന്ന പോലെയല്ല. നമ്മള്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്ന ഒരു ചാറ്റ് ബോട്ടാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ചാണ് ഈ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുന്നത്. താന്‍ ചാറ്റ് ജിപിടിക്ക് തുടര്‍ച്ചയായി ഉപയോഗിക്കുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിയുടെ ബീറ്റ വേര്‍ഷന്‍ സൗജന്യമായി ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ചാറ്റ് ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ മില്യണുകളാണ് ഓപ്പണ്‍ എഐ മുടക്കുന്നത്. മൈക്രോസോഫ്റ്റിന്റെ Azure Cloud സേവനം ഉപയോഗിച്ചാണ് ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ജിപിടി എഴുതിത്തരുന്ന ഓരോ വാക്കിനും 0.0003 യുഎസ് ഡോളറാണ് ചെലവ്. ഏകദേശം 100,000 യുഎസ് ഡോളറാണ് ഒരു ദിവസം ചാറ്റ് ജിപിടിക്കായി ഓപ്പണ്‍ എഐ ചെലവാക്കുന്നത്. അതായത് ഒരു മാസം 3 മില്യണ്‍ ഡോളര്‍.

Tags:    

Similar News