ഒടുവില്‍ വഴങ്ങി; ഇനി ട്വിറ്റര്‍ മസ്‌കിന് സ്വന്തം

ഏകദേശം 44 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്.

Update:2022-04-26 09:34 IST

ആഴ്ചകളുടെ നാടകീയതകള്‍ക്കൊടുവില്‍ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുക്കുന്നു. ഏകദേശം 44 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്. ഏപ്രില്‍ 14ന് ഓഹരി ഒന്നിന് 54.20 യുഎസ് ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാം എന്നാണ് മസ്‌ക് അറിയിച്ചത്.

ആദ്യം മസ്‌കിന്റെ ഓഫറിനെ എതിര്‍ത്ത ട്വിറ്റര്‍ ബോര്‍ഡ്, പിന്നീട് വഴങ്ങുകയായിരുന്നു. പ്ലാറ്റ്‌ഫോം മസ്‌കിന് കൈമാറാനുള്ള തീരുമാനം ബോര്‍ഡ് ഏകകണ്ഡമായി എടുത്തതാണെന്നും 2022ല്‍ തന്നെ ഇടപാട് പൂര്‍ത്തിയാവുമെന്നും ട്വിറ്റര്‍ അറിയിച്ചു.


ഇടപാട് പ്രകാരം  ട്വിറ്ററിലെ നിക്ഷേപകര്‍ക്ക് ഓരോ ഓഹരിക്കും 54.20 യുഎസ് ഡോളര്‍ പണമായി ലഭിക്കും. 2022 ഏപ്രില്‍ ഒന്നിലെ ട്വിറ്ററിന്റെ ക്ലോസിംഗ് ഓഹരി വിലയേക്കാള്‍ 38% അധികം വിലയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ട്വിറ്ററിലെ നിക്ഷേപത്തെക്കുറിച്ചുള്ള മസ്‌കിന്റെ വെളിപ്പെടുത്തലിന് മുമ്പുള്ള അവസാന വ്യാപാര ദിനമായിരുന്നു ഏപ്രില്‍ ഒന്ന്. നിലവില്‍ 51.70 ഡോളറാണ് (8.53 am) ഓഹരി വില.

'സ്വതന്ത്രമായ അഭിപ്രായ പ്രകടനം ജനാധിപത്യത്തിന്റെ അടിത്തറയാണ്. മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയര്‍ ആണ് ട്വിറ്റര്‍. പുതിയ ഫീച്ചറുകള്‍, ഓപ്പണ്‍ സോഴ്സ് അള്‍ഗരിതം, സ്പാം ബോട്ടുകളെ ഇല്ലാതാക്കളല്‍, എല്ലാ ഉപഭോക്താക്കളെയും ഓതന്റിക്കേറ്റ് ചെയ്യുക തുങ്ങിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു.

2006ല്‍ പ്രവര്‍ത്തനം ആരംഭിച്ച ട്വിറ്ററിന് 217 മില്യണ്‍ പ്രതിദിന ഉപഭോക്താക്കളാണ് ഉള്ളത്. ഏകദേശം 40 ബില്യണ്‍ യുഎസ് ഡോളറോളമാണ് കമ്പനിയുടെ വിപണി മൂല്യം. 2021 നവംബര്‍ മുതല്‍ ഇന്ത്യക്കാരാനായ പരാഗ് അഗര്‍വാള്‍ ആണ് ട്വിറ്ററിന്റെ സിഇഒ.

Tags:    

Similar News