കുടുംബങ്ങൾക്കായി ജിയോയുടെ പുതിയ പോസ്റ്റ്‍പെയ്ഡ് പ്ലാൻ

ലക്ഷ്യം എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ ഉപയോക്താക്കള്‍

Update:2023-03-15 10:55 IST

image: @canva

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ കുടുംബങ്ങൾക്കായി പുതിയ പോസ്റ്റ്-പെയ്ഡ് പ്‌ളാനുകള്‍ പുറത്തിറക്കി. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ (വി) എന്നിവയുടെ പ്രീമിയം പോസ്റ്റ്-പെയിഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ശരാശരി ഉപയോക്തൃവരുമാനം (എ.ആര്‍.പി.യു) മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.

പ്‌ളാന്‍ 299 രൂപ മുതല്‍  
299 രൂപ മുതലുള്ള വ്യക്തിഗത പോസ്റ്റ്-പെയിഡ് പ്‌ളാനും 399 രൂപമുതലുള്ള ഫാമിലി പോസ്റ്റ്-പെയിഡ് പ്‌ളാനുമാണ് ജിയോ അവതരിപ്പിച്ചത്. സെക്യൂരിറ്റി-ഡെപ്പോസിറ്റൊന്നുമില്ലാതെ, ഒരുമാസത്തെ സൗജന്യ ട്രയല്‍ ആനുകൂല്യത്തോടെ മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ജിയോയിലേക്ക് മൊബൈല്‍നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള അവസരവും നല്‍കുന്നുണ്ട്.
ഒന്നിന് 99 രൂപ നിരക്കില്‍ അധികമായി മൂന്ന് സിമ്മുകള്‍ കൂടി ചേര്‍ക്കാവുന്ന സൗകര്യം, നമ്പര്‍ സ്വയം തിരഞ്ഞെടുക്കാനുള്ള സൗകര്യം, അന്താരാഷ്ട്ര വിമാനസര്‍വീസുകളില്‍ ഇന്‍-ഫ്‌ളൈറ്റ് കണക്ടിവിറ്റി, 129 രാജ്യങ്ങളില്‍ റോമിംഗ് പ്‌ളാന്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും 999 രൂപവരെയുള്ള ഫാമിലി പ്‌ളാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
വരുമാനം ഉയര്‍ത്തുക ലക്ഷ്യം 
ഉപയോക്താക്കളുടെ എണ്ണത്തിനൊപ്പം അവരില്‍ നിന്നുള്ള ശരാശരി വരുമാനം (എ.ആര്‍.പി.യു) കൂട്ടുകയുമാണ് പുതിയ പ്‌ളാനിലൂടെ ജിയോ ഉന്നമിടുന്നത്. നിലവില്‍ എയര്‍ടെലിന്റെ ഉപയോക്താക്കളില്‍ 6 ശതമാനമാണ് പോസ്റ്റ്-പെയിഡ് വരിക്കാര്‍. വിയുടെ  ഉപയോക്താക്കളില്‍ പോസ്റ്റ്-പെയിഡ് കണക്ഷനുളളത് 10 ശതമാനം പേര്‍ക്ക്. ജിയോയില്‍ വിഹിതം 5 ശതമാനത്തിനടുത്ത് മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഈ വിഭാഗം ഉപയോക്താക്കളുടെ എണ്ണം കൂട്ടുന്നത് ലക്ഷ്യമിട്ട് പുത്തന്‍ പ്‌ളാനുകള്‍ പുറത്തിറക്കിയത്. കഴിഞ്ഞ ഡിസംബര്‍പാദ കണക്കുപ്രകാരം ഏറ്റവും ഉയര്‍ന്ന എ.ആര്‍.പി.യു എയര്‍ടെല്ലിനാണ്, 193 രൂപ. ജിയോയുടേത് 178.2 രൂപ. വിയുടെ എ.ആര്‍.പി.യു 135 രൂപ.
Tags:    

Similar News