തകര്‍ന്നടിഞ്ഞ് ക്രിപ്‌റ്റോ മേഖല; ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനികള്‍, കുലുക്കമില്ലാതെ ബിനാന്‍സ്

7 ദിവസത്തിനിടെ ബിറ്റ്‌കോയിന്‍ 30.59 ശതമാനവും എഥെറിയം 37.84 ശതമാനവും ആണ് ഇടിഞ്ഞത്

Update: 2022-06-15 07:16 GMT

ക്രിപ്‌റ്റോ കറന്‍സികളുടെ (Crypto) മൂല്യം ഇടിയുന്നത് തുടരുമ്പോള്‍ ചിലവ് ചുരുക്കല്‍ നടപടികളുമായി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കോയിന്‍ബേസ് (Coinbase) 1,100 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. വസീറെക്‌സ് , യുനോകോയിന്‍, ജെമിനി ട്രസ്റ്റ്, റെയിന്‍ ഫിനാന്‍ഷ്യല്‍ തുടങ്ങിയ കമ്പനികളെല്ലാം കഴിഞ്ഞ മാസം തന്നെ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരുന്നു.

ഉയര്‍ന്ന പണപ്പെരുപ്പം, ഫണ്ടിംഗിലുണ്ടായ ഇടിവ് തുടങ്ങിയവ മൂലം ഫിന്‍ടെക്ക് കമ്പനികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അല്‍ഗോരിതിമിക് സ്‌റ്റേബിള്‍ കോയിന്‍ ടെറ യുഎസ്ഡിയും ലൂണയും തകര്‍ന്നതോടെ മെയ് മാസം ക്രിപ്‌റ്റോ വിപണി കുത്തനെ ഇടിഞ്ഞിരുന്നു. അതിന് ശേഷം ഒരു സന്തുലിതാവസ്ഥയില്‍ എത്തും എന്ന് പ്രതീക്ഷ നല്‍കിയ ശേഷം വീണ്ടും വിപണി താഴേക്ക് പോവുകയായിരുന്നു.

പണപ്പെരുപ്പത്തെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന ആശങ്കയും ക്രപ്‌റ്റോ പ്ലാറ്റ്‌ഫോം സെല്‍ഷ്യസ്, ലിക്വിഡിറ്റി ഉറപ്പാക്കാന്‍ ഇടപാടുകള്‍ മരവിപ്പിച്ചതുമാണ് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ച ഘടകങ്ങള്‍. 2021 ജനുവരിക്ക് ശേഷം ആദ്യമായി ആഗോളതലത്തില്‍ ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം (crypto market cap) കഴിഞ്ഞ ദിവസം ഒരു ട്രില്യണ്‍ ഡോളറിന് താഴെയായിരുന്നു

7 ദിവസത്തിനിടെ ബിറ്റ്‌കോയിന്‍ 30.59 ശതമാനവും എഥെറിയം 37.84 ശതമാനവും ആണ് ഇടിഞ്ഞത്. നിലവില്‍ ബിറ്റ്‌കോയിന് 16.5 ലക്ഷം രൂപയും എഥെറിയത്തിന് 87,561 രൂപയും ആണ് വില. കോയിന്‍മാര്‍ക്കറ്റ്ക്യാപിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് മൂണ്‍റൈസ് (MRT), ലൂണ ഡോഷ് (LDT), റെയ്ഡന്‍ നെറ്റ്‌വര്‍ക്ക് (RDN), ചെയിന്‍ (XCN). ബിറ്റ്‌കോയിന്‍ ഗോഡ്(GOD) തുടങ്ങിയവയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടമുണ്ടാക്കിയ പ്രധാന ക്രിപ്‌റ്റോകള്‍.

അതേ സമയം നിലവിലെ ചാഞ്ചാട്ടങ്ങളൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്നും പുതിയ നിയമനങ്ങള്‍ നടത്താന്‍ തയ്യാറാണെന്നുമാണ് ബിനാന്‍സ് (Binance) സിഇഒ ഷാങ്‌പെംഗ് സാവോ (Changpeng Zhao) പറഞ്ഞത്. മറ്റ് ക്ര്പ്‌റ്റോ കമ്പനികളെ പോലെ പരസ്യങ്ങള്‍ക്കും സ്‌പോര്‍ട്‌സ് ഇവന്റുകളില്‍ പേര് വരാനും ബിനാന്‍സ് അനാവശ്യമായി പണം കളയാറില്ല എന്നാണ് സാവോ ചൂണ്ടിക്കാണിച്ചു. എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിംഗ്, ബിസിനസ് ഡെവലപ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളിലായ രണ്ടായിരത്തോളം ഒഴിവുകള്‍ ഉണ്ടെന്ന്  ബിനാന്‍സ് കോ ഫൗണ്ടര്‍ യി ഹി (Yi He) പറഞ്ഞതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News