ഐ ഫോണ്‍ 15 ല്‍ വരെ ഉപയോഗിച്ചിട്ടുള്ള ഇന്ത്യന്‍ നിര്‍മിത ജി.പി.എസ് എന്താണ്?

സ്മാര്‍ട്ട്ഫോണുകളില്‍ ഇനി ഇന്ത്യയുടെ സ്വന്തം ജി.പി.എസ് മാത്രമായേക്കും;

Update:2023-09-16 09:41 IST

1999ലെ കാര്‍ഗില്‍ യുദ്ധകാലം. അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റം നടത്തുകയായിരുന്ന തീവ്രവാദികളെ തുരത്താനുള്ള പോരാട്ടത്തിലായിരുന്നു ഇന്ത്യന്‍ സൈന്യം. ഉപഗ്രഹ സഹായത്തോടെ ലോകം മുഴുവന്‍ 'വല' വിരിച്ച അമേരിക്കയോട് ജി.പി.എസ് സഹായം ചോദിച്ച ഇന്ത്യക്ക്  മുന്നിൽ  അമേരിക്ക വാതിലുകളടച്ചു. അന്ന് ഇന്ത്യയ്ക്ക് സഹായകമായത് ഇസ്രായേല്‍ ആണ്. ഇത് ഇന്ത്യയ്ക്ക് ഒരു തിരിച്ചറിവായിരുന്നു, സ്വന്തമായി ഒരു ഗതി നിര്‍ണയ ഉപഗ്രഹം. നിരന്തരമായ പരീക്ഷണങ്ങളിലൂടെ അത് ഇന്ത്യ സാക്ഷാത്കരിച്ചു, എന്‍.വി.എസ് 1 എന്ന ഉപഗ്രഹത്തിലൂടെ. പിന്നീടും എത്തി അതിര്‍ത്തി കാക്കാന്‍ ഇന്ത്യന്‍ നിര്‍മിത ഉപഗ്രഹങ്ങള്‍. ഒപ്പം സാങ്കേതികതയില്‍ കുറെയേറെ നേട്ടങ്ങളും. അതിലേറ്റവും പുതിയതാണ്  'നാവിക്'.

 'നാവിക്'

'നാവിക്' അഥവാ 'നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍' എന്നത് ഇന്ത്യയുടെ സ്വന്തം ജി.പി.എസ് ആണ്. ഇന്ന് ഐ ഫോണ്‍ 15ല്‍ വരെ ഇന്ത്യന്‍ നിര്‍മിത ജി.പി.എസ് അവതരിപ്പിച്ച് ലോകത്തിന് മുന്നില്‍ സാങ്കേതിക മികവിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി നേടിയിരിക്കുന്നു ഇന്ത്യ. നാവിക് അഥവാ ഇന്ത്യന്‍ നിര്‍മിത ജി.പി.എസ് ആയിരിക്കും ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഉണ്ടായിരിക്കുക എന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇക്കഴിഞ്ഞ ദിവസം പറഞ്ഞു.

''ഇന്ത്യന്‍ നിര്‍മിത ഉപകരണങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ നാവികിന് കഴിയും. അല്ലെങ്കില്‍ ഇന്ത്യന്‍ നിര്‍മിത ചിപ്സെറ്റുകള്‍ വഴി ഇവിടെ നിര്‍മിക്കുന്ന 5G ഫോണുകള്‍ക്കെല്ലാം പിന്തുണ നല്‍കാന്‍ കഴിയും. 2025 ജനുവരി ഒന്നിനകം നാവിക് ഉപയോഗം നിര്‍ബന്ധമാക്കും. ഇത് ആ വര്‍ഷം മുഴുവന്‍ നീളുന്ന പ്രക്രിയയായിരിക്കും.'' അദ്ദേഹം വിശദമാക്കി.

എന്താണ് നാവിക്

ഇന്ത്യയുടെ 1500 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ കെല്‍പ്പുള്ളതാണ് ഈ ജി.പി.എസ്. എങ്കിലും ജീവിതത്തിന്റെ എല്ലാ മേഖലയിലും സഹായകമാകുന്ന തരത്തിലുള്ള  ശേഷിയോടെയാണ് നാവിക് വിന്യസിച്ചിട്ടുള്ളത്.

ഇപ്പോള്‍ മൊബൈല്‍ ഫോണിലും മറ്റും നമ്മള്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മിത ജി.പി.എസിന് പകരം ഇന്ത്യന്‍ നിര്‍മിത ജി.പി.എസ് വരുന്നത് മാത്രമല്ല ഇവിടെ നിർമിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലെല്ലാം അവ സജ്ജമാകുമെന്നത് വിപ്ലവകരമായ മാറ്റമായിരിക്കും. വെഹിക്ക്ള്‍ ട്രാക്കിംഗ് സംവിധാനത്തിനും 'മാപ് മൈ ഇന്ത്യ' പോലുള്ള ആപ്പുകളിലും നിലവില്‍ ഈ ജി.പി.എസ് ഉപയോഗിക്കുന്നു.

വെറുമൊരു ജി.പി.എസ് അല്ല 

ഫോണിലോ മറ്റുപകരണങ്ങളിലോ ഉപയോഗിക്കുന്ന വെറുമൊരു ജി.പി.എസ് മാത്രമല്ല ഇത്. എല്‍-5 ഫ്രീക്വന്‍സി ബാന്‍ഡിലാണ് നാവിക് പ്രവര്‍ത്തിക്കുന്നത്. ഇത് സൈനികര്‍ക്കു കൂടുതല്‍ വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ കൈമാറും. പ്രതികൂലമായ കാലാവസ്ഥയിൽ പോലും രാജ്യത്തിന്റെ തന്ത്ര പ്രധാനമേഖലകളിലെ വിവരങ്ങൾ സൈനികരിലേക്കെത്തും. ഇതേ ഗുണമാണ് ഐ ഫോണിൽ പോലും ഉപയോഗിക്കത്തക്ക കാര്യശേഷിയും ഇതിനു നൽകുന്നത്.  

Similar News