നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള ഇവന്റുമായി ഗൂഗിള്‍. ഫെബ്രുവരി 8 നാണ് 'ഗൂഗിള്‍ പ്രസന്റ്‌സ്: ലൈവ് ഫ്രം പാരീസ്' എന്ന ഈ ഇവന്റ്. യൂട്യൂബില്‍ തത്സമയം ഇത് കാണാം.
ആളുകള്‍ എങ്ങനെയാണ് വിവരങ്ങള്‍ തിരയുന്നതും പര്യവേക്ഷണം ചെയ്യുന്നതും സംവദിക്കുന്നതും എന്ന് ഗൂഗിള്‍ പരിശോധിച്ച് ഉപയോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്തും. ഇത്തരം കണ്ടെത്തലുകള്‍ മുമ്പത്തേക്കാളും കൂടുതല്‍ സ്വാഭാവികമായി ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇവയെല്ലാം ഇവന്റില്‍ ചര്‍ച്ച ചെയ്യും.
അതേസമയം ഇവന്റിൽ ഗൂഗിള്‍ ചാറ്റ് ജിപിടിയുടെ എതിരാളിയെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഗൂഗിള്‍ തങ്ങളുടെ എഐ ചാറ്റ്ബോട്ട് 2022 ന്റെ തുടക്കം മുതല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് പൊതുജനങ്ങളിലേക്ക് എത്തുമെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ സ്ഥിരീകരിച്ചിരുന്നു. എഐ ചാറ്റ്‌ബോട്ട് ലാംഡ (LaMDA) മുൻപ് ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇതിന്റെ അപ്ഡേറ്റഡ് വേർഷനാകും ഇനി അവതരിപ്പിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine