​കോവിഡ്: ഇന്ത്യയില്‍ 113 കോടിയുടെ ഗ്രാന്റുമായി ഗൂഗ്ള്‍

80 ഓക്‌സിജന്‍ പ്ലാന്റുകള്‍ ഒരുക്കാനും ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായാണ് ഗ്രാന്റ് പ്രഖ്യാപിച്ചത്

Update:2021-06-17 15:15 IST

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 113 കോടിയുടെ (15.5 മില്യണ്‍ ഡോളര്‍) ഗ്രാന്റുമായി ടെക്ക് ഭീമന്മാരായ ഗൂഗ്ള്‍. രാജ്യത്ത് വിവിധയിടങ്ങളിലായി 80 ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവുകള്‍ ഉയര്‍ത്തുന്നതിനുമായാണ് തുക ചെലവഴിക്കുക. വിവിധ സംഘടനകളുമായുള്ള പങ്കാളിത്തത്തോടെയായിരിക്കും തുക വിനിയോഗിക്കുകയെന്ന് ഗൂഗ്ള്‍ വ്യക്തമാക്കി.

ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് 90 കോടി രൂപ (12.5 ദശലക്ഷം യുഎസ് ഡോളര്‍) യാണ് വിനിയോഗിക്കുക. ഗിവ് ഇന്ത്യയുടെ പിന്തുണയോടെയായിരിക്കും ഈ പദ്ധതി പൂര്‍ത്തീകരിക്കുക. ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിനായുള്ള 18.5 കോടി രൂപയുടെ (2.5 ദശലക്ഷം ഡോളര്‍) പദ്ധതികള്‍ 'പാത്ത്' (PATH) ന്റെ പിന്തുണയോടെയുമാണ് നടപ്പാക്കുന്നത്. 15 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 180,000 അംഗീകൃത സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ക്കും 40,000 ഓക്‌സിലറി നഴ്സ് മിഡ്വൈവ്‌സിനുമായി പരിശീലന പരിപാടികള്‍ നടത്തുന്നതിന് 3.6 കോടി രൂപ (500,000 യുഎസ് ഡോളര്‍) യും നല്‍കും.
ആളുകള്‍ അറിവുള്ളവരായും സുരക്ഷിതവുമായി തുടരാനും ആവശ്യമായ വിവരങ്ങളും ഉപകരണങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഗൂഗ്ള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗൂഗ്ള്‍ ഇന്ത്യ കണ്‍ട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 57 ദശലക്ഷം യുഎസ് ഡോളറിന്റെ ഗ്രാന്റാണ് ഗൂഗ്ള്‍ നല്‍കിയത്.


Tags:    

Similar News