ഗൂഗിളിന്റെ 'ബാര്‍ഡ്' എത്തുന്നു, മത്സരം ചാറ്റ്ജിപിടിയോട്

എഐ ചാറ്റ് ബോട്ടിന്റെ പേരില്‍ ഇതുവരെ കാണാത്ത മത്സരമാണ് ഗൂഗിളും മൈക്രോസോഫ്റ്റും തമ്മില്‍ നടക്കുന്നത്

Update:2023-02-07 12:46 IST

ചാറ്റ്ജിപിടിക്ക് മറുപടിയായി ഗൂഗിള്‍ പുറത്തിറക്കുന്ന  ചാറ്റ്ബോട്ടിന്റെ പേര് പ്രഖ്യാപിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. തന്റെ ബ്ലോഗിലാണ് ബാര്‍ഡ് (Bard) എന്ന് പേരിട്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ സുന്ദര്‍ പിച്ചൈ പങ്കുവെച്ചത്. 2021ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ലാംഡ (LaMDA) എന്ന ഡയലോഗ് ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

Read More: എന്താണ് ChatGPT ? നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട്

നിലവില്‍ ഒരു വിഭാഗം ആളുകള്‍ പരീക്ഷണാര്‍ത്ഥം ബാര്‍ഡ് ഉപയോഗിച്ച് വരുകയാണ്. താമസിയാതെ ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായേക്കും. ഫെബ്രുവരി എട്ടിന് ഗൂഗിള്‍ നടത്തുന്ന എഐ പരുപാടിയില്‍ ഇതു സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും.


ചാറ്റ്ജിപിടിക്ക് സമാനമായ ഒരു ചാറ്റ്‌ബോട്ട് തന്നെയാണ് ബാര്‍ഡ് എന്ന് സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന് വ്യക്തമാണ്. സമീപ ഭാവിയില്‍ തന്നെ ബാര്‍ഡിനെ ഗൂഗിള്‍ സെര്‍ച്ചുമായി ബന്ധിപ്പിച്ചേക്കും. ഇതു സംബന്ധിച്ച സൂചന നല്‍കുന്ന ഒരു ചിത്രവും സുന്ദര്‍ പിച്ചെയുടെ ബ്ലോഗിലുണ്ട്.




 മൈക്രോസോഫ്റ്റ്-ഗൂഗിള്‍ മത്സരം

എഐ ചാറ്റ് ബോട്ടിന്റെ പേരില്‍ ഇതുവരെ കാണാത്ത മത്സരമാണ് ഗൂഗിളും മൈക്രോസോഫ്റ്റും തമ്മില്‍ നടക്കുന്നത്. ഗൂഗിള്‍ ഫെബ്രുവരി എട്ടിന് എഐ ഇവന്റ് നടത്തുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് മൈക്രോസോഫ്റ്റ് ഫെബ്രുവരി ഏഴിന് തങ്ങള്‍ പരിപാടി നടത്തുമെന്ന് അറിയിച്ചത്. ഇന്ത്യന്‍ സമയം രാത്രി 11.30ന് ആണ് ഓപ്പണ്‍എഐയുമായി സഹകരിച്ച് മൈക്രോസോഫ്റ്റ് നടത്തുന്ന ഇവന്റ്.

ചാറ്റ്ജിപിടി ഉടമകളായ ഓപ്പണ്‍എഐയുമായുള്ള ബന്ധം മേഖലയില്‍ മൈക്രോസോഫ്റ്റിന് മേല്‍ക്കൈ നല്‍കുന്നുണ്ട്. 1000 കോടി ഡോളറാണ് ഓപ്പണ്‍ എഐയില്‍ മൈക്രോസോഫ്റ്റ് നിക്ഷേപിക്കുന്നത്. ഓപ്പണ്‍എഐയിലെ ജീവനക്കാരനായിരുന്ന ഡാരിയോ അമോഡിയുടെ (Dario Amodei) എഐ ചാറ്റ്ബോട്ട് കമ്പനിയായ ആന്ത്രോപിക്കില്‍ 30 കോടി ഡോളറിന്റെ നിക്ഷേപമാണ് ഗൂഗിള്‍ നടത്തിയത്. അന്ത്രോപിക്ക് വികസിപ്പിക്ക് വികസിപ്പിക്കുന്ന ക്ലോഡ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Tags:    

Similar News