ക്രിയേറ്റര്‍മാക്ക് നേരിട്ട് പണം കിട്ടും: ഇന്‍സ്റ്റഗ്രാമില്‍ ഇനി കണ്ടന്റുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍
ഇന്‍സ്റ്റഗ്രാമിലൂടെ ക്രിയേറ്റര്‍മാക്ക് നേരിട്ട് പണം ലഭിക്കുന്ന രീതിയിലാണ് സംവിധാനം
എസ്‌ക്ലൂസീവ് കണ്ടന്റുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനുള്ള സൗകര്യവുമായി ഇന്‍സ്റ്റഗ്രാം. ക്രിയേറ്റര്‍മാര്‍ക്ക് ഫോളോവര്‍മാരില്‍ നിന്ന് കണ്ടന്റുകള്‍ക്ക് പണം വാങ്ങാനുള്ള ഒപ്ഷനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. നിലവില്‍ 10 അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ ഒപ്ഷന്‍ നല്‍കിയിരിക്കുന്നത്. വൈകാതെ, കൂടുതല്‍ ഫോളോവര്‍മാരുള്ള എല്ലാവരിലേക്കും എത്തിച്ചേരുമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള അറിയിപ്പുകള്‍.
മാസാന്ത സബ്‌സ്‌ക്രിപ്ഷനായി ക്രിയേറ്റര്‍മാര്‍ക്ക് 0.99 ഡോളര്‍ മുതല്‍ 99 ഡോളര്‍ വരെ നിരക്ക് ഏര്‍പ്പെടുത്താം. ഇത് പൂര്‍ണമായും ക്രിയേറ്റര്‍ക്ക് തന്നെ ലഭിക്കും. ഒരു വര്‍ഷക്കാലത്തേക്ക് ഇതില്‍ നിന്ന് ഇന്‍സ്റ്റഗ്രാം ഒന്നും ഈടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് സിഇഒ ആദം മസോരി വ്യക്തമാക്കിയത്.
ഈ ഒപ്ഷന്‍ ലഭിക്കുന്നവര്‍ക്ക് മെസേജ്, ഇ-മെയില്‍, കോണ്ടാക്ട് തുടങ്ങിയ ബട്ടണുകള്‍ക്ക് സമാനമായി 'സബ്‌സ്‌ക്രൈബ്' ബട്ടന്‍ കൂടി പ്രൊഫൈലില്‍ ഉള്‍പ്പെടുത്താനാവും. സബ്‌സ്‌ക്രൈബ് ചെയ്യുന്ന യൂസര്‍ക്ക്, സബ്‌സ്‌ക്രൈബര്‍ ബാഡ്ജ് ലഭിക്കും. ഡയരക്ട് മെസേജ് ചെയ്യുന്ന സമയത്തും കമന്റ് ചെയ്യുന്ന സമയത്തും യൂസറുടെ പേരിന്റെ കൂടെ ഈ ബാഡ്ജ് കൂടി കാണിക്കും. സബ്‌സ്‌ക്രൈബര്‍സ് ഒണ്‍ലി സ്‌റ്റോറികളും എക്‌സ്‌ക്ലൂസീവ് ലൈവുകളും കാണാമെന്ന പ്രത്യേകതയുമുണ്ട്.
തുക മുഴുവനും ക്രിയേറ്റര്‍മാര്‍ക്ക്
തുക നിശ്ചയിക്കുന്നതും വാങ്ങുന്നതും ക്രിയേറ്റര്‍മാരാണെന്നതാണ് ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്റെ പ്രത്യേകത. നെറ്റ്ഫ്‌ളിക്‌സ് പോലുള്ളവയില്‍ കണ്ടന്റുകള്‍ കമ്പനി തന്നെ നേരിട്ട് വാങ്ങി സബ്‌സ്‌ക്രിപ്ഷന്‍ കൊടുക്കുന്ന രീതിയാണല്ലോ. എന്നാല്‍ ഓരോ ക്രിയേറ്റര്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം സബ്‌സ്‌ക്രിപ്ഷന്‍ കൊടുക്കാനാവുന്ന പുത്തന്‍ സ്ട്രാറ്റജിയാണ് ഇന്‍സ്റ്റഗ്രാം പയറ്റുന്നത്.
എന്താണ് പുതിയ സ്ട്രാറ്റജി?
സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുന്നതോടെ, ഫോളോവര്‍മാരെ കൂടുതല്‍ അടുപ്പിക്കാനും വരുമാനമുണ്ടാക്കാനും ഇന്‍സ്റ്റഗ്രാമിലൂടെ ക്രിയേറ്റര്‍മാര്‍ ഗുണനിലവാരമുള്ള കണ്ടന്റുകള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥായിയായ വരുമാനം ഉണ്ടാകുന്നതിലൂടെ ക്രിയേറ്റര്‍മാര്‍ ഇന്‍സ്റ്റഗ്രാമില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തും.
ഉഗ്രന്‍ കണ്ടന്റുകള്‍ പിറക്കുകയും കൂടുതല്‍ കൂടുതല്‍ ക്രിയേറ്റര്‍മാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഒപ്ഷന്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ഇപ്പോള്‍ ഇതില്‍ നിന്ന് ഒരു വിഹിതവും കൈപ്പറ്റില്ലെങ്കിലും അടുത്തവര്‍ഷം അതേപ്പറ്റി ആലോചിക്കുമെന്ന സൂചന ഇന്‍സ്റ്റഗ്രാം നല്‍കിയിട്ടുണ്ട്. വലിയ പിന്തുണ ലഭിച്ചാല്‍ സബ്‌സ്‌ക്രിപ്ഷന്‍ വിഹിതത്തിലൂടെ ഇന്‍സ്റ്റഗ്രാമിനും വലിയ നേട്ടമുണ്ടാക്കാനാവും.